വക്കീലാണ്..ദേ കോട്ട് കണ്ടാ..
നിയമോന്നറിയേല. എന്നാലും വാദിക്കും...
സത്യംമാത്രേ പറയൂ.
.സത്യമല്ലാതൊന്നും നിങ്ങളോട് പറയേംഇല്ല

Wednesday 3 August 2011


ബ്രഹ്മര്യചര്യം പോലെ
പീഡനചര്യ വ്രതവും


"മനുഷ്യന് ഏറ്റവും പ്രയാസമായ വ്രതം ബ്രഹ്മചര്യവ്രതമാണ്. അത് എത്രമേല്‍ പ്രയാസമുളളതാണെന്ന് അത് അനുഭവിച്ചവര്‍ മാത്രമേ അറിയുകയുള്ളൂ. അതുകൊണ്ട് അത് തുടര്‍ന്നുപോകാന്‍ സാധിക്കുകയില്ലെന്ന് എപ്പോള്‍ മനുഷ്യന്‍ കാണുന്നുവോ അപ്പോള്‍ വിവാഹം കഴിച്ചുകൊള്ളേണ്ടതാണ്''-തന്റെ ബ്രഹ്മചര്യത്തിന് ഒരിക്കലും ഭംഗം വരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന സാക്ഷാല്‍ ശ്രീനാരായണഗുരുവിന്റെ സന്ദേശമാണിത്.


ബ്രഹ്മചര്യവ്രതം ജീവിതത്തിന്റെ പൂര്‍ണ്ണതയോളം എത്തിച്ച അവസാന വ്യക്തി ശ്രീനാരായണ ഗുരുതന്നെയാണ്. വ്രത കാഠിന്യം എത്രത്തോളം വലുതാണെന്ന് ഗുരു തന്നെ ചൂണ്ടിക്കാട്ടിയതിനാല്‍ ബ്രഹ്മചാരികള്‍ വിവാഹം കഴിച്ചില്ലെങ്കിലും വികാരം ശമിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇക്കാലത്ത് ഒട്ടനവധി സ്വാമിമാരെ ഫ്ളാറ്റുകളില്‍ നിന്നും ആശ്രമങ്ങളില്‍ നിന്നും കയ്യോടെ പിടികൂടിയത് ഇക്കാര്യം ഉറപ്പിക്കുകയാണ്. സിനിമാ നടികളും ഒന്നാംതരം വീട്ടമ്മമാരും സ്വാമീപൂജക്ക് പുഷ്പമായി തീര്‍ന്നതും കണ്ടു.




സ്വാമിമാര്‍ മാത്രമല്ല, നാനാമതസ്തരും ഇക്കാര്യത്തില്‍ ഗുരുവിനെ അനുസരിച്ചു. വിവാഹം കഴിക്കുക മാത്രമല്ല, എന്നിട്ടും വികാരം തീരാതെ മറുവഴികള്‍ തേടി. ബ്രഹ്മചര്യം പോലെ മഹത്തരമാണ് 'ലൈംഗിക-പീഡനചര്യ വ്രതവുമെന്ന് ഇക്കൂട്ടര്‍ കണ്ടെത്തി. അവരെ ശശിയെന്നോ ഗോപിയെന്നോ അസീസെന്നോ ജോസഫെന്നോ എന്തുവേണെങ്കിലും വിളിക്കാം. 'കണ്ണൂര്‍ കോട്ടമുറി'ച്ചും 'വിമാനയാത്രചെയ്തും പാട്ടുപാടി'യും 'ദയ'യോടെ ആശുപത്രി നടത്തിയുമെല്ലാം ഇവര്‍ ബ്രഹ്മചര്യ വ്രതം  ആവര്‍ത്തിച്ച് ഉപേക്ഷിച്ചവരാണ്.




സഖാക്കളുടെ സഖിമാരെതന്നെ നോട്ടമെറിഞ്ഞ് കണ്ണൂരിലെ വ്രതമുടക്കി ഇപ്പോള്‍ വക്കീല്‍ കോട്ടിനുള്ളിലേക്ക് ഒതുങ്ങി. അതിനും കഴിയാത്തവിധം നിയമോം പിന്നാലെ കൂടിയെന്നത് ഗുരുത്വദോഷം. എറണാകുളത്ത് ഒരു വക്കീലമ്മ 'കോട്ട'വാതിലും കടന്ന് 'മുറി'ക്കകത്തുകയറിയോതെ മറ്റൊരു സഖാവിനും പണികിട്ടി. വിമാനത്തിലിരുന്ന് കൈയ്യുംകാലും നീട്ടിയതിനാണ് ഒരിക്കല്‍ മന്ത്രിപ്പണി പോയത്. അതിന്റെ പുകില് തീര്‍ത്ത് മന്ത്രിക്കസേരയില്‍ ഇരുപ്പുറപ്പിച്ചതോടെ അടുത്ത പൊല്ലാപ്പ്. ഒടുവില്‍ ഒരു എസ്.എം.എസ്സും. ആശുപത്രിയിലെ 'വെടിപ്പുര'യില്‍ വലുതും ചെറുതും നേര്‍ന്ന് കഴിഞ്ഞുകൂടിയ ഡോക്ടര്‍ക്ക് 'അനധികൃതമായി' മകളുണ്ടായപ്പോള്‍ അത് പൊല്ലാപ്പായി. പിന്നാലെ, ആശുപത്രി ജീവനക്കാരും പീഡനത്തിന് രോഗികളെയും ഇരകളാക്കി.


കുറ്റം ചെയ്യുന്നവരുടെ മടിയിലെ കനം പോലെയിരിക്കും സംഭവം പുറത്തുവരുന്നത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും ദൃശ്യ-അച്ചടി മാധ്യമങ്ങളുടെ മല്‍സരവും കൂടിയാകുമ്പോള്‍ ചിലത് ആഘോഷമാകും. കാശുള്ളവന്‍ ഇങ്ങോട്ട് സമീപിച്ചാല്‍ സംഭവം തന്നെ ഇല്ലാതാക്കാന്‍ കഴിയും. പുറംലോകം അറിയാതെ കാര്യം മുക്കാന്‍ മല്‍സരമായിരിക്കും. പോലീസ് അവരുടെ വക. പത്രക്കാര്‍ അവരുടെ വക. മേപ്പടി പറഞ്ഞ ഡോക്ടറെ സ്ത്രീപീഡനകേസില്‍ പോലീസ് അറസ്റ്റുചെയ്ത വാര്‍ത്ത ഒരു പത്രത്തിലും കണ്ടില്ല. ആശുപത്രിയിലെ പുരുഷ നഴ്സ് രോഗിയെ മാനഭംഗപ്പെടുത്തിയെന്ന സംഭവം കത്തിയാളിനില്‍ക്കേയാണ് നേരത്തെ നടന്ന ലൈംഗികാരോപണ കേസില്‍ എം.ഡികൂടിയായ ഡോക്ടര്‍ അറസ്റ്റിലാവുന്നതെന്നോര്‍ക്കണം.




പീഡന പശ്ചാത്തലത്തില്‍ ആശുപത്രിക്കുനേരെ കൊലവിളി നടത്തിയ ബി.ജെ.പിയുടെ നേതാവ് 25 ലക്ഷമാണ് സമരമൊതുക്കാന്‍ കോഴ ചോദിച്ചതത്രെ. പാര്‍ട്ടിയിലെ ഗ്രൂപ്പുപോരുമൂലം സംഭവം ചര്‍ച്ചയായി. നേതാവിനെ പുറത്താക്കി സ്വയം മുഖം രക്ഷിക്കാന്‍ നോക്കിയെങ്കിലും അല്ലറചില്ലറ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. എം.ഡിയുടെ അറസ്റ്റു വാര്‍ത്ത ഒതുക്കാന്‍ ഇത്രയും തുക തന്നെ ഓരോ പത്രമാപ്പീസുകളിലും എത്തിയെന്നാണ് പുതിയ ആരോപണം. പറവൂര്‍ പെണ്‍വാണിഭ കേസില്‍ ജലീല്‍ എന്നയാള്‍ അറസ്റ്റിലായ വാര്‍ത്ത ആഘോഷിച്ചവര്‍, സമാനമായ മറ്റൊരു  പീഡനകേസില്‍ അസീസ് അറസ്റ്റിലായത് അറിഞ്ഞില്ലെന്ന് പറയുമ്പോഴുള്ള വേര്‍തിരിവാണ് വക്കീലാനറിയാമോ?.


പീഡനക്കഥ പുറത്തറിയുകയോ അറിയാതിരിക്കുകയോ ചെയ്യുന്നതിലല്ല കാര്യം. പീനനം നടത്തുന്നതിലാണ്. മകളെ ലൈംഗിക കമ്പോളത്തിലിറക്കുന്ന അച്ഛന്‍, മകളുടെ പ്രായമുള്ള പെണ്‍കുട്ടികളെ വമ്പന്‍മാര്‍ക്കുമുന്നിലെത്തിച്ച് പണം വാങ്ങുന്ന അമ്മമാര്‍, സഹപാഠിയെ വശത്താക്കി ലൈംഗിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കൌമാരക്കാര്‍... ഭക്തരുടെ കാലം അങ്ങനെയാണ്. ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് സാക്ഷാല്‍ ഗുരുപോലും പ്രയാസപ്പെട്ടാണ് ബ്രഹ്മചര്യവ്രതത്തില്‍ ഏര്‍പ്പെട്ടത്. വ്രതം നിലനിര്‍ത്താന്‍ അദ്ദേഹം ശിവസ്തുതിക്കായി കുറിച്ചിട്ട 'ശിവശതക'ത്തിലും ആ വേദന എടുത്തുപറയുന്നുണ്ട്.


'മിഴുമുനകൊണ്ടു മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാര്‍തന്‍
വഴികളിലിട്ടു വലയ്ക്കൊലാ മഹേശ്വാ'.
'തലമുടി കോതി മുടിഞ്ഞു തക്കയിട്ട
-ക്കൊലമദയാന കുലുങ്ങി വന്നുകൊമ്പും
തലയുമുയര്‍ത്തി വിയത്തില്‍ നോക്കി നില്‍ക്കും
മുലകളുമെന്നെ വലക്കൊലാ മഹേശ്വാ'.
'സ്ത്രീ സംഗമം കൊണ്ട് ഗതികെട്ടുപോകാന്‍
അടിയനു സംഗതിയാവരുതേ'.
'കാമദേവന്റെ ശരങ്ങള്‍ ഏറ്റുണ്ടാകുന്ന
സങ്കടം സഹിക്കാന്‍ ഒരു
നിമിഷംപോലും എന്നെ അയക്കരുതേ'.
കാമദേവന്റെ വിക്രിയകള്‍ എന്റെ മനസ്സില്‍ നിന്ന്
ഒടിച്ച് നീ അവിടെ കുടികൊള്ളണം'.
'സുന്ദരിയോട് ഒത്ത് ഓടിക്കളിച്ച്
വലയുന്നതിന് ഇത്തിരി നേരവും
ചിന്തിക്കാന്‍ ഇട തരാതെ
എന്റെ മനസ്സ് നിന്തിരുവടിയോട് ചേര്‍ക്കണം'.




ശ്രീനാരായണ ഗുരുവിന്റെ കാര്യം അങ്ങനെ. കൈക്കൂലി കൊടുത്തിട്ടല്ല മേനക വിശ്വാമിത്ര മഹര്‍ഷിയുടെ തപസ്സിളക്കിയത്. ആ കാലഘട്ടം കഴിഞ്ഞു. അതിലും വലിയ ആത്മീക കാലഘട്ടമാണിപ്പോള്‍. ദൈവങ്ങളുടെ സ്വന്തം നാട്ടില്‍ മനുഷ്യദൈവങ്ങളും ഭക്തരും മല്‍സരിച്ച് വാണിഭത്തിലേര്‍പ്പെടുന്നു. 


വാണിഭക്കാര്‍ക്ക് വേണ്ടി വക്കീലാന്‍ 
അവതരിച്ചിരിക്കുമ്പോള്‍ എന്തിന് ഭയക്കണം.

1 comment:

  1. കണ്ണൂരിലെ വ്രതമുടക്കി ഇപ്പോള്‍ വക്കീല്‍ കോട്ടിനുള്ളിലേക്ക് ഒതുങ്ങി. അതിനും കഴിയാത്തവിധം നിയമോം പിന്നാലെ കൂടിയെന്നത് ഗുരുത്വദോഷം. എറണാകുളത്ത് ഒരു വക്കീലമ്മ 'കോട്ട'വാതിലും കടന്ന് 'മുറി'ക്കകത്തുകയറിയോതെ മറ്റൊരു സഖാവിനും പണികിട്ടി.

    ReplyDelete