വക്കീലാണ്..ദേ കോട്ട് കണ്ടാ..
നിയമോന്നറിയേല. എന്നാലും വാദിക്കും...
സത്യംമാത്രേ പറയൂ.
.സത്യമല്ലാതൊന്നും നിങ്ങളോട് പറയേംഇല്ല

Saturday 30 July 2011


മൂന്നാമത്തെ പെഗ്ഗില്‍ ഐസ്ക്യൂബ്
ഇടരുത്; വക്കീലാന്‍ സ്ഥലത്തില്ല


മൂന്നാമത്തെ പെഗ്ഗില്‍ ഐസ് ക്യൂബ് വീഴും മുമ്പ് ജഗന്‍നാഥന്‍ അവിടെ എത്തിയിരിക്കും. പ്രതിസന്ധി ഘട്ടങ്ങളില്‍ ജഗന്നെ വിളിച്ചാല്‍ രക്ഷയൊന്നുമില്ല, പുതിയ അവതാരമായി വക്കീലാനുണ്ട്. മൂന്നാമത്തെ പെഗ്ഗില്‍ ഐസിടുംമുമ്പ് മുന്നിലെത്താന്‍ പക്ഷെ, വക്കീലാന്‍ സ്ഥലത്തില്ലെന്ന് എക്സൈസ് മന്ത്രി ഓര്‍ക്കണം. അളവ് തെറ്റിച്ചതിന്റെ ഫലമാണല്ലോ മന്ത്രിക്കിപ്പോള്‍ മദ്യം വിളമ്പല്‍ നയം തിരുത്തേണ്ട അവസ്ഥയുണ്ടായത്. മദ്യം വിളമ്പല്‍ നയമുള്‍പ്പടെയുള്ള ഏത് നിയമ കാര്യമായാലും ഒന്നുകുത്തിയാല്‍ വക്കീലാന്‍ ഫോണെടുക്കുമായിരുന്നു. മന്ത്രിക്കീവക തന്ത്രങ്ങളറിയേണ്ടേ. മന്ത്രിക്കസേരയില്‍ പിടിച്ചിരുത്തിയാലും പോര...പണിയും പറഞ്ഞുതരണമോ ചങ്ങാതീീീീ...


ഘടകകക്ഷി വട്ടമേശയിലോ പ്രദേശ് കോണ്‍മേശയിലോ വിളമ്പാത്ത നയം ജനങ്ങളില്‍ കിക്കുണ്ടാക്കുമോ? എരുവുള്ള തൊടു കറികളോടെ വീണ്ടും വിളമ്പി നോക്ക് അപ്പോഴറിയാം അതിന്റെ വീര്യം. വക്കീലാന്‍ മദ്യം കൈകൊണ്ട് തൊടീലല്ലട്ടോ. ആളൊരു സത്യക്രിസ്ത്യാനിയാ. മദ്യം കൈവിരല്‍ കൊണ്ട് പുറത്തേക്ക് മൂന്നുതുള്ളി തെറിപ്പിക്കുന്ന പ്രവണ പൊതുവെ ഹൈന്ദവര്‍ക്കിടയിലാണ്.
വിശുദ്ധമുറിയില്‍ വീഞ്ഞുണ്ടാക്കി കുടിക്കുന്നവരും കള്ളുംതവിടും കഞ്ചാവും ദൈവങ്ങള്‍ക്കെന്ന പേരില്‍  'വീതു'വക്കുകയും ശേഷം അകത്താക്കുകയും ചെയ്യുന്നവരുമാണ് പ്രത്യക്ഷത്തില്‍ കള്ളു നയത്തിനെതിരെയുള്ളത്. മദ്യപാനികളുണ്ടാക്കുന്ന നയത്തിന് വീര്യം കൂടുമെന്നത് പൊതുമതം. മദ്യവിരുദ്ധര്‍ക്ക് വീര്യമില്ലെന്നതാണ് മദ്യനിരോധനത്തിന് വേഗമില്ലാത്തതിന് കാരണവും. മദ്യമുണ്ടായാലെ മദ്യവിരുദ്ധ പ്രസ്ഥാനമുണ്ടാകൂവെന്നതാണ് നഗ്നസത്യം. 


സര്‍വോദയമണ്ഡലം എന്ന ഗാന്ധി മാര്‍ഗ പ്രസ്ഥാനം പുറത്തുവിട്ട പ്രസ്താവനയില്‍ ഒരു ആവശ്യം എടുത്തുപറയുന്നുണ്ട്. നിലവിലുള്ള പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ ആക്കണമെന്നാണത്. ബാറിന്റെ പ്രവര്‍ത്തന സമയം ഒരുമണിക്കൂര്‍ നേരത്തെ അവസാനിപ്പിക്കണമത്രെ. ബാറുകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം പ്രസ്താവനയില്‍ കണ്ടില്ലെന്ന് കരുതി ഇവരെ അവിശ്വസിക്കരുത്. പഴയ ബാറുകള്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഇവര്‍ പുതിയ ബാറുകള്‍കൂടി അനുവദിച്ച് പണി കൂട്ടരുതെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്.




ഇതിനുതൊട്ടുപിറകെ മദ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ മൊത്തക്കച്ചവടക്കാരായ കെ.സി.ബി.സിയുടെ തൃശൂര്‍ അതിരൂപത ഘടകം സമാന പ്രമേയം അവതരിപ്പിച്ചു. ഒരു വ്യത്യാസം മാത്രം. രാവിലെ എട്ടുമുതല്‍ വൈകുന്നേരം എട്ടുവരെ ബാറുകള്‍ പ്രവര്‍ത്തിക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഗാന്ധി മാര്‍ഗക്കാരേക്കാള്‍ രണ്ടുമണിക്കൂര്‍ മുമ്പേ പ്രവര്‍ത്തിക്കണം. നിലവിലുളള സമയത്തേക്കാള്‍ ഒരുമണിക്കൂര്‍ നേരത്തെ അടച്ചാല്‍ മതിയത്രെ. ബാറുടമകളിധികംപേരുടെയും വക്താക്കള്‍ പിന്നെന്തുതീരുമാനിക്കാന്‍. അമിതമായി മദ്യപിക്കുന്നവരെ ചികില്‍സിക്കാന്‍ സര്‍ക്കാര്‍ സഹായവും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. അതിനുമുണ്ട് മേപ്പടി കാരണം.




ഒരു പ്രസ്താവനയെങ്കിലും കൊടുത്തില്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ അമമരത്തിരിക്കാന്‍ യോഗ്യതയുണ്ടാവില്ലെന്ന് കരുതിയിട്ടാവണം, നാഷ്ണലിസ്റ്റ് മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും ഇറക്കിയൊന്ന്. അവരുടെ ആവശ്യം ബാറുകളുടെ പ്രവര്‍ത്തനസമയം, രാവിലെ 10 മുതല്‍ രാത്രി ഏഴുവരെ മതിയെന്നാണ്. ഈ സമയങ്ങളില്‍ ബാറില്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനം വേണമെന്ന് കുടിയന്‍മാരോടുള്ള സ്നേഹാത്മക ആവശ്യവും ഇവരുടെ ഭാഗത്തുനിന്നുണ്ടായി.

കെട്ടിറങ്ങാന്‍ അതിരാവിലെ പ്രയാസ്സപ്പെടുന്ന വോട്ടര്‍മാരെ സഹായിക്കാന്‍ എക്സൈസ് വകുപ്പ് മന്ത്രി ഒരു നയം വാറ്റിയെടുത്തതില്‍ ലീഗും ബേജാറായിരിക്കുകയാണ്. ചാലക്കുടിക്കും കരുനാഗപ്പിള്ളിക്കും ഒപ്പമെത്തിയില്ലെങ്കിലും മദ്യവില്‍പ്പന വരുമാനത്തില്‍ മലപ്പുറം ജില്ല മോശമൊന്നുമല്ല. ഇവിടെ ഈവഹ വരുമാനത്തില്‍ കുറവുവരുന്ന മാസത്തിന്റെ പിറവി ഉടന്‍കാണുമെന്നിരിക്കെ ലീഗിന്റെ ചെറിയൊരു പ്രതിഷേധമെങ്കിലും വകുപ്പുമന്ത്രിയോടറിയിക്കേണ്ടേ...




എല്ലാവരുടെ പ്രതിഷേധംകൂടി തലക്കടിച്ചതോടെ മത്തായ പോലെയാണ് വകുപ്പ് മന്ത്രി. ബാര്‍ പ്രവര്‍ത്തന സമയം സംബന്ധിച്ചാണെങ്കില്‍ ആകെപ്പാടെ കണ്‍ഫ്യൂഷനും. പ്രസ്താവനകളിലോരോന്നിലും ഓരോ സമയം പറഞ്ഞാല്‍ 24 മണിക്കൂറും പ്രവര്‍ത്തനത്തിന് അനുമതി കൊടുക്കേണ്ട അവസ്ഥ. ഇനിയിപ്പോ ഏതെങ്കിലും ഒരാളുടെ ആവശ്യം നിറവേറ്റിയാല്‍ അതും പ്രശ്നമാകും. ബാറുടമകള്‍ക്ക് മുന്‍തൂക്കമുള്ള കെ.സി.ബി.സിക്കാര്‍ പറയുന്ന എട്ടുമുതല്‍ എട്ടുവരെ എന്നാക്കിയാല്‍ ഏറെക്കുറെ എളുപ്പമാകും.






ലീഗായാലും വകുപ്പ് മന്ത്രിയായാലും കെ.പി.സി.സിയിലെ പ്രതിഷേധികളായാലും ആര്‍ക്കുംവേണ്ടി എങ്ങനെവേണമെങ്കിലും വാദിക്കാന്‍ ഈ വക്കീലാന്‍ റെഡിയാണ്.




സിറ്റിങ് ഒന്നിന് ബക്കാഡി ഫുള്‍. അതും ഓറഞ്ചിന്റെ...



Friday 29 July 2011

അജ്മല്‍ കസബിന് രക്ഷ വക്കീലാന്‍ മാത്രം.

അജ്മല്‍ കസബിന് രക്ഷ  വക്കീലാന്‍ മാത്രം.



അജ്മല്‍ കസബിന് ഇനി ഏകരക്ഷ,  വക്കീലാന്‍ വഴി വക്കാലത്ത് നല്‍കല്‍ മാത്രം. വക്കീലാന്‍ വിലസുന്ന മുംബൈ ഹൈകോടതിയുടെ വിധി ചോദ്യം ചെയ്താണ് ലോകത്തെ വിറപ്പിച്ച കസബ് സുപ്രീംകോടതിയിലേക്ക് പോയിരിക്കുന്നത്. പോയ പോക്കില്‍ വക്കീലാനെ കൂട്ടിയിരുന്നെങ്കില്‍ അയാള്‍ക്ക് പ്രതീക്ഷക്കു വഹയുണ്ടായേനെ. ഇതിപ്പോള്‍ വക്കീലാന്റെ ഗുരുത്വക്കേട് വാങ്ങി...എന്താവും എന്തോ?




26/11 എന്ന കസബിന്റെ 'ലക്കി നമ്പര്‍' വക്കീലാന്‍ ഭംബറാക്കിയേനെ. ഇന്ത്യയുടെ മഹാനടന്‍ അമിതാബ് ബച്ചന്‍, ലോകത്തെതന്നെ മികച്ച വ്യവസായ പ്രമുഖന്‍ അമ്പാനി എന്നിവര്‍ക്കെതിരെ വ്യവഹാരം നടത്തിയവര്‍ക്ക് വേണ്ടി മുംബൈ ഹൈക്കോടതിയില്‍ ഹാജരായ വക്കീലാനെ കസബ് കണ്ടെത്തിയില്ലെന്നത് മോശം. കസബിന് വേണ്ടി ഹാജരാകാന്‍ വക്കീലാനെ നിയോഗിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനും പ്രോസിക്യൂഷനും കഴിയുമായിരുന്നു. കണ്ണില്‍ ചോരയില്ലാത്തവന്‍മാര്‍ എന്നല്ലാതെ എന്തുപറയാന്‍.


ഇതിപ്പോള്‍ പാവും കസബ് ജീവനോടെ പിടിയിലാവുകയും ഇന്ത്യയെ പോലൊരു രാജ്യത്തെ ജയിലില്‍ 'സുഖിച്ചു' കഴിയേണ്ടിയും വരുന്ന ഒരവസ്ഥ. ഹോ..ഓര്‍ത്തിട്ടു സഹിക്കുന്നില്ല. 166 പേരെ കൊലപ്പെടുത്തിയെന്നല്ലാതെ വേറെന്താണ് ആ പയ്യന്‍ ചെയ്തത്. 238 പേര്‍ക്ക് പരിക്കും പറ്റി. അവന്റെ ഒപ്പം 2008 നവംബര്‍ 26ന് മുംബൈയില്‍ 'പണിചെയ്യാന്‍' എത്തിയ ഒമ്പതുപേരെ അവിടത്തെ പോലീസുകാരന്‍മാര്‍ കൊന്നൊടുക്കി. 


പൊലീസുകാരുടെ ആക്രമണത്തില്‍ വലതു കൈപ്പത്തി അറ്റുപോയ കസബ് ഏതാണ്ട് ഗോവിന്ദസ്വാമി കണക്കെയാണ് ആര്‍തര്‍റോഡ് ജയിലില്‍ കഴിയുന്നത്. 

മുംബൈ ഹൈക്കോടതിയില്‍ തന്റെ വക്കാലത്തുമായി നടക്കുന്ന ചില വക്കീലാന്‍മാരോട് 'പണി നിര്‍ത്തിക്കൊള്ളാന്‍' കസബ് പറഞ്ഞതായാണ് രഹസ്യം. എന്നാല്‍, വക്കീലാന്‍മാര്‍ പുറത്തുവന്ന് മാധ്യമങ്ങളോട് അന്ന് പറഞ്ഞത് 'ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്ന്' കസബ് വ്യക്തമാക്കിയെന്നാണ്. 


കസബിനുവേണ്ടി ഹൈകോടതിയില്‍ പോയിരുന്ന അഡ്വ.അമിന്‍ സോള്‍ക്കര്‍, അഡ്വ. ഫര്‍ഹാനോ ഷാ എന്നിവരുടെ ചിന്ത, വക്കാലത്ത് നമ്മടെ വക്കീലാനെ എങ്ങാനും കസബ് ഏല്‍പ്പിച്ചാലോ എന്നായിരുന്നു. 'ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്ന്' കസബ് പറഞ്ഞെന്ന് പുറത്തുപറഞ്ഞതോടെ തന്ത്രം ഫലിച്ചു. കസബിന്റെ പ്രശ്നം എന്താണെന്ന് പഠിച്ച് പറയാന്‍ അവന്റെ ഈ അഭിഭാഷകരെതന്നെ കോടതി പണിയേല്‍പ്പിച്ചു. അങ്ങനെ കസബിന്റെ അനുവദാമില്ലാതെതന്നെ അയാളുടെ വക്കാലത്തും ക്ഷേമാന്വേഷണവും രണ്ടുപേര്‍ക്ക് തന്നെ വീതിച്ചുകിട്ടി. ഒരുവെടിക്ക് രണ്ടുപക്ഷി. ഹബ്ബടാ.. മുംബൈയിലെ ഓരോ വക്കീലാന്‍ പുത്തിയേ...




വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ നേരിട്ട കസബ് ക്യാമറക്കുനേരെ തുപ്പിയത് സ്വന്തം അഭിഭാഷകരോടുള്ള രോഷം കൊണ്ടാണെന്ന് ആരുകണ്ടു. നമ്മടെ വക്കീലാന്റെ കയ്യിലെങ്ങാന്‍ അജ്മല്‍ കസബിന്റെ വക്കാലത്ത് കിട്ടിയിരുന്നെങ്കില്‍...ഇതിനിടയില്‍ തൃശൂരെ കോടതിയില്‍ വക്കീലാന്‍ കസബിന്റെ കാര്യം പറഞ്ഞതോര്‍ക്കുന്നു. സൌമ്യ സംഭവം നടന്ന വള്ളത്തോള്‍ നഗര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരം സന്ദര്‍ശിക്കാന്‍ അനുവാദം തരണമെന്ന വക്കീലാന്റെ അപേക്ഷ കോടതി പരിശോധിക്കുന്നതിനിടെയാണിത്. 


വക്കാലത്ത് ഏറ്റെടുക്കുമ്പോള്‍ കേസും സംഭവവും പഠിക്കണമെന്നും സ്ഥലം സന്ദര്‍ശിക്കേണ്ടത് കോടതി അനുമതിയോടെയല്ലെന്നും സര്‍ക്കാര്‍ വക്കീല് ഈസമയം പ്രതികരിച്ചു. എന്നാല്‍ കോടതി നേരിട്ട് സ്ഥലം പരിശോധിക്കണമെന്ന് വക്കീലാന്‍ വാദിക്കുകയായിരുന്നു. 'അതിന്റെ ആവശ്യമില്ലെന്നും വേണ്ടിവന്നാല്‍ മാത്രമേ കോടതിക്ക് നേരിട്ട് പരിശോധിക്കേണ്ടൂ'വെന്നുമാണ് അപേക്ഷയില്‍ തീര്‍പ്പ്. 'മുംബൈ ഹൈക്കോടതി അജ്മല്‍ കസബിന്റെ അപേക്ഷയില്‍ സ്ഫോടനം നടന്ന സ്ഥലം കോടതി നേരിട്ട് പരിശോധിക്കാന്‍ നിശ്ചയിച്ചതായാണ്' വക്കീലാന്‍ തൃശൂരെ കോടതിയെ ബോധ്യപ്പെടുത്തിയത്. 




എന്നും കസബ് മനസ്സിലുള്ള വക്കീലാന് മുംബൈ ഭീകരാക്രമണ കേസിലെ പ്രതിഭാഗം വക്കാലത്ത് കിട്ടേണമേ എന്ന് ആരെങ്കിലും ഒരാള്‍ മുട്ടിപ്പായി പ്രാര്‍ഥിക്കാതിരിക്കില്ല.


V
I
V
I
V
I
V
I
V
I
V
I
V
I
V
I
V
I
V
I
V



ഇതുകണ്ട് ആരെങ്കിലും ആമേന്‍  പറയാതിരിക്കുകയുമില്ല!




...............................................................
.................................................

Thursday 28 July 2011

'അന്റെ കയ്യില്‍ എന്ത് തേങ്ങണ്ട്ന്ന്'..





'അന്റെ കയ്യില്‍ എന്ത് തേങ്ങണ്ട്ന്ന്'... അറസ്റ്റുവാറണ്ടുമായി ചെന്ന ക്യാപ്റ്റന്‍ രാജുവിന്റെ പൊലീസ് വേഷത്തോട് മണ്‍മറഞ്ഞ എന്‍.എഫ് വര്‍ഗീസിന്റെ വില്ലന്‍ കഥാപാത്രത്തിന്റെ ചോദ്യമാണിങ്ങനെ. നമ്മടെ വക്കീലാനോടും ചില സാക്ഷികള്‍ ഇങ്ങനെയൊക്കെ ചോദിക്കുന്നുണ്ട്.


ചൂടുവെള്ളം ഉണ്ടാക്കുന്ന മെഷിന്‍ വിതരണക്കാരനും കോഴിക്കോട്ടുകാരനുമായ ഒരു സാക്ഷിയോട് 'കനപ്പെട്ട' ചോദ്യങ്ങളുന്നയിച്ചാണ് വക്കീലാന്‍ വിലസാന്‍ തുടങ്ങിയത്. പക്ഷെ, സാക്ഷിയുടെ മറുപടി  ചൂടുവെള്ളം മുഖത്തേക്കൊഴിച്ചതുപോലെയായിരുന്നു. തന്നെ ബോധപൂര്‍വ്വം ആക്ഷേപിക്കുകയാണെന്നും ഹരാസ്സ് ചെയ്യുന്നെന്നുമെല്ലാം അന്ന് സാക്ഷി കോടതിയോട് പരാതിപ്പെട്ടിരുന്നു.


ഒരാള്‍ വീഴുകയും ഒരാള്‍ ചാടുകയും ചെയ്ത സംഭവം ഗൌരവമുള്ളതല്ലേ? പോരാത്തതിന് ചാടിയ തമിഴനെ നിങ്ങള്‍ വണ്ടിയില്‍ നിന്നുകൊണ്ടുതന്നെ ചോദ്യം ചെയ്തു, എന്നിട്ടും നിങ്ങള്‍ എന്താ ഒപ്പം ചാടാതിരുന്നത്?-വക്കീലാന്റെ ചോദ്യം കേട്ട് സാക്ഷി ഞെട്ടി. 'എനിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഒപ്പം ചാടിയാല്‍ എനിക്ക് പണികിട്ടുമെന്ന് കരുതിയതിനാലാണ് ചാടാന്‍ മടിച്ചത്'-സാക്ഷി മറുപടി നല്‍കി. ('അപ്പോള്‍ എന്റെ കാലൊടിയില്ലേ പഹയാ... എന്നേംകൂടി കൊല്ലാനാണല്ലേ പരിപാടി!'..എന്ന് മനസ്സിലും സാക്ഷി പറഞ്ഞുകാണണം). പിന്നിലെ കമ്പാര്‍ട്ടുമെന്റില്‍ എന്താണ് അപ്പോള്‍ സംഭവിച്ചതെന്നറിയാന്‍ ആകാംക്ഷയുള്ളതിനാലാണ് അവസാന സ്റ്റേഷനില്‍ വണ്ടിനിര്‍ത്തിയപ്പോള്‍ ഗാര്‍ഡിനോട് വിവരം പറഞ്ഞത്.




നിങ്ങളെ ഡോ.സുകുമാര്‍ അഴീക്കോട് പൊന്നാട അണിയിച്ചിട്ടുണ്ടോ?-സാക്ഷി ഒന്നു ചിരിച്ചു. മറുപടി കിട്ടിയില്ലെങ്കില്‍ അഴീക്കോടിനെ കോടതി കയറ്റേണ്ടിവരും-വക്കീലാന്റെ ഭീഷണി. ഒടുവില്‍ സാക്ഷിക്ക് സത്യം പറയേണ്ടിവന്നു. 'എന്നെ അഴീക്കോട് പൊന്നാട അണിയിച്ചിട്ടില്ല'. വക്കീലാന് സമാധാനമായി. നിങ്ങള്‍ക്ക് ഒരുമണിക്കൂര്‍ നേരം പ്രസംഗിക്കാനറിയുമോ?-ചോദ്യം വീണ്ടും.. സാക്ഷി സത്യം പറഞ്ഞുകൊണ്ടേയിരുന്നു.


സാക്ഷിയുടെ ചിത്രം അച്ചടിച്ച ഒരു പത്രത്താള്‍ വക്കീലാന്‍ ഉയര്‍ത്തിക്കാട്ടി. 'ഇതൊന്നു വായിക്കണം മിസ്റ്റര്‍ സാക്ഷീീീീ...ഇതുവായിച്ചിട്ടേ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാവൂൂൂ മിസ്റ്റര്‍..' ഇതുവായിച്ച് ഉത്തരം പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് പറഞ്ഞ സാക്ഷി കോടതിയെ ഒന്നു നോക്കി. ഇതെന്തുഭ്രാന്താണെന്ന മട്ടില്‍ കോടതി വക്കീലാനെയും നോക്കി. 'എന്തേ നിങ്ങള്‍ക്ക് മലയാളം വായിക്കാന്‍ അറിയില്ലേ മിസ്റ്റര്‍... ഇതില്‍ പറയുന്ന ആവേശം നിങ്ങള്‍ ട്രെയിനില്‍ കാണിച്ചിരുന്നെങ്കില്‍ കേസിനാസ്പദമായ സംഭവം നടക്കുമായിരുന്നില്ല സാക്ഷീീീീ.. ഇയാള്‍ക്ക് ഒരുമണിക്കൂര്‍ നേരം നന്നായി പ്രസംഗിക്കാന്‍ ആറിയാമെന്നതിനുള്ള ഒരു തെളിവായി ഈ പത്രം രേഖപ്പെടുത്തണമെന്നാണ് എന്റെ അപേക്ഷ'-വക്കീലാന്റെ അപേക്ഷ കോടതി നിഷേധിച്ചു; വക്കീലാന്‍ പല്ലുകടിക്കുന്നു.


'കാര്യം ശരിയാണ്..ഒരു കാര്യം കണ്ടാല്‍ നേരെ ഗാര്‍ഡിനോടും ആര്‍.പി.എഫിനോടും(റെയില്‍വെ സംരക്ഷണ സേന) പോയി പറയുകയാണോ വേണ്ടത്? 100 എന്ന ടോള്‍ ഫ്രീ നമ്പര്‍ കുത്തിയാല്‍ പൊലീസ് സ്റ്റേഷന്‍ കിട്ടുമെന്ന് അറിയില്ലേ മിസ്റ്റര്‍ സാക്ഷീീീീ'... ആര്‍.പി.എഫില്‍ പറഞ്ഞ സ്ഥിതിക്ക് ഇനി നൂറ് കുത്തണോ സര്‍... സാക്ഷി വിനീതമായി ചോദിച്ചു. 'എന്താ നിങ്ങള്‍ ഇങ്ങനെ പറയുന്നത്, ആര്‍.പി.എഫിലല്ലോ നൂറിലല്ലേ കുത്തേണ്ടത്'-വക്കീലാന്‍ ചോദ്യം തുടര്‍ന്നു. സര്‍ക്കാര്‍ വക്കീല്‍ ചിരിക്കുന്നു.




'എന്നാല്‍ വേണ്ട..ട്രെയിനിലുള്ളില്‍ എമര്‍ജന്‍സി നമ്പര്‍ എഴുതിയിട്ടുണ്ടല്ലോ..അതില്‍ നോക്കി തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കാമായിരുന്നില്ലേ?'...ഇതുകേട്ടപ്പോള്‍ വക്കീലാനോട് കോടതിയുടെ ചോദ്യം-'നിങ്ങള്‍ ട്രെയിനില്‍ കയറിയിട്ടുണ്ടോ?' കയറിയിട്ടുണ്ടെങ്കില്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കില്ല, ഏത് ട്രെയിനിലാണ് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെ നമ്പര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്?. കേട്ടവര്‍ക്ക് ചിരി. 'ഇല്ലെങ്കില്‍ റെയില്‍വേക്കെതിരെയാണ് നടപടി വേണ്ടത്'-ഇങ്ങനെ പറഞ്ഞ് വക്കീലാന്‍ പിന്ന്യേം പല്ലുകടിച്ചു.
സംഭവദിവസം സംഭവം നടന്ന പാസഞ്ചറില്‍ സഞ്ചരിക്കുന്നതിന് റെയില്‍വെയില്‍ നിന്നെടുത്ത ടിക്കറ്റ് സൂക്ഷിച്ചതിന് സാക്ഷിയെ വക്കീലാന്‍ കൊന്നില്ലന്നേയുള്ളൂ.




ഒലവക്കോടുള്ള ഒരു ആക്രിക്കടയിലെ ഇടപാടുകാരനായിരുന്നു വക്കീലാന്റെ അടുത്ത ഇര. പക്ഷെ, ഇവന്‍ ആളു പുപ്പുലിയായിരുന്നു. ഇത്തിരി ക്രിമിനല്‍ കേസുകളുടെ മണമുള്ള അസ്സല്‍ 'പുള്ളി'. മ്മടെ സ്വാമിയുടെ കയ്യിലുണ്ടായ എല്‍.ജി ബ്ളാക്ക് മൊബൈല്‍ വിറ്റ് കാശാക്കാന്‍ ചിലരെ പരിചയപ്പെടുത്തിയ 'ദൌത്യ'മായിരുന്നു ടിയാന്റേത്. ആളുപക്ഷെ, പ്രതിയുടെ ആളല്ലാത്തതിനാല്‍ വക്കീലാന്‍ വിട്ടില്ല. നിറുത്തി പൊരിച്ചു. നിന്നെക്കുറിച്ച് എനിക്കറിയാമെടാ...നിന്റെ പേരില്‍ പാലക്കാടും ഒറ്റപ്പാലത്തും ഉളള കോടതികളിലിലുള്ള 'സി.ആര്‍.പി.സി' എന്റെ കൈവശമുണ്ട്. വെറുതെ വിടില്ല മോനേ...വക്കീലാന്‍ ഇവിടത്തെ കോടതിയില്‍ കിടന്ന് വീമ്പിളക്കി.


അപ്പോഴാണ് സാക്ഷിയുടെ മനസ്സ് മന്ത്രിച്ചത്..
'അന്റെ കയ്യില്‍ എന്ത് തേങ്ങണ്ട്ന്ന്'...

Wednesday 27 July 2011

വക്കീലാന്‍ ഇവിടെയാണെന്ന് യെദ്യൂരപ്പ അറിയേണ്ട







അനധികൃത ഖനനത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പക്ക് കുറ്റകരമായ പങ്കാളിത്തമുള്ളതിനാല്‍ ടിയാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശിപാര്‍ശ ചെയ്ത കാര്യം വക്കീലാനറിയേണ്ട. വക്കീലാന്‍ തൃശൂരിലാണെന്ന കാര്യം യെദ്യൂരപ്പയും അറിയേണ്ട. മുഖ്യമന്ത്രി കസേര പോകാതിരിക്കാനും കേസില്‍ നിന്ന് രക്ഷപ്പെടുത്താനും ലോകത്ത് വിശ്വസിക്കാവുന്ന ഒരു വക്കീലേ ഉള്ളൂ. അത് നമ്മടെ വക്കീലാനാണ്.


രാജ്യത്തെ ഒട്ടുമിക്ക പ്രമാദ കേസുകളിലും ഗൌണണിയുന്നത് നമ്മടെ വക്കീലാനാണേ.. മുംബൈയില്‍ നിന്ന് തൃശൂരിലെത്തിയതിന്റെ തൊട്ടടുത്തദിവസം തന്നെ രണ്ട് കൊലപാതക കേസുകൂടി വക്കീലാന് 'കിട്ടി'യത്രെ. സ്വാമിയുടെ കേസില്‍ സര്‍ക്കാര്‍ വക്കീലുപോര..പ്രതിഭാഗം കസറുകയാണെന്നാണ് വക്കീലാന്‍ സ്വയം വിശേഷിപ്പിക്കുന്നത്. അപ്പോള്‍ പിന്നെ, രണ്ട് കൊലപാതക കേസുകൂടി കിട്ടിയെങ്കില്‍ പുളിക്കുമോ?
അതിന്റെ വിസ്താരം ഉടന്‍ തുടങ്ങാന്‍ പറഞ്ഞ് പ്രതികള്‍ പണവും നല്‍കിയെന്നാണ് വക്കീലാന്‍ തന്നെ ഇവിടെ അഭിഭാഷക കൂടാരത്തിലും ക്യാന്റീനിലുമൊക്കെ പറയുന്നത്.


വയനാട്ടില്‍ ഒരു കൊലക്കേസിലെ വിസ്താരം 'നീട്ടിവപ്പിക്കാന്‍' പോകാനുള്ള ഒരുക്കത്തിലാണിപ്പോള്‍. മൊത്തത്തില്‍ കൊലപാതക കേസുകള്‍ തന്നെ. കൊലപാതകികളുടെ നീണ്ട നിരയാണ് വക്കീലാന്റെ മുന്നില്‍. വക്കീലാനെ വിശ്രമിക്കാന്‍ പോലും ആളുകള്‍ വിടുന്നില്ലെന്ന് നിശ്ചയിച്ചാല്‍ എന്തുചെയ്യും.
കൊലപാതക കേസുമാത്രമല്ല, പോയി, പോയി..തൃശൂര്‍ ലോ കോളജില്‍ ലക്ചറിങിന് ക്ഷണം ലഭിച്ചുവെന്ന് ക്യാന്റീനിലെ ചുവരുകളോടുപോലും വക്കീലാന്‍ പറഞ്ഞിരിക്കുന്നു. 


അടുത്ത ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ പ്രധാന സ്ഥാനത്ത് മല്‍സരിക്കണമെന്ന് ചില അഭിഭാഷകര്‍ പറഞ്ഞതായും വക്കീലാന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അല്ലെങ്കില്‍തന്നെ വെട്ടുംകുത്തും കര്‍ക്കിടക വാവുമുള്ള ബാര്‍ അസോസിയേഷനിലേക്ക് കോട്ടും വീശി വക്കീലാന്‍ വന്നാല്‍ മതി; ചോറങ്കം...


ഇടക്കിടക്ക് മുംബൈക്കാണെന്ന് പറഞ്ഞ് മുങ്ങുന്നത് വെറുതെയാണെന്നാണ് വക്കീലാന്റെ വരവില്‍ കുശുമ്പുള്ള ചില തൃശൂര്‍ക്കാര്‍ വക്കീലന്‍മാര്‍ പറയുന്നത്. അവിടെ ഒരു കൊലപാതക കേസിന്റെ വിസ്താരത്തിനിടെ പാതിയില്‍ മുങ്ങി പ്രതികളെ വെട്ടിലാക്കിയ വക്കീലാനോട് സാക്ഷികള്‍ക്ക് ചെലവിനുകൊടുക്കാന്‍ താനെ കോടതി ഉത്തരവിട്ടിരുന്നു. അതൊക്കെ ചെറിയ കാര്യമാണെന്നാണ് വക്കീലാന്റെ അഭി'പ്രായം'. വെറുതെ വീമ്പിളക്കല്‍ മാത്രമല്ലെന്ന് തൃശൂര്‍ക്കാര്‍ കാണാന്‍ പോകുന്നേയുള്ളൂ.


അനധികൃത ഖനനത്തില്‍ യെദ്യൂരപ്പ ഉത്തരവാദിയാണെന്ന് ചൂണ്ടിക്കാട്ടുന്ന 25,000ത്തിലധികം പേജുള്ള റിപ്പോര്‍ട്ടാണ് ലോകായുക്ത രജിസ്ട്രാര്‍ കര്‍ണ്ണാടക ചീഫ് സെക്രട്ടറക്ക് കൈമാറിയത്. യെദ്യൂരപ്പക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ജസ്റ്റിസ്  ആവശ്യപ്പെട്ടിരിക്കയാണ്. എത്ര പേജുള്ള റിപ്പോര്‍ട്ടായാലും അതിനെയെല്ലാം 'വിസ്തരിച്ച്' ഇല്ലാതാക്കാന്‍ കഴിവുള്ളയാളാണ് വക്കീലാനെന്ന് ലോകായുക്ത ജസ്റ്റിസിനറിയില്ല. റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം ആവശ്യപ്പെട്ട യെദ്യൂരപ്പ, സത്യത്തില്‍ വക്കീലാനെ കണ്ടെത്താനുള്ള ശ്രമത്തിലാണത്രെ.. ലോകായുക്ത വെള്ളം കുടിക്കും.

അമ്പടാ,..പാസഞ്ചര്‍ ട്രെയിന്‍ എക്സ്പ്രസിനെ കടത്തിവട്ടിച്ചേ...





ഒരു ട്രാക്കില്‍ നടന്ന അത്യപൂര്‍വ്വ സംഭവമാണെന്ന മട്ടിലാണല്ലോ നിങ്ങളുടെ വായന. ഏത് വക്കീലാന്‍ പറഞ്ഞാലും അങ്ങനെ നടക്കില്ലിഷ്ടാ. നമ്മടെ വക്കീലാന് പക്ഷെ, സംശയം തീര്‍ന്നിട്ടില്ല. ഒന്നേ ഒന്നേ രണ്ടായിരത്തി പതിനൊന്നില്‍ എറണാകുളത്തുനിന്ന് ഷൊര്‍ണ്ണൂരിലേക്കൊടിയ 56608-ാം നമ്പര്‍ പാസഞ്ചര്‍, അതേ ട്രാക്കിലൂടെ പോയ ഏതോ എക്സ്പ്രസിനെ വെട്ടിച്ചോടിയെന്നാ സംശയം.
സംശയം തോന്നാതിരിക്കാന്‍ വേറെ വഴിയുമില്ല. അഞ്ച് മിനിറ്റ് വൈകിയാണ് വക്കീലാന്റെ വില്ലനായ പാസഞ്ചര്‍ എറണാകുളം സൌത്തില്‍ നിന്ന് പുറപ്പെട്ടത്. നോര്‍ത്തിലെത്തുമ്പോഴും ഷെഡ്യൂള്‍ സമയം പിന്നിട്ടിരുന്നു. പക്ഷെ, ഷൊര്‍ണ്ണൂരിലെത്തുമ്പോള്‍ അരമണിക്കൂറോളം നേരത്തെ. മറിമായം എന്നല്ലാതെ വേറെന്തു പറയാന്‍. പാസഞ്ചറിന്റെ ഗാര്‍ഡിനോട് വക്കീലാന്‍ കാര്യം തിരക്കി തീര്‍ന്നിട്ടില്ല. കുട്ടിച്ചാത്തന്‍മാരുടെ നാടായ പെരിങ്ങോട്ടുകര അന്തിക്കാട്ടുനിന്ന് വരുന്ന പ്രോസിക്യൂട്ടര്‍ക്ക് പക്ഷെ ഇക്കാര്യത്തില്‍ വക്കീലാനെ സഹായിക്കാനാകും.
സംഭവം വ്യക്തമാക്കാന്‍ വക്കീലാന്‍ കണ്ടെത്തിയത് വളഞ്ഞ വഴിയാണെന്നാണ് മറ്റുവക്കീലാന്‍മാര്‍ പറയുന്നത്. മലയാളത്തിലുള്ള ചോദ്യം മനസ്സിലായില്ലെങ്കില്‍ ഹിന്ദിയില്‍ ചോദിക്കാമെന്നുവരെ ഗാര്‍ഡിനോട് വക്കീലാന്‍ പറയുന്നുണ്ട്. എവിടെ ഗാര്‍ഡിനുണ്ടോ കുലുക്കം. അയാള്‍ എന്തുപറഞ്ഞാലും പ്രതീക്ഷക്കുവിപരീതമാകും. ഇടയിലെല്ലാം പ്രത്യേക ചോദ്യം വരുന്നു; 'ഏത് സ്റ്റേഷനില്‍ വച്ചാണ് ട്രെയിന്‍ നേരത്തേ എത്തിയത്'- അപ്പോഴും 'മറ്റേ' സംശയം തീര്‍ന്നിട്ടില്ലെന്ന് സാരം. അതറിയില്ലെന്ന് ഗാര്‍ഡിന്റെ മറുപടി.


വക്കീലാനില്‍ നിന്ന് കലിയിളകിയ അടുത്ത ചോദ്യം:- ഷൊര്‍ണ്ണൂരിലെത്തുന്ന പാസഞ്ചറിന്റെ വാതിലുകളും ജനല്‍ ഷട്ടറുകളും അടക്കുന്നതുമാത്രമല്ലെ നിങ്ങളുടെ  പണി?- 'നിയമം' ചിരിക്കുന്നു.
ചിരിപൊട്ടിയ ഗാര്‍ഡും ഉള്ളിലൊരുചോദ്യമെറിഞ്ഞഞ്ഞു-'വട്ടാണല്ലെ?'. അസ്സല്‍ വട്ട് അല്ലാതെന്ത് പറയാന്‍.  അന്നേരം വന്നു അടുത്തത്- 'ആധുനിക കാലത്ത് വൈദ്യുതീകരിച്ച ട്രാക്കിലൂടെ ട്രെയിന്‍ പോകുമ്പോള്‍ ശബ്ദം കേള്‍ക്കില്ലെന്ന് പറയുന്നു?'-ആരു പറയുന്നു? എന്ന് ചോദിച്ചവര്‍ ഗാര്‍ഡിനുമുമ്പേ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അതിനുമുതിര്‍ന്നില്ല. പക്ഷെ, ചോദ്യത്തിനുള്ളില്‍ എന്തെങ്കിലും കാണാതിരിക്കില്ലെന്ന മട്ടിലായിരുന്നു സര്‍ക്കാര്‍ വക്കീലാന്റെ ചിന്ത. നമ്മടെ വക്കീലാന്റെ നൂറു ചോദ്യങ്ങളില്‍ മൂന്നെണ്ണം കൊളുത്തിപ്പിടിക്കുന്നതാണെന്ന കാര്യം തള്ളുന്നില്ല. 


ഷൊര്‍ണ്ണൂര്‍ സ്റ്റേഷനിലേക്ക് തന്റെ ബോസായ കലാമണ്ഡലം രജിസ്ട്രാറെ കൊണ്ടുവരാന്‍ പോയ ഡ്രൈവറെ ഒരിക്കല്‍ വക്കീലാന്‍ 'നിറുത്തി പൊരിച്ചിരുന്നു'. രജിസ്ട്രാര്‍ക്ക് കലാമണ്ഡലത്തിലെ ജോലിയെന്താണ്?, കാറിലാണോ ട്രെയിനിലാണോ രജിസ്ട്രാറുടെ യാത്ര?, കാര്‍ വലതുഗെയിറ്റിലൂടെയാണോ ഇടതു ഗെയിറ്റിലൂടെയാണോ കലാമണ്ഡലത്തിലേക്ക് കയറ്റാറുള്ളത്?. അതൊരു സംഭവം തന്നെയായിരുന്നു. ബോസിനെ കൊണ്ടുവരും മുമ്പ് വീട്ടില്‍ നിന്ന് വരുന്നതിനിടെ ട്രാക്കില്‍ ഒരുപെണ്‍കുട്ടി അര്‍ധനഗ്നയായി മുഖത്തുനിന്ന് ചോര വാര്‍ന്നനിലയില്‍ കിടക്കുന്നത് കണ്ടതാണ് ഡ്രൈവര്‍ ചെയ്ത 'കുറ്റം'. പക്ഷെ, പുറത്തായത് രജിസ്ട്രാറുടെ തൊഴില്‍-യാത്രാ വിവരവും. 


വക്കീലാന്‍ ചോദ്യങ്ങള്‍ തുടരണം. അതാണ് നമ്മുടെ മുദ്രാവാക്യം.

Monday 25 July 2011

നിയമ..അജ്ഞരെ... നീതി പുലര്‍ത്തണമേ




ചിലര്‍ക്കൊരു വിചാരമുണ്ട്; വാ തുറക്കാതെ ഊര(വാ മൊഴി) കടിക്കണമെന്ന്. അതാണ് ഇവിടെ കാണുന്നത്.  കാര്യം എത്രവലുതാണെങ്കിലും ഒറ്റ ശ്വാസത്തില്‍ അഭിപ്രായം പറഞ്ഞ് തീര്‍ക്കണം. പിന്നെ, അവിടേക്ക് തിരിഞ്ഞുനോക്കേം ഇല്ല. കഴിഞ്ഞ അനുഭവങ്ങള്‍ എല്ലാം ഇക്കാര്യം ശരിവക്കുന്നു.
ലോകത്തെയാകെ ഞെട്ടിച്ച സൌമ്യ കേസിന്റെ കാര്യത്തിലും ഇങ്ങനെ ചില അഭിപ്രായ വീരന്‍മാരുണ്ട്. 'എന്തിനാണീ കേസ് ഇങ്ങനെ വലിച്ചുനീട്ടുന്നത്'-തൃശൂരിലെ അഭിഭാഷകര്‍ക്കും അവരുടെ ക്ളാര്‍ക്കുമാര്‍ക്കുമിടയില്‍ കുറച്ചു കാലമായി നടക്കുന്ന ഇങ്ങനെയൊരു ചര്‍ച്ച-ചില മാധ്യമ പ്രവര്‍ത്തകരും ഏറ്റുപിടിച്ചിട്ടുണ്ട്. രണ്ടുകൂട്ടര്‍ക്കും അവരുടേതായ ന്യായങ്ങളാണ്. ഞാനാണ് നിയമത്തില്‍ കേമനെന്ന് മറ്റുള്ളവരെ അറിയിക്കാനാണ് ആദ്യ വിഭാഗത്തിലെ ചിലര്‍ ശ്രമിക്കുന്നത്. ചെയ്യുന്ന പണിക്ക് മടുപ്പ് വരുമ്പോഴാണ് രണ്ടാമത്തെ വിഭാഗം ഇതേറ്റുപിടിക്കുന്നത്.
രണ്ടുകൂട്ടരും അതിവേഗത്തില്‍ വിധിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. നല്ലത്! പക്ഷെ, അതുണ്ടാക്കുന്ന പൊല്ലാപ്പിനെക്കുറിച്ചോ പഴുതിനെക്കുറിച്ചോ ഇവര്‍ ചിന്തിക്കുന്നില്ല. മുമ്പും അതിവേഗത്തില്‍ പറഞ്ഞ വിധികളുടെ അവസ്ഥ ഇന്നെന്തെന്ന് ചോദിച്ചാല്‍ അത് വക്കീലിന്റെ മിടുക്ക് എന്ന് പറഞ്ഞ് ഇത്രയും കാലത്തെ ആവലാതിക്കും വിമര്‍ശങ്ങള്‍ക്കും വിരാമമിടും. പഴുതുകളടക്കാതെ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കാതെ പറയുന്ന അതിവേഗ വിധിക്ക് നിലനില്‍പ്പുണ്ടാകില്ലെന്നതാണ് വാസ്തവം. 
മാള, പെരിഞ്ഞനം കോവിലകം ഇരട്ട കൊലപാതക കേസും മോഷണവുമടക്കം നിരവധി കേസുകളില്‍ പ്രതിയെ  തൂക്കിലേറ്റാന്‍ തൃശൂരില്‍ അതിവേഗം വിധിച്ചിരുന്നു. കേസില്‍ അപ്പീല്‍കോടതി വെറുതെ വിട്ട പ്രതി ഇന്ന് ഹീറോയായി വിലസുന്നു. ചെറുതുരുത്തിയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പിഞ്ചോമന ഷമീമിന്റെ കേസ് അതിവേഗം കൈകാര്യം ചെയ്തപ്പോള്‍ പ്രതികള്‍ക്ക് തുണയായി. ഇരട്ടക്കൊല കേസുകളില്‍ വേണ്ടത്ര സാക്ഷികളുണ്ടായിട്ടും മുഴുവന്‍ പേരെയും വിസ്തരിച്ചിരുന്നില്ല. ഷമീം കേസിലും വിസ്താരത്തില്‍ പോരായ്മകളുണ്ടായി. രണ്ടിലും സര്‍ക്കാര്‍ നിയോഗിച്ചവരാണ് പ്രതികള്‍ക്കായി വാദം നടത്തിയത്.


154 സാക്ഷികളെ വിസ്തരിക്കേണ്ട സൌമ്യ കേസില്‍ പ്രതിക്ക് പ്രമുഖനായ ക്രിമിനല്‍ വക്കീലാണ് വാദം നടത്തുന്നത്. അപ്പീല്‍ കോടതിയിലേക്കുള്ള പഴുതുകള്‍ സമ്പാദിക്കലാണ് വിചാരണ കോടതിയില്‍ വക്കീലാന്റെ പ്രധാന ലക്ഷ്യം. കോടതിയിലെ ക്രോസ് വിസ്താരം അത്രമേല്‍ മിടുക്കോടെയാണ് മുന്നോട്ടുപോകുന്നത്. തങ്ങള്‍ക്ക് പിടിക്കാത്ത മറുപടികളും മൊഴികളുമാണെങ്കില്‍ സാക്ഷിയെ സംശയപ്പെടുത്തി കാര്യം കാണാന്‍പോലും ശ്രമം നടത്തുന്നു. എതിര്‍പ്പുണ്ടായാല്‍ ക്രോസ് നിര്‍ത്തുമെന്ന് പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തിയാണെങ്കിലും കാര്യം നേടാന്‍ വക്കീലാനാവുന്നുണ്ട്. 
നേര്‍ക്കാഴ്ച്ചക്കാരും അനുഭവസ്ഥരും നാട്ടിന്‍പുറത്തുകാരുമായ സാക്ഷികളുടെ സത്യസന്ധതയും സാമൂഹ്യതാല്‍പര്യവുമാണ് പ്രോസിക്യൂഷന് മുതല്‍ക്കൂട്ട്. ജൂണ്‍ ആറിനാണ് കേസില്‍ വിചാരണ തുടങ്ങിയത്. ഇന്നേക്ക്(25-07-11) 41 പ്രവര്‍ത്തി ദിവസങ്ങള്‍ കഴിഞ്ഞു. ഇതില്‍ മൂന്നോ നാലോ ദിവസം മാത്രമാണ് വിസ്താരം ഇല്ലാതിരുന്നത്. അതിന് അതിന്റേതായ ന്യായങ്ങളുമുണ്ട്. വിസ്താരം വൈകിപ്പിക്കുകയാണെന്നും ആവശ്യമില്ലാത്ത സാക്ഷികളെ വിസ്തരിപ്പിക്കുകയാണെന്നുമുള്ള ഇല്ലാവചനങ്ങളാണ് ബാര്‍ അസോസിയേഷന്‍ കൂടാരത്തില്‍ മുഴങ്ങുന്നത്.


കോടതിയെയും പലവഴി പഴിപറയാന്‍ ശ്രമിക്കുന്നതും കേള്‍ക്കുന്നു. വിസ്താരം വൈകിപ്പിക്കുന്നതില്‍ കോടതിക്കും പങ്കെന്നാണ് 'പുകച്ചും കുടിച്ചും' ചില 'നിയമജ്ഞര്‍' വീമ്പിളക്കുന്നത്. വന്ന പണി ചെയ്ത് വീട്ടില്‍ പോകാന്‍ നോക്കാതെ വല്ലവരുടെയും കഞ്ഞിയില്‍ മണ്ണുവാരിയിടണോ നിയമ..അജ്ഞരെ? ഇടക്കു കയറിവന്ന വക്കീലാന്റെ വീമ്പത്തരം കേട്ടാണ് തൃശൂരിലെ ചില നിയമജ്ഞര്‍ സൌമ്യ കേസ് വേഗത്തിലാക്കാനുള്ള സംവാദം നടത്തുന്നത്. 


വക്കീലാന്റെ കൂര്‍മ്മബുദ്ധി ഇരട്ടക്കൊല കേസിന്റെ പ്രതിയെ പോലെ ഗോവിന്ദചാമിയെയും പുറത്തുകൊണ്ടുവരികയാണ്. പൂണൈ കോടതിയിലും മുംബൈ ഹൈക്കോടതിയിലും പയറ്റിത്തെളിഞ്ഞ അദ്ദ്യേം പണം വാങ്ങിയതിനുള്ള പണിയെടുക്കുകയാണ്-കോടതിക്ക് അകത്തും പുറത്തും. ഓഹരി കിട്ടുന്നവര്‍ക്ക് സംവാദം കൊഴുപ്പിക്കാം. അല്ലാത്തവര്‍ സൌമ്യയുടെ കുടുംബത്തോടും സമൂഹത്തോടും നീതി പുലര്‍ത്തണം.



Tuesday 19 July 2011

ഗോ...ഗോ...പ്രതികള്‍ കോള് വക്കീലാനാവുമോ?



ഗോവിന്ദ ചാമിക്കുപുറമെ ഗോഡ്ലി പോളെന്ന ഒരു 'കാമരാജന്‍' കൂടി പിറന്നു. ശസ്ത്രക്രിയക്കുശേഷം പ്രത്യേക പരിചരണ മുറിയില്‍ കിടത്തിയ യുവതിയെ മയക്കത്തിനുള്ള മരുന്ന് കുത്തിവച്ച് പീഡിപ്പിച്ച വിരുദ്ധനാണ് 'ഗോ'മാരില്‍ രണ്ടാമന്‍. സമൂഹത്തെ ഞെട്ടിച്ച പുതിയ കേസില്‍ നിന്ന് ഗോ രണ്ടാമനെ രക്ഷിക്കാന്‍ മുംബൈക്കാരന്‍ വക്കീലിന് ഊഴം ലഭിക്കുമോ എന്നാണ് അഭിഭാഷക മുറിയിലെ ചര്‍ച്ച.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ആശുപത്രിയില്‍ അരങ്ങേറിയത്. എട്ടരയോടെ ശസ്ത്രക്രിയകഴിഞ്ഞ മുപ്പത്തിനാലുകാരിയെ പനിയുള്ളതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യുവതിയെ സമീപിച്ച് ഗോഡ്ലി, വേദനക്കും പനിക്കും ശമനമുണ്ടാക്കാന്‍ ഉറക്കത്തിനുള്ള മരുന്ന് നല്‍കി സഹായിക്കാമെന്ന് അറിയിച്ചു. ഉറക്കത്തിനുള്ള മരുന്ന് കുത്തിവെച്ച് അര്‍ദ്ധ അബോധാവസ്ഥയിലായ തന്നെ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് യുവതിയുടെ മൊഴി. ബോധം വന്നതിനുശേഷം നോക്കിയപ്പോള്‍ സംശയാസ്പദമായ നിലയില്‍ 'ഗോ'രണ്ടാമന്‍ മയങ്ങിക്കിടക്കുന്ന കണ്ടു. ഇതിന് ശേഷം തിങ്കളാഴ്ച രാവിലെ  വരെ യുവതി ഐ.സി.യുവില്‍ കഴിയുന്നതിനിടെ പല തവണ ഗോഡ്ലി സ്ഥലത്തെത്തി പീഡിപ്പിക്കാനും മോശമായി പെരുമാറുകയും ചെയ്തുവത്രെ. 




തൃശൂരിലെ കുപ്രസിദ്ധമായ ദയ ജനറല്‍ ആശുപത്രിയിലാണ് ഈ അതിക്രമം നടന്നത്. 'ഗോ'രണ്ടാമന്‍ അവിടെ സര്‍ജിക്കല്‍ ഐ.സി.യുവിലെ പുരുഷ നഴ്സാണ്. കളവിനുവന്ന് കള്ളുകുടിച്ച് ബോധമില്ലാതെ വീടിനകത്തുകിടന്ന് പിടിയിലായ മോഷ്ടാക്കളുടെ കഥ പോലെയായി 'ഗോ'രണ്ടാമന്റേത്. ആശുപത്രിയില്‍ ഇത്യാദി പീഡനങ്ങള്‍ പരമ്പരയാണെന്നിരിക്കെ ഡോക്ടര്‍മാരില്‍ നിന്ന് താഴേക്കൊരു പ്രതിയുണ്ടാവുന്നത് ആദ്യമാണ്. ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് പുറത്തുകൊണ്ടുവരുന്ന സ്ത്രീകളെ ഇത്തരത്തില്‍ മയക്കികിടത്തി ലൈംഗിക പീഡനങ്ങള്‍ നടത്തുന്നതിന് മറ്റു ജീവനക്കാരും കൂട്ടുനിന്നിട്ടുണ്ടാവുമെന്നാണ് സൂചന. എന്നാല്‍, പൊലീസ് 'ഗോ'രണ്ടാമനെ മാത്രമാണ് അറസ്റ്റുചെയ്തത്.
ഐ.സി.യുവില്‍ ഇത്രയും സമയം മറ്റൊരു ഡ്യൂട്ടി നഴ്സോ ഡോക്ടറോ എത്തിയില്ലെന്ന കാര്യത്തിലാണ് സംശയം. ആശുപത്രിയിലെ പ്രധാനിക്ക് സ്വന്തം 'വെടിപ്പുര' വരെയുള്ള ആശുപത്രിയില്‍ ജീവനക്കാരും ചില്ലറക്കാരല്ലെന്ന് തെളിയിച്ചു. ഇതറിഞ്ഞെത്തിയ അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ 'വീരന്‍മാരായ' ജീവനക്കാരെ മനപ്രയാസത്തിലും മാനഹാനിയിലുമാക്കിയെന്നാണ് ആരോപണം. സംഗതി പറഞ്ഞതാണെങ്കില്‍ സി.ഐ.ടി.യുവിന്റെ വര്‍ക്കിങ് വുമണ്‍സ് സെല്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റായ ഒരു അധ്യാപിക.
ഇതിനിടയില്‍ കാര്യമെന്തെന്ന് വ്യക്തമായി പഠിക്കാതെ ആശുപത്രിയിലെത്തിയ മുന്‍മേയറടക്കമുള്ള രണ്ട് വനിതാ നേതാക്കള്‍ മൂന്നുപേരെക്കൂടി വിളിച്ചുകൂട്ടി അഞ്ചുപേരുടെ ഒരു സമരവും നടത്തി. ഇനി അതിന്റെ കുറുവ് വേണ്ടെന്ന് കരുതിയുള്ള സമരത്തില്‍ പ്രതിയെ അറസ്റ്റുചെയ്യണമെന്നായിരുന്നു മുദ്രാവാക്യം. എന്നാല്‍, ഈസമയം, പ്രതി അറസ്റ്റിലായിരുന്നെന്നുപോലും നേതാക്കളറിഞ്ഞില്ല. ഇവര്‍ സമരത്തിനൊരുക്കം നടക്കുമ്പോഴാണ് ആശുപത്രി ജീവനക്കാരുടെ നേതാവുകൂടിയായ സി.ഐ.ടി.യു വനിതാവിഭാഗം പ്രസിഡന്റ് ആശുപത്രിക്കകത്തേക്ക് കടന്നുപോയത്.


സ്ത്രീകള്‍ക്കെതിരെ ലൈംഗികമായും ശാരീരികമായും പീഡനങ്ങള്‍ നടന്നതുസംബന്ധിച്ച് കേരളത്തിലെ അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ വെട്ടിയെടുത്ത് പ്രദര്‍ശനത്തിനുള്ള ഒരുക്കത്തിനിടെയാണ് പ്രഫ.ടി.എ.ഉഷാകുമാരിയെന്ന സി.ഐ.ടി.യു നേതാവ് ദയ ആശുപത്രിയില്‍ നിന്ന് ഒരു ദയയുമില്ലാത്ത പ്രസ്താവന പുറത്തിറക്കിയത്. ആളുകള്‍ക്ക് എന്തൊക്കെ ചെയ്യണമെന്ന് ഒരു എത്തുംപിടിയുമില്ലെന്നായാല്‍ നമ്മളെന്തുചെയ്യും. സ്ത്രീയെ പീഡിപ്പിച്ചാലും രണ്ട് അഭിപ്രായമെന്നാണല്ലോ ചൊല്ല്!

Monday 18 July 2011

കൂട്ടില്‍ 'സുന്ദരക്കുട്ടപ്പനായ' പ്രതി


'ലുങ്കുമുണ്ടും ബട്ടനുകള്‍ പൊട്ടിയ മുഷിഞ്ഞ ഷര്‍ട്ടും' അതാണ് ഇത്രനാള്‍ ഇയാളെ കുറിച്ച് മനസ്സില്‍പതിഞ്ഞ വേഷം. കൃത്യം നടത്തുമ്പോള്‍ ഇര വലിച്ചുപൊട്ടിച്ചതാണ് ബട്ടനുകള്‍. നെഞ്ചില്‍ കണ്ട നഖപ്പാടുകള്‍ ഇരയുടേതാണെന്നും ഇരയുടെ നഖത്തിന്റെ ഇടയില്‍ നിന്ന് കണ്ടെത്തിയ തൊലി പ്രതിയുടേതാണെന്നും തെളിഞ്ഞിട്ടുണ്ട്.
കൃത്യം കഴിഞ്ഞ് റോഡിലേക്ക് ഇറങ്ങുമ്പോള്‍ മുതല്‍ പ്രതിയെ കണ്ടവരെല്ലാം ഷര്‍ട്ടിലെ കേടുപാടുകളും മുണ്ടും തിരിച്ചറിഞ്ഞു. ഒരുമാസത്തിലേറെയായി തിരിച്ചറിയലും മൊഴിപറച്ചലും നടക്കുമ്പോള്‍ പ്രതി കൂട്ടില്‍ നിന്നതെല്ലാം ലുങ്കിമുണ്ടും ഷര്‍ട്ടും ധരിച്ചാണ്. വളര്‍ന്നുവന്നുകൊണ്ടിരിക്കുന്ന കുറ്റിത്താടി. കോല്‍മുടി. മുഷിഞ്ഞതും ബട്ടന്‍പൊട്ടിയതല്ലെങ്കിലും ഭേദപ്പെട്ട വേഷം. ജയില്‍ അധികൃതര്‍ അക്കാര്യത്തില്‍ ശ്രദ്ധിച്ചിരുന്നെന്ന് സാരം.
എന്നാല്‍ ഇക്കഴിഞ്ഞ ശനിയാഴ്ച(16.07.2011) പ്രതി കൂട്ടിലെത്തിയപ്പോള്‍ കണ്ടവര്‍ മൂക്കത്തുവിരല്‍വച്ചു. ഈ കേസില്‍ ഇത്രയുംനാള്‍ കൂട്ടില്‍ കണ്ടിരുന്ന പ്രതിയല്ല.

താടിയെല്ലാം ഷേവ് ചെയ്തു. അതിലിത്ര കാര്യമില്ല. എന്നാല്‍, പ്രതിയുടെ വേഷം...ചന്ദന കളര്‍ പാന്റ്, വെള്ളയില്‍ പ്രിന്റുചെയ്ത വരകളോടുകൂടിയ വിദേശ തുണിയുടെ ഷര്‍ട്ട്.. ഹോ..കാണേണ്ട കാഴ്ച. സുന്ദരക്കുട്ടപ്പന്‍ എന്നുപറയാതിരിക്കാന്‍ വയ്യ. അന്നെന്തോ, മെഡിക്കല്‍ കോളജിലെ ഡോ.കൃഷ്ണകുമാര്‍ വിസ്താരത്തിനെത്താതിരുന്നതിനാല്‍ കൂട്ടില്‍ അധികം നിന്ന് ഷൈന്‍ ചെയ്യാന്‍ പ്രതിക്ക് സാധിച്ചില്ല. പാവം...

ഒരു ചാരായ കേസ്



കാലം കുറേയായി വക്കീല്‍ കുപ്പായമണിഞ്ഞിട്ട്. പേരെടുക്കാവുന്ന കേസുകളൊന്നും വക്കീലിന് ജയിച്ചുകയറാനായിട്ടില്ല. ഏതെങ്കിലും സര്‍വ്വീസിലായിരുന്നെങ്കില്‍ പെന്‍ഷന്‍ പാതിയും വാങ്ങി കഴിഞ്ഞേനെ. അത്രയായി വയസ്സ്. പേര് പറയുന്നില്ലെന്റെ പരമാ... ഇശ്വരന്‍ പോലും പൊറുക്കില്ല.


വക്കീലിന് അടുത്ത് ഒരു കേസ് ജയിക്കാനായി. ഒന്നര ലിറ്റര്‍ ചാരായവുമായി പിടിയിലായ ഒരാളെ വെറുതെ വിട്ട കേസ്. ഉത്തരവ് കടലാസിലാക്കി ആളുകളായ ആളുകളെയൊക്കെ കാണിച്ചു. കേസ് ജയിച്ചതിന്റെ വക ചായ വിളമ്പി. 'അബ്കാരി കോടതി' എന്ന് വക്കീലന്‍മാര്‍ വിളിക്കുന്ന ഒരു കോടതിയില്‍ വന്നുപോകുന്നവരോടൊക്കെ ആഘോഷത്തോടെ വിജയം അറിയിച്ചു.


അബ്കാരി കോടതിയില്‍ ചൂടേറിയ മറ്റൊരു കേസ് നടക്കുന്നതിനാല്‍ പ്രസ്തുത വക്കീലിന് വേറെ പണിയൊന്നുമില്ല. രാവിലെ വരും. കസേര പിടിച്ച് അതിലിരിക്കും. മൂത്രശങ്കമാറ്റാന്‍ എണ്ണീറ്റാല്‍പോലും സീറ്റുപോകുമെന്നതിനാല്‍ കുറ്റിയടിച്ചിരിപ്പുതന്നെ. അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവരെയും നില്‍ക്കുന്നവരെയും നോക്കി നന്നായി ചിരിക്കും. കോടതിക്ക് സമയംകിട്ടിയാല്‍ ചില അബ്കാരി കേസുകള്‍ തീര്‍പ്പിനായി എടുക്കും. അക്കൂട്ടത്തിലാണ് ഒന്നര ലിറ്റര്‍ ചാരായക്കേസിലെ പ്രതിയെ വെറുതെ വിട്ടത്. പ്രതിയെ വെറുതെ വിട്ടെങ്കിലും മുന്നില്‍ കാണന്നവരെയൊന്നും വക്കീല്‍ വെറുതെ വിട്ടില്ലെന്ന് സാരം.

Saturday 16 July 2011

സ്വാമിയുടെ കാമ കണ്ണ്...





സ്വാമിയെ അറിയില്ലെ? ആള് കേമനാ.. ഇപ്പോള്‍ ഒരുകൊലപാതക കേസിലെ പ്രതി. കേസിലെ വിസ്താരം നടക്കുന്നതിനാല്‍ എന്നും പ്രതിക്കൂട്ടിലുണ്ട്. ആദ്യനാളുകളില്‍ ഒത്തിരി വയ്യായ്മ മുഖത്തുണ്ടായിരുന്നു. പിന്നെ..പിന്നെ പ്രസരിപ്പായി. ഒട്ടിയ കവിളുകള്‍ വിടര്‍ന്നിരിക്കുന്നു. പാറിയ തലമുടി ഒതുക്കി ചീവിയിട്ടുണ്ട്. താടിക്ക് ചെറിയ വളര്‍ച്ചകൂടി വന്നതോടെ കാണാന്‍ സുന്ദരനായി.


താന്‍ സുന്ദരനാണെന്ന അഹങ്കാരം മുഖത്തില്ല. കൊലപാതകിയാണെന്നും വായിച്ചെടുക്കാനാവില്ല. വെറുകെ നേരം പോക്കിന് ചെയ്ത കൊലപാതകമെന്ന മട്ടിലാണ് നില്‍പ്പ്..അല്ല, ഇരിപ്പ്. പ്രതിക്കൂട്ടില്‍ കോടതി സമ്മാനിച്ച സ്റ്റൂളിലാണ് ആശാന്റെ ഇരിപ്പ്. അനുസരണയുള്ള 'നിരപരാധി'യെപ്പോലെ കോടതിക്ക് അഭിമുഖമായിട്ടായിരുന്നു ആദ്യദിവസങ്ങളില്‍ ഇരുന്നത്. അക്കാലത്ത് സ്വാമിയെന്ന 'ഹീറോ'യെക്കാണാന്‍ എത്തിയിരുന്നത് കുറച്ചുപേരൊന്നുമല്ല. ആണായും പെണ്ണായും വക്കീല്‍ കോട്ടണിഞ്ഞവരായിരുന്നു അധികവും.


നിയമം പഠിക്കാന്‍ ഇറങ്ങിയവരും ഇടക്ക് സ്വാമിയെ കാണാനെത്തും. അവര്‍ക്ക് മൂന്നുണ്ട് കാര്യം സ്വാമിയെയും കാണാം നിയമോം പഠിക്കാം വാദോം കേള്‍ക്കാം. കാണാന്‍ കൊള്ളാവുന്നവരും അല്ലാത്തവരുമായി ആളുകൂടിയപ്പോള്‍ സ്വാമി ഇരിപ്പിന്റെ ദിശയൊന്നുമാറ്റി. കോടതിപോലും അറിയാതെയുള്ള സ്ഥാനമാറ്റം 'ചോരകുടിക്കാനായി' ഉപയോഗിക്കാന്‍ തുടങ്ങി. തെക്കോട്ടഭിമുഖമായ കോടതിയില്‍ പടിഞ്ഞാറോട്ട് തിരിഞ്ഞായി കേമന്റെ ഇരിപ്പ്. ഗ്യാലറിയില്‍ വന്നിരിക്കുന്നവരെ കണ്ട് അളവെടുക്കുന്ന സ്വാമിയെ കണ്ടാല്‍ കരണത്തുനിന്ന് കയ്യെടുക്കാന്‍ തോന്നില്ലെന്നത് വസ്തുത.

കോടതിയുടെ പടിഞ്ഞാറെ അയലത്തെ വായനശാലയില്‍ ജീവനക്കാരായ ചില കുസുമങ്ങള്‍ ഉച്ചഭക്ഷണത്തിന് പുറത്തിറങ്ങുമ്പോള്‍ സ്വാമി കൂട്ടിലുണ്ടോ എന്ന് എത്തിച്ചുനോക്കും. ഞാന്‍ ഇവിടെയുണ്ടെന്ന ഭാവത്തില്‍ നെഞ്ചുയര്‍ത്തി സ്വാമി കൂട്ടില്‍ അമര്‍ന്നൊന്നിരിക്കും. രസമാണ് കാഴ്ചകള്‍. സ്വാമിക്ക് അതിരുകടക്കാമെങ്കിലും വക്കീലാനത് പാടില്ലല്ലോ?

കോടതി മൂക്കുപൊത്തി കേസെടുത്തത് ആര്‍ക്കെതിരെ?





ജില്ലാ മജിസ്ട്രേറ്റായ കലക്ടര്‍ക്കടക്കം നല്‍കിയ പരാതികള്‍ ചീഞ്ഞളിഞ്ഞെങ്കിലും അതിന്റെ ദുര്‍ഗന്ധമല്ല കലക്ടറേറ്റില്‍. വക്കീലന്‍മാരും വക്കീല്‍ ക്ളാര്‍ക്കുമാരും വക്കീലമ്മമാരും വക്കീല്‍ ക്ളാര്‍ക്കുമാരികളും വരുന്നവരും പോകുന്നവരും ജീവനക്കാരും പൊലീസുകാരുമെല്ലാം മൂത്രിച്ച് നാറ്റക്കേസാക്കിയിരിക്കുകയാണ് കലക്ടറേറ്റാകെ.


ഇപ്പറഞ്ഞ മൂത്രപ്പുര കണ്ടിട്ടുപോലുമില്ലാത്ത കലക്ടര്‍ക്കും പതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍ക്കും എതിരെ കഴിഞ്ഞ ദിവസം തൃശൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി ക്രിമിനല്‍ കേസ് എടുത്തു. 'ഗ്രീന്‍ സോള്‍ജേഴ്സ് ഓഫ് സിവില്‍സ്റ്റേഷന്‍' എന്ന സംഘടനയാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. ഇവര്‍ നല്‍കിയ പരാതികളില്‍ കലക്ടറും എഞ്ചിനീയറും നടപടിയെടുത്തില്ലത്രെ.


വെള്ളപ്പാളികളില്‍ കാര്യം സാധിക്കുന്ന കലക്ടര്‍ക്കുണ്ടോ ഇത്തരം മൂത്ര'വാസന'. എഞ്ചിനീയര്‍ക്കും വേറെ മൂത്രപ്പുരയുണ്ട്. ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് വിവാദ മൂത്രപ്പുരയില്‍ കാര്യം സാധിക്കുന്നത്. ഇന്നു കാര്യം സാധിക്കുന്നവരുടെ വകയായി നാളെ വരുന്നവര്‍ മൂക്കുപൊത്തുന്നു. ഇതാവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചൊന്നുമല്ല. മൂത്രപ്പുര വെടിപ്പാക്കാന്‍ പ്രത്യേകം ആളില്ല. അതിന്റെ ആവശ്യവുമില്ല. മൂത്രശങ്കയുള്ളവന്‍ വീട്ടിലാണെങ്കില്‍ ഇവന്‍മാരൊക്കെ ഇങ്ങനെ ചെയ്യുമോ?. ഇത്തിരി വെള്ളമെങ്കിലും ഒഴിച്ചേക്കില്ലേ?..


കലക്ടറേറ്റില്‍ താഴെ മാത്രമല്ല മൂത്രപ്പുരകളുള്ളത്. മുകളിലുമുണ്ട്. അവിടെയും സ്ഥിതി മറിച്ചല്ല. കോടതിയിലും ക്ളാര്‍ക്കുറൂമിലും കാന്റീനിലും ബാര്‍ അസോസിയേഷന്‍ ഹാളിലും ഇരിക്കാനാവാത്ത രീതിയില്‍ മണം അസഹ്യമാണ്. ഈ അവസ്ഥക്ക് കലക്ടറേറ്റിനോളം പഴക്കമുണ്ട്. ഇതിനുപരിഹാരം കാണാനായി മൂത്രപ്പുരയില്‍ ഒന്നര ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെ വെള്ളം വിടുന്നുണ്ട്. 24 മണിക്കൂറും ഇതിനുള്ളില്‍ വെള്ളമുണ്ട്. മൂത്രപ്പുരയില്‍ എത്തുന്നവര്‍ക്ക് വെള്ളം തുറക്കാന്‍ നല്ലൊരു വാള്‍വ്വും ഘടിപ്പിച്ചിട്ടുണ്ട്. സിബ്ബ് തുറക്കുന്നത്ര ബുദ്ധിമുട്ടുപോലും ഈ വാള്‍വ്വ് തുറക്കാനില്ല. എന്നിട്ടും കോടതിയെക്കൊണ്ട് കേസെടുപ്പിച്ചത് കലക്ടര്‍ക്കെതിരെ..കഷ്ടം.






സിവില്‍സ്റ്റേഷനിലെ പച്ച പട്ടാളക്കാര്‍ക്ക് ഇതെല്ലാം അറിയാം. അവര്‍ ഈ വാള്‍വ്വ് കാണുന്നവരാണ്. മൂത്രം ഒഴിച്ചിടത്ത് വെള്ളമൊഴിക്കാതെ കഴുത്തില്‍ അസോസിയേഷന്‍ ടാഗും തൂക്കി  വക്കീല്‍ ക്ളാര്‍ക്കുമാര്‍ വൃത്തിക്കെട്ടവരായി ഇറങ്ങിപ്പോകുന്നത് സഹ മൂത്രമൊഴിക്കാര്‍ക്ക് കാണാനാകും. 
കലക്ടറേറ്റ് പറമ്പിലെ പുല്ലുപോലും പറച്ചുകളയാത്ത പച്ചപ്പട്ടാളക്കാര്‍ക്ക് മൂത്രപ്പുര വൃത്തിയാക്കാനുള്ള മനസ്സുണ്ടാവില്ല. പത്രത്താളുകളില്‍ പേരും പടവും വരാന്‍ ഒരു സംഘടനയുണ്ടാക്കിയെന്നല്ലാതെ വേറെ എന്തുഗുണം. വായും മൂക്കും മൂടിക്കെട്ടി കോടതിക്കുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയാണ് ഇവര്‍ കലക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുപ്പിച്ചത്. കാര്യം ഇങ്ങനെയെന്നിരിക്കെ കേസ് എടുക്കേണ്ടിയിരുന്നത് ആര്‍ക്കെതിരെയാണെന്ന് ആര്‍ക്കറിയാം...

കോട്ടൂരാന്‍ കോട്ടുവീശുമ്പോള്‍ സര്‍ക്കാര്‍ വക്കീലിനൊരു പേടി

മലവവ്വാല്‍ പറക്കുംകണക്കെ വക്കീലാന്റെ കോട്ടിങ്ങനെ പാറുകയാണ്. കോടതിയിലെ പങ്കയുടെ കാറ്റുകൊണ്ടല്ല, പ്രതിയെ കുറ്റക്കാരനാക്കാനുള്ള ചില സാക്ഷികളുടെ മൊഴി കേള്‍ക്കുമ്പോള്‍. കച്ചക്കെട്ടിയിറങ്ങും ഇവന്‍മാര്. ഒന്നാംക്ളാസ് മാത്രം കണ്ടിട്ടുള്ള വയനാട്ടുകാരന്‍ മഹാലിഗത്തിനുള്ള ധൈര്യവും വിവരവും പൊലീസുകാര്‍ക്കുപോലും ഇല്ലാതായത് ഈ കോട്ട് കണ്ടിട്ടാണ്.


തമിഴനായ ഒരാളുടെ കയ്യില്‍ നിന്ന് 300രൂപക്ക് ഒരു മൊബൈല്‍ വാങ്ങിയതാണ് മഹാലിംഗത്തിന്റെ കുറ്റം. മധുരൈയിലെ വീട്ടിലേക്ക് അത്യാവശ്യമായി പോകാന്‍ കാശില്ലാതെ വിഷമിച്ചുമുന്നിലെത്തിയ ഒരു ഒറ്റക്കയ്യനെ സഹായിക്കാന്‍ വേറെ വഴിയില്ലായിരുന്നു. എല്‍ജി കമ്പനിയുടെ ഒരു കറുത്ത മൊബൈല്‍. 500 രൂപയാണ് പറഞ്ഞത്. 300 രൂപ കൊടുത്ത് ആളെ വിട്ടു. സംഗതി പൊല്ലാപ്പാണെന്ന് മഹാലിംഗം തിരിച്ചറിഞ്ഞില്ല.


അങ്ങനെ മഹാലിംഗം മുതല്‍പ്പേര്‍ കോടതി കയറി. വക്കീലാന് നാലു വര്‍ത്തമാനം പറയാന്‍ ഇരകളായി. എന്തിന് ചോദിച്ചതുതന്നെ മാറ്റിയും മറിച്ചും ചോദിച്ച് സര്‍ക്കാര്‍ വക്കീലിനെ കുഴപ്പത്തിലലാക്കുകയാണ്. സര്‍ക്കാര്‍ വക്കീലാണെങ്കില്‍ ഉടയതമ്പുരാനെ വിളിച്ച് ദിനവും സഹായം അഭ്യര്‍ഥിച്ച് നെറ്റിയില്‍ ചന്ദനം കൊണ്ട് ഭക്തിയുടെ സീല്‍പതിക്കും. വിഘ്നങ്ങളുണ്ടാവാക്കാതിരിക്കാന്‍ വിഘ്നേശ്വരനുമുന്നില്‍  നാളികേരം ഉടയ്ക്കുന്നുണ്ടോ എന്നറിയില്ല. ആളുകേമനാണെങ്കിലും ഉള്ളിലാകെ പേടിയാ; കോട്ടൂരാന്‍ കോട്ടുവീശുന്നത് കാണുമ്പോള്‍...


സര്‍ക്കാര്‍ വക്കീലന്‍മാരായാല്‍ കേസിനെ താളംതെറ്റിക്കുന്ന ചോദ്യങ്ങള്‍ക്ക് അവരസം കൊടുക്കാറില്ല. അപ്പോള്‍ക്കയറി 'ഒബ്ജക്ഷന്‍' പറയും. നമ്മുടെ സര്‍ക്കാര്‍ വക്കീല്‍ ഇടക്കുമാത്രമെ 'സംഗതി' പറയൂ. ഇതുകേട്ടപാതി വക്കീലാന്‍ കോട്ടു വീശും, കണ്ണുരുട്ടും, ഇയാള്‍..അയാള്‍..വിളികളാകും. കോടതിയെന്ന ഒരു മര്യാദയും കാണിക്കില്ല. മുംബൈയിലെ 'ഒരു ശീലം'-അല്ലാതെന്താ. മുംബൈയിലങ്ങനാ..മുംബൈയിലിങ്ങനാ..എന്നൊക്കെ ഇടക്ക് സര്‍ക്കാര്‍ വക്കീലിനോടും വീമ്പിളക്കാറുണ്ട്. എന്നാല്‍, കോട്ടുമാത്രമെ ഉള്ളൂ; അതിനകത്ത് ഒന്നുമില്ലെന്ന് വിളിച്ചുപറയുംപോലെയാണ് വിസ്താരം. എന്നിട്ടും സര്‍ക്കാര്‍ വക്കീലിന് പേടി.




സര്‍ക്കാര്‍ വക്കീല്‍ ഇടയില്‍കയറി വിസ്താരം തടസ്സപ്പെടുത്തിയാല്‍ വക്കീലാന്‍ മാത്രമല്ല, പ്രതിയും രക്ഷപ്പെടുമെന്നതാണ് നിയമത്തിലെ ഒരു വശം. കോടതികൂടി തടസ്സം ആവര്‍ത്തിച്ചാല്‍ രണ്ടിനെയും 'ഒതുക്കാന്‍' വക്കീലാന് ഒരു കടലാസ്സുമതി. വിസ്താരത്തിനിടെ നിരവധി തവണ വക്കീലാന്‍ 'ക്രോസ്സ്' നിര്‍ത്തിയെന്ന് അട്ടഹസിച്ച് കസേരയിലേക്കിരുന്നിട്ടുണ്ട്. കോടതിയെയും ഇത്തരത്തില്‍ അവഹേളിച്ച് ക്രോസ് നിര്‍ത്താനൊരുങ്ങിയ സംഭവവും നടന്നിരുന്നു. ഈ കോടതി ശരിയല്ല. ഇവിടം ഈ കേസ് നടത്തിക്കൊണ്ടുപോകാനാവില്ല, എന്നൊക്കെ ജില്ലാ കോടതിയെയോ ഹൈകോടതിയെയോ അറിയിക്കാം. വിസ്താരം നിര്‍ത്തിവക്കാനും കോടതി മാറ്റാനും ഉള്ള ഉത്തരവുണ്ടാകാന്‍ ഇതുധാരാളം. വെറുതെയല്ല, വക്കീലാന്‍ കോട്ടുവീശുന്നത് കാണുമ്പോള്‍ സര്‍ക്കാര്‍ വക്കീല്‍ ഭയക്കുന്നത്.

Friday 15 July 2011

ഭാവിയിലും ബലാല്‍സംഗം: വക്കീലമ്മയുടെ ഒരു വിഷമം

പീഡനത്തിനിരയായ, പെണ്‍വാണിഭത്തിനിരയായ പെണ്‍കുട്ടികളുടെ പേരും വിലാസവും ഫോട്ടോയും പത്രങ്ങളില്‍ അച്ചടിക്കരുത്. ഉണ്ടെന്ന് പറഞ്ഞത് ഒരു വക്കീലമ്മയാണ്. ക്രൂരമായി ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിന്റെ സാക്ഷി വിസ്താരം നടക്കുന്നൊരു കോടതിയിലാണ് ആരോപണം പരാതിയില്‍പൊതിഞ്ഞ് സമര്‍പ്പിച്ചത്.


വക്കീലൊരു അമ്മയായതിനാല്‍ പെണ്‍മക്കളെക്കുറിച്ചുള്ള ആവലാതിയായിരുന്നു പരാതിയിലാക്കിയത്. പരാതി നല്‍കി പുറത്തേക്കിറങ്ങിയ വക്കീലമ്മ നാലാംനാളാണ് കോടതി കയറിയത്. വായിച്ചാല്‍ തിരിയാത്ത പരാതി ആദ്യ ദിവസം തന്നെ അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു. ആവലാതിക്കാരിയെ കാണാതായപ്പോള്‍ തൊട്ടടുത്തദിവസത്തേക്കും. ഞായറും കഴിഞ്ഞ് തിങ്കളാഴ്ച ആവലാതിക്കാരിയെ കോടതിക്ക് കാണാനായി.


പീഡനത്തിനും ബലാല്‍സംഗത്തിനും ഇരയായ പെണ്‍കുട്ടികളുടെ പേര് അച്ചടിക്കുന്നത് വിലക്കണമെന്നായിരുന്നു അഭ്യര്‍ഥന. സംഭവത്തില്‍ കോടതിക്ക് സംശയം. അങ്ങനെയുണ്ടാവുമോ? അങ്ങനെ സംഭവിച്ചത് ഏത് പത്രത്തിലാണെന്നോ എന്നാണെന്നോ മറുപടി നല്‍കാന്‍ ആവലാതിക്കാരിക്കായില്ല. വിസ്താരം നടക്കുന്ന കേസില്‍ ബലാല്‍സംഗത്തിനിരയായെന്ന് പറയുന്ന പെണ്‍കുട്ടിയുടെ ഫോട്ടോയും പേരും വിലാസവുമെല്ലാം പത്രങ്ങളില്‍ നിത്യവും വരുന്നുണ്ടെന്നായി വക്കീലമ്മ. പെണ്‍കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്നായി കോടതി. ഇല്ലെന്ന് മറുപടി പറഞ്ഞതോടെ നിയമവശം വശത്തല്ലെന്ന് സ്വയം തെളിയിച്ചു. അങ്ങനെ ആ പരാതി പിന്‍വലിക്കാമെന്ന് സ്വയം തീരുമാനിച്ചു.
ദാണ്ടെ..അതേ ആവലാതിയില്‍ തന്നെ അടുത്ത ആരോപണം. കോടിക്കകത്ത് 'അധിക്രമിച്ചുകയറി' വിസ്താരവും ക്രോസ് വിസ്താരവും പകര്‍ത്തി പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത്രെ. കോടതിയും ഒന്നുഞെട്ടി. ഇവിടെ 'ഇന്‍ കാമറ' ഘടിപ്പിച്ചല്ലല്ലോ വിസ്താരം നടക്കുന്നതെന്ന് ആവലാതിക്കാരിയോടുതന്നെ ചോദിച്ചു. ഓപ്പണ്‍ കോര്‍ട്ടാണിതെന്നറിയാതെ പറഞ്ഞ പരാതിയും പിന്‍വലിച്ചു.




എന്നിട്ടും വിടാന്‍ ഭാവമില്ലാതെ വക്കീലമ്മ തൊടുത്ത അടുത്ത ശരവും. വിസ്താരവും ക്രോസ് വിസ്താരവും അശ്ളീല ചുവയോടെ എരുവുംപുളിയും ചേര്‍ത്ത് പ്രസിദ്ധീകരിക്കുകയാണ് പത്രങ്ങളെന്നായി അടുത്ത ആരോപണം. കോടതിക്ക് ചെറിയ ചിരി. നിങ്ങളാരെങ്കിലും അങ്ങനെ വല്ലതും വായിച്ചോ എന്ന് കോടതിയിലുണ്ടായിരുന്ന മറ്റു വക്കീലന്‍മാരോടാരാഞ്ഞു. ഏതെങ്കിലും ഒരു പത്രം അത്തരത്തില്‍ വാര്‍ത്ത കൊടുത്തിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ തയ്യാറാവണമെന്ന് പരാതിക്കാരിയോട് കോടതി പറഞ്ഞുനോക്കി. പത്രങ്ങള്‍ അരിച്ചുപെറുക്കി വായിച്ച് കോടതിയില്‍ കയറുന്ന വക്കീലന്‍മാരും സാക്ഷാല്‍ കോടതിയും ആരോപണത്തെ തള്ളി.


ഇതോടെ പരാതിയിലെ മറ്റൊരുഭാഗം കോടതിയില്‍ പരാമര്‍ശിക്കപ്പെട്ടു. കേട്ടാല്‍ ആളെ തേടി കല്ലെറിയില്ലെങ്കില്‍ പറയാം. പത്രങ്ങളില്‍ ഇങ്ങനെ വാര്‍ത്തകള്‍ വന്നാല്‍ 'ഭാവിയില്‍ ഉണ്ടാവുന്ന പീഡന-ബലാല്‍സംഗ കേസുകളില്‍' പരാതി പറയാന്‍ ഇരകളും ബന്ധുക്കളും മടിക്കുമെന്നാണ് വക്കീലമ്മയുടെ കണ്ടുപിടുത്തം. ഭാവിയിലും ബലാല്‍സംഗം നടക്കണമെന്നും അതും "എരുവും പുളിയും' ചേര്‍ക്കാത്ത വിധത്തിലായിരിക്കണമെന്നുമാണ് വക്കീലമ്മയുടെ അമ്മമനസ്സ് പറഞ്ഞുതരുന്നത്. ഇതെല്ലാം കേട്ട് എന്തെങ്കിലും ഒരു തീരുമാനം പറയാന്‍ കോടതിക്കുപോലും ലജ്ജയായി. എന്നാല്‍ പിന്നെ, ആ പരാതിയും 'പ്രസ്സ്' ചെയ്യുന്നില്ലെന്നായി വക്കീലമ്മ.




ഭര്‍ത്താവ് പീഡിപ്പിച്ചെന്നും ഭര്‍ത്തിവിനെ പീഡിപ്പിച്ചെന്നുമൊക്കെയായി സ്വന്തം കാര്യത്തിന് കുറേക്കാലം കുടുംബകോടതിയില്‍ കയറിയിറങ്ങേണ്ടിവന്ന വക്കീലമ്മക്ക് യഥാര്‍ഥനിയമവും മനസാക്ഷിയും മാനസികനിലയും എല്ലാം കുറയുകയാണോ ആവോ?

Thursday 14 July 2011

അറിഞ്ഞില്ലെ, മ്മടെ ഗോവിന്ദസ്വാമിക്ക് ആളൂരുവക്കീലിനോടിപ്പോള്‍ കെലിപ്പാ...

അത്യാവശ്യം കഞ്ചാവും മയക്കുമരുന്നും പുകവലിയുമൊക്കെയുള്ള ഗോവിന്ദസ്വാമിക്ക് 'സ്വാമി' കിട്ടാതായിട്ട് നാളേറെയായത്രെ. ജയിലില്‍ നല്ല കാശ് കൊടുത്താലെ 'സ്വാമി' കിട്ടൂ. മാനോം മര്യാദയും ഇല്ലാത്തവരാണ് ജയിലിലെ 'പുള്ളി'ക്കാരിലധികവുമെങ്കിലും പെണ്‍വിഷയത്തില്‍ വരുന്നവരെയൊക്കെ നന്നായി പെരുമാറാറുണ്ട്. അക്കൂട്ടത്തില്‍ പേരെടുത്ത് വന്ന ഗോവിന്ദസ്വാമിക്ക് സഹ'പുള്ളി'ക്കാരില്‍ നിന്ന് കിട്ടിയത് ചെറുതായൊന്നുമല്ലത്രെ. ഇടിയൊക്കെ നിലച്ചതോടെ സ്വാമി സുന്ദരനാണിപ്പോള്‍. ഒന്നുപുകച്ചുവലിക്കാന്‍ 'സ്വാമി' കിട്ടുന്നില്ലെന്ന പരാതിമാത്രമെ ഇപ്പോഴുള്ളൂ. കാര്യം ജയിലാണെങ്കിലും വെറുതെ ആരും ഇത്രവിലപിടിപ്പുള്ള മുതല്‍ കൊടുക്കില്ല. കിട്ടുന്ന പണത്തിന്റെ നല്ലൊരുശതമാനം ഏമ്മാന്‍മാര്‍ക്കായതിനാല്‍, ഗോവിന്ദസ്വാമിമാരില്‍ നിന്ന് വില ഇരട്ടിയാണ് ജയിലിലെ കഞ്ചാവുമുതലാളിമാര്‍ ഈടാക്കുന്നത്.


നേരം വെളുത്താല്‍ വൈകുംവരെ പ്രതിക്കൂട്ടില്‍ കയറിനില്‍ക്കാനായി 'പുള്ളി'ക്കാരന്‍ പുറത്തു പോരണം. ഇതോടെ അത്യാവശ്യം കൂലികിട്ടുന്ന പണി ജയിലില്‍ ചെയ്യാനാവാത്ത സ്ഥിതി. കയ്യില്‍ കാശില്ലാതെ ജയിലിലും ജീവിക്കാനാവില്ലെന്ന് വച്ചാല്‍ എന്തുചെയ്യും. അത്യാവശ്യം വട്ടച്ചെലവിന് കാശ് തരാമെന്ന് വക്കീല്‍ പറഞ്ഞിരുന്നു. എന്നും കാണുന്നുണ്ടെങ്കിലും കാശിന്റെ കാര്യം പറയുന്നില്ല. 'വക്കീല്‍ ഫീസ് ചോദിക്കട്ടെ! അപ്പോള്‍കാണാം എന്റെ തനിനിറം'-ഗോവിന്ദസ്വാമി മനസ്സില്‍ പറയുന്നതിങ്ങനെയാണ്.
കഞ്ചനടിക്കാന്‍ കാശും തരുന്നില്ല, വിസ്താരമാണെങ്കില്‍ വേണ്ടാത്തത് ചോദിച്ച് കുളമാക്കുന്നുമുണ്ട്. ചോദിച്ച് ചോദിച്ച് ഏറെക്കുറെ ചെയ്ത കുറ്റം വക്കീല്‍തന്നെ തെളിയിച്ചിരിക്കുകയാണ്. ട്രെയിനില്‍ കണ്ടവരോടെല്ലാം ചോദിച്ച് അക്കാര്യം ഉറപ്പിച്ചു. ലേഡീസ് കമ്പാര്‍ട്ടുമെന്റിലേക്ക് മാറി കയറിയെന്നകാര്യവും വക്കീല്‍ തന്നെ സ്ഥിരീകരിച്ചു. ആറു മിനിറ്റുകൊണ്ട് ഒന്നില്‍നിന്ന് മറ്റൊരുകമ്പാര്‍ട്ടുമെന്റിലേക്ക് കയറാന്‍ കഴിയുമോ എന്ന് റെയില്‍വെ ഗാര്‍ഡിനോടുമാത്രമല്ല, വള്ളത്തോള്‍നഗര്‍ സ്റ്റേഷന്‍മാസ്റ്ററോടും ആളൂരാന്‍ ചോദിച്ചുറപ്പിച്ചു.


കമ്പാര്‍ട്ടുമെന്റിനുള്ളില്‍നിന്നുളള സ്ത്രീയുടെ നിലവിള മൂന്നുതവണ മാത്രമാണ് കേട്ടതെന്ന് മൂന്നുപേരുടെ മൊഴിയാണ് ഇഷ്ടന്‍ രേഖയാക്കിയത്. ട്രെയിനില്‍വച്ച് നാലുതവണ തല ആഞ്ഞടിക്കുന്നതോടെ പെണ്‍കുട്ടിയുടെ ശബ്ദം നിലക്കുമെന്ന കാര്യം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറെകൊണ്ടും പറയിപ്പിച്ചു. വലതുകൈ കൊണ്ടാണ് ആക്രമണംനടത്തിയതിനാല്‍ അവരുടെ ഇടതുഭാഗത്താണ് പരിക്കുകളധികമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ വലതുകൈ പിടിച്ച് പിടിച്ചുതിരിക്കുമ്പോഴുണ്ടായ പാടുകള്‍ ഉണ്ടെന്ന്, പ്രതി വലതുകൈ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ വലതുഭാഗത്ത് വല്ല പരിക്കുണ്ടോ എന്ന് മനപ്പൂര്‍വം ചോദിച്ചുവാങ്ങിയ ഉത്തരമാണ്.




നഖത്തിന്റെ ഉള്ളില്‍നിന്ന് ആ പെണ്‍കുട്ടിയുടെ തൊലി കണ്ടെത്തിയതിന്റെ പരിശോധന റിപ്പോര്‍ട്ടെല്ലാം പൊലീസ് സര്‍ജനില്‍ നിന്ന് കോടതിക്ക് വാങ്ങികൊടുത്തു. ആ ഡോക്ടറാണെങ്കില്‍ ഉള്ളകാര്യം എല്ലാം ചോദിച്ചറിയുകയും അത് മൊഴിയാക്കി രേഖപ്പെടുത്തുകയും ചെയ്തതിനുപിന്നാലെയാണ് വക്കീലിന്റെ കുണാപ്പ് ചോദ്യം. 'എന്റെ കാര്യം കട്ടപ്പൊക, സമ്പാദ്യം മുഴുവനും വക്കീലിനുകൊടുത്ത് തൂക്കിലേറേണ്ട അവസ്ഥ!'-ഗോവിന്ദസ്വാമി പിന്നെയും വിതുമ്പി.


പെണ്ണ് സ്വയം ചാടിയതാണെന്ന് ആദ്യം പറഞ്ഞുനോക്കി. അന്നാല്‍ അതില്‍ ഉറച്ചുനില്‍ക്കേണ്ടേ. വണ്ടിയുടെ കുടുക്കത്തിനിടെ അബദ്ധത്തില്‍ വീണതാകാമെന്നായി പിന്നെ. അങ്ങനെ വീഴുന്നവര്‍ കൈകുത്തി തൊട്ടടുത്തുതന്നെ വീഴുമെന്ന് ഡോക്ടര്‍മാരും റെയില്‍വെ ഉദ്യോഗസ്ഥരുമെല്ലാം പറഞ്ഞതോടെ അതെല്ലാം പൊളിഞ്ഞു. എന്നാലും പറഞ്ഞകാര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നതിനുതകുന്ന കാര്യങ്ങള്‍ ചോദിച്ച് ഒപ്പിച്ചെടുക്കേണ്ടേ. അതിനുംകഴിയാത്ത കഴുത!.
ട്രെയിനില്‍വച്ചുതന്നെ അവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അബോധാവസ്ഥയിലായെന്നും എടുത്ത്കൊണ്ടുപോയി മറ്റൊരിടത്തിട്ട് ബലാല്‍സംഗം ചെയ്തെന്നും കൃത്യമായിതന്നെ ഡോക്ടര്‍മാരും പൊലീസും പറഞ്ഞപ്പോള്‍ മുങ്ങാനുള്ള ഒരുക്കത്തിലാവും വക്കീല്‍. 'വിടില്ല ഞാന്‍...വിടില്ല..'-ഗോവിന്ദസ്വാമിക്ക് നൊമ്പരം.


ആളൂരാനാള് കള്ളനാ. കുറേപേരുടെ കയ്യില്‍നിന്ന് കേസിന്റെ പേരുപറഞ്ഞ് കാശ് വങ്ങി. വിസ്താരം പാതിയില്‍ നിര്‍ത്തി മുങ്ങുകയാണ് പതിവ്. ബോംബെയിലെ താന കോടതിയില്‍ പ്രമാധമായ നീരജ ഗുപ്ത കൊലക്കേസില്‍ ഇങ്ങനെയൊന്ന് സംഭവിച്ചു.


ആറുപേര്‍ ചേര്‍ന്ന് കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത് കൊന്നെന്നാണ് കേസ്. വക്കാലത്ത് പിന്‍വലിക്കാനും സാക്ഷികള്‍ക്ക് ചെലവിന് കൊടുക്കാനും ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനാണ് താന കോടതി ഉത്തരവിട്ടത്. അങ്ങനെയെന്തെങ്കിലും തൃശൂരിലുണ്ടായാല്‍...ഗോവിന്ദസ്വാമിയുടെ മുഖം ചുവന്നു.