വക്കീലാണ്..ദേ കോട്ട് കണ്ടാ..
നിയമോന്നറിയേല. എന്നാലും വാദിക്കും...
സത്യംമാത്രേ പറയൂ.
.സത്യമല്ലാതൊന്നും നിങ്ങളോട് പറയേംഇല്ല

Saturday 30 July 2011


മൂന്നാമത്തെ പെഗ്ഗില്‍ ഐസ്ക്യൂബ്
ഇടരുത്; വക്കീലാന്‍ സ്ഥലത്തില്ല


മൂന്നാമത്തെ പെഗ്ഗില്‍ ഐസ് ക്യൂബ് വീഴും മുമ്പ് ജഗന്‍നാഥന്‍ അവിടെ എത്തിയിരിക്കും. പ്രതിസന്ധി ഘട്ടങ്ങളില്‍ ജഗന്നെ വിളിച്ചാല്‍ രക്ഷയൊന്നുമില്ല, പുതിയ അവതാരമായി വക്കീലാനുണ്ട്. മൂന്നാമത്തെ പെഗ്ഗില്‍ ഐസിടുംമുമ്പ് മുന്നിലെത്താന്‍ പക്ഷെ, വക്കീലാന്‍ സ്ഥലത്തില്ലെന്ന് എക്സൈസ് മന്ത്രി ഓര്‍ക്കണം. അളവ് തെറ്റിച്ചതിന്റെ ഫലമാണല്ലോ മന്ത്രിക്കിപ്പോള്‍ മദ്യം വിളമ്പല്‍ നയം തിരുത്തേണ്ട അവസ്ഥയുണ്ടായത്. മദ്യം വിളമ്പല്‍ നയമുള്‍പ്പടെയുള്ള ഏത് നിയമ കാര്യമായാലും ഒന്നുകുത്തിയാല്‍ വക്കീലാന്‍ ഫോണെടുക്കുമായിരുന്നു. മന്ത്രിക്കീവക തന്ത്രങ്ങളറിയേണ്ടേ. മന്ത്രിക്കസേരയില്‍ പിടിച്ചിരുത്തിയാലും പോര...പണിയും പറഞ്ഞുതരണമോ ചങ്ങാതീീീീ...


ഘടകകക്ഷി വട്ടമേശയിലോ പ്രദേശ് കോണ്‍മേശയിലോ വിളമ്പാത്ത നയം ജനങ്ങളില്‍ കിക്കുണ്ടാക്കുമോ? എരുവുള്ള തൊടു കറികളോടെ വീണ്ടും വിളമ്പി നോക്ക് അപ്പോഴറിയാം അതിന്റെ വീര്യം. വക്കീലാന്‍ മദ്യം കൈകൊണ്ട് തൊടീലല്ലട്ടോ. ആളൊരു സത്യക്രിസ്ത്യാനിയാ. മദ്യം കൈവിരല്‍ കൊണ്ട് പുറത്തേക്ക് മൂന്നുതുള്ളി തെറിപ്പിക്കുന്ന പ്രവണ പൊതുവെ ഹൈന്ദവര്‍ക്കിടയിലാണ്.
വിശുദ്ധമുറിയില്‍ വീഞ്ഞുണ്ടാക്കി കുടിക്കുന്നവരും കള്ളുംതവിടും കഞ്ചാവും ദൈവങ്ങള്‍ക്കെന്ന പേരില്‍  'വീതു'വക്കുകയും ശേഷം അകത്താക്കുകയും ചെയ്യുന്നവരുമാണ് പ്രത്യക്ഷത്തില്‍ കള്ളു നയത്തിനെതിരെയുള്ളത്. മദ്യപാനികളുണ്ടാക്കുന്ന നയത്തിന് വീര്യം കൂടുമെന്നത് പൊതുമതം. മദ്യവിരുദ്ധര്‍ക്ക് വീര്യമില്ലെന്നതാണ് മദ്യനിരോധനത്തിന് വേഗമില്ലാത്തതിന് കാരണവും. മദ്യമുണ്ടായാലെ മദ്യവിരുദ്ധ പ്രസ്ഥാനമുണ്ടാകൂവെന്നതാണ് നഗ്നസത്യം. 


സര്‍വോദയമണ്ഡലം എന്ന ഗാന്ധി മാര്‍ഗ പ്രസ്ഥാനം പുറത്തുവിട്ട പ്രസ്താവനയില്‍ ഒരു ആവശ്യം എടുത്തുപറയുന്നുണ്ട്. നിലവിലുള്ള പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ ആക്കണമെന്നാണത്. ബാറിന്റെ പ്രവര്‍ത്തന സമയം ഒരുമണിക്കൂര്‍ നേരത്തെ അവസാനിപ്പിക്കണമത്രെ. ബാറുകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം പ്രസ്താവനയില്‍ കണ്ടില്ലെന്ന് കരുതി ഇവരെ അവിശ്വസിക്കരുത്. പഴയ ബാറുകള്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഇവര്‍ പുതിയ ബാറുകള്‍കൂടി അനുവദിച്ച് പണി കൂട്ടരുതെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്.




ഇതിനുതൊട്ടുപിറകെ മദ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ മൊത്തക്കച്ചവടക്കാരായ കെ.സി.ബി.സിയുടെ തൃശൂര്‍ അതിരൂപത ഘടകം സമാന പ്രമേയം അവതരിപ്പിച്ചു. ഒരു വ്യത്യാസം മാത്രം. രാവിലെ എട്ടുമുതല്‍ വൈകുന്നേരം എട്ടുവരെ ബാറുകള്‍ പ്രവര്‍ത്തിക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഗാന്ധി മാര്‍ഗക്കാരേക്കാള്‍ രണ്ടുമണിക്കൂര്‍ മുമ്പേ പ്രവര്‍ത്തിക്കണം. നിലവിലുളള സമയത്തേക്കാള്‍ ഒരുമണിക്കൂര്‍ നേരത്തെ അടച്ചാല്‍ മതിയത്രെ. ബാറുടമകളിധികംപേരുടെയും വക്താക്കള്‍ പിന്നെന്തുതീരുമാനിക്കാന്‍. അമിതമായി മദ്യപിക്കുന്നവരെ ചികില്‍സിക്കാന്‍ സര്‍ക്കാര്‍ സഹായവും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. അതിനുമുണ്ട് മേപ്പടി കാരണം.




ഒരു പ്രസ്താവനയെങ്കിലും കൊടുത്തില്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ അമമരത്തിരിക്കാന്‍ യോഗ്യതയുണ്ടാവില്ലെന്ന് കരുതിയിട്ടാവണം, നാഷ്ണലിസ്റ്റ് മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും ഇറക്കിയൊന്ന്. അവരുടെ ആവശ്യം ബാറുകളുടെ പ്രവര്‍ത്തനസമയം, രാവിലെ 10 മുതല്‍ രാത്രി ഏഴുവരെ മതിയെന്നാണ്. ഈ സമയങ്ങളില്‍ ബാറില്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനം വേണമെന്ന് കുടിയന്‍മാരോടുള്ള സ്നേഹാത്മക ആവശ്യവും ഇവരുടെ ഭാഗത്തുനിന്നുണ്ടായി.

കെട്ടിറങ്ങാന്‍ അതിരാവിലെ പ്രയാസ്സപ്പെടുന്ന വോട്ടര്‍മാരെ സഹായിക്കാന്‍ എക്സൈസ് വകുപ്പ് മന്ത്രി ഒരു നയം വാറ്റിയെടുത്തതില്‍ ലീഗും ബേജാറായിരിക്കുകയാണ്. ചാലക്കുടിക്കും കരുനാഗപ്പിള്ളിക്കും ഒപ്പമെത്തിയില്ലെങ്കിലും മദ്യവില്‍പ്പന വരുമാനത്തില്‍ മലപ്പുറം ജില്ല മോശമൊന്നുമല്ല. ഇവിടെ ഈവഹ വരുമാനത്തില്‍ കുറവുവരുന്ന മാസത്തിന്റെ പിറവി ഉടന്‍കാണുമെന്നിരിക്കെ ലീഗിന്റെ ചെറിയൊരു പ്രതിഷേധമെങ്കിലും വകുപ്പുമന്ത്രിയോടറിയിക്കേണ്ടേ...




എല്ലാവരുടെ പ്രതിഷേധംകൂടി തലക്കടിച്ചതോടെ മത്തായ പോലെയാണ് വകുപ്പ് മന്ത്രി. ബാര്‍ പ്രവര്‍ത്തന സമയം സംബന്ധിച്ചാണെങ്കില്‍ ആകെപ്പാടെ കണ്‍ഫ്യൂഷനും. പ്രസ്താവനകളിലോരോന്നിലും ഓരോ സമയം പറഞ്ഞാല്‍ 24 മണിക്കൂറും പ്രവര്‍ത്തനത്തിന് അനുമതി കൊടുക്കേണ്ട അവസ്ഥ. ഇനിയിപ്പോ ഏതെങ്കിലും ഒരാളുടെ ആവശ്യം നിറവേറ്റിയാല്‍ അതും പ്രശ്നമാകും. ബാറുടമകള്‍ക്ക് മുന്‍തൂക്കമുള്ള കെ.സി.ബി.സിക്കാര്‍ പറയുന്ന എട്ടുമുതല്‍ എട്ടുവരെ എന്നാക്കിയാല്‍ ഏറെക്കുറെ എളുപ്പമാകും.






ലീഗായാലും വകുപ്പ് മന്ത്രിയായാലും കെ.പി.സി.സിയിലെ പ്രതിഷേധികളായാലും ആര്‍ക്കുംവേണ്ടി എങ്ങനെവേണമെങ്കിലും വാദിക്കാന്‍ ഈ വക്കീലാന്‍ റെഡിയാണ്.




സിറ്റിങ് ഒന്നിന് ബക്കാഡി ഫുള്‍. അതും ഓറഞ്ചിന്റെ...



No comments:

Post a Comment