വക്കീലാണ്..ദേ കോട്ട് കണ്ടാ..
നിയമോന്നറിയേല. എന്നാലും വാദിക്കും...
സത്യംമാത്രേ പറയൂ.
.സത്യമല്ലാതൊന്നും നിങ്ങളോട് പറയേംഇല്ല

Thursday 28 July 2011

'അന്റെ കയ്യില്‍ എന്ത് തേങ്ങണ്ട്ന്ന്'..





'അന്റെ കയ്യില്‍ എന്ത് തേങ്ങണ്ട്ന്ന്'... അറസ്റ്റുവാറണ്ടുമായി ചെന്ന ക്യാപ്റ്റന്‍ രാജുവിന്റെ പൊലീസ് വേഷത്തോട് മണ്‍മറഞ്ഞ എന്‍.എഫ് വര്‍ഗീസിന്റെ വില്ലന്‍ കഥാപാത്രത്തിന്റെ ചോദ്യമാണിങ്ങനെ. നമ്മടെ വക്കീലാനോടും ചില സാക്ഷികള്‍ ഇങ്ങനെയൊക്കെ ചോദിക്കുന്നുണ്ട്.


ചൂടുവെള്ളം ഉണ്ടാക്കുന്ന മെഷിന്‍ വിതരണക്കാരനും കോഴിക്കോട്ടുകാരനുമായ ഒരു സാക്ഷിയോട് 'കനപ്പെട്ട' ചോദ്യങ്ങളുന്നയിച്ചാണ് വക്കീലാന്‍ വിലസാന്‍ തുടങ്ങിയത്. പക്ഷെ, സാക്ഷിയുടെ മറുപടി  ചൂടുവെള്ളം മുഖത്തേക്കൊഴിച്ചതുപോലെയായിരുന്നു. തന്നെ ബോധപൂര്‍വ്വം ആക്ഷേപിക്കുകയാണെന്നും ഹരാസ്സ് ചെയ്യുന്നെന്നുമെല്ലാം അന്ന് സാക്ഷി കോടതിയോട് പരാതിപ്പെട്ടിരുന്നു.


ഒരാള്‍ വീഴുകയും ഒരാള്‍ ചാടുകയും ചെയ്ത സംഭവം ഗൌരവമുള്ളതല്ലേ? പോരാത്തതിന് ചാടിയ തമിഴനെ നിങ്ങള്‍ വണ്ടിയില്‍ നിന്നുകൊണ്ടുതന്നെ ചോദ്യം ചെയ്തു, എന്നിട്ടും നിങ്ങള്‍ എന്താ ഒപ്പം ചാടാതിരുന്നത്?-വക്കീലാന്റെ ചോദ്യം കേട്ട് സാക്ഷി ഞെട്ടി. 'എനിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഒപ്പം ചാടിയാല്‍ എനിക്ക് പണികിട്ടുമെന്ന് കരുതിയതിനാലാണ് ചാടാന്‍ മടിച്ചത്'-സാക്ഷി മറുപടി നല്‍കി. ('അപ്പോള്‍ എന്റെ കാലൊടിയില്ലേ പഹയാ... എന്നേംകൂടി കൊല്ലാനാണല്ലേ പരിപാടി!'..എന്ന് മനസ്സിലും സാക്ഷി പറഞ്ഞുകാണണം). പിന്നിലെ കമ്പാര്‍ട്ടുമെന്റില്‍ എന്താണ് അപ്പോള്‍ സംഭവിച്ചതെന്നറിയാന്‍ ആകാംക്ഷയുള്ളതിനാലാണ് അവസാന സ്റ്റേഷനില്‍ വണ്ടിനിര്‍ത്തിയപ്പോള്‍ ഗാര്‍ഡിനോട് വിവരം പറഞ്ഞത്.




നിങ്ങളെ ഡോ.സുകുമാര്‍ അഴീക്കോട് പൊന്നാട അണിയിച്ചിട്ടുണ്ടോ?-സാക്ഷി ഒന്നു ചിരിച്ചു. മറുപടി കിട്ടിയില്ലെങ്കില്‍ അഴീക്കോടിനെ കോടതി കയറ്റേണ്ടിവരും-വക്കീലാന്റെ ഭീഷണി. ഒടുവില്‍ സാക്ഷിക്ക് സത്യം പറയേണ്ടിവന്നു. 'എന്നെ അഴീക്കോട് പൊന്നാട അണിയിച്ചിട്ടില്ല'. വക്കീലാന് സമാധാനമായി. നിങ്ങള്‍ക്ക് ഒരുമണിക്കൂര്‍ നേരം പ്രസംഗിക്കാനറിയുമോ?-ചോദ്യം വീണ്ടും.. സാക്ഷി സത്യം പറഞ്ഞുകൊണ്ടേയിരുന്നു.


സാക്ഷിയുടെ ചിത്രം അച്ചടിച്ച ഒരു പത്രത്താള്‍ വക്കീലാന്‍ ഉയര്‍ത്തിക്കാട്ടി. 'ഇതൊന്നു വായിക്കണം മിസ്റ്റര്‍ സാക്ഷീീീീ...ഇതുവായിച്ചിട്ടേ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാവൂൂൂ മിസ്റ്റര്‍..' ഇതുവായിച്ച് ഉത്തരം പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് പറഞ്ഞ സാക്ഷി കോടതിയെ ഒന്നു നോക്കി. ഇതെന്തുഭ്രാന്താണെന്ന മട്ടില്‍ കോടതി വക്കീലാനെയും നോക്കി. 'എന്തേ നിങ്ങള്‍ക്ക് മലയാളം വായിക്കാന്‍ അറിയില്ലേ മിസ്റ്റര്‍... ഇതില്‍ പറയുന്ന ആവേശം നിങ്ങള്‍ ട്രെയിനില്‍ കാണിച്ചിരുന്നെങ്കില്‍ കേസിനാസ്പദമായ സംഭവം നടക്കുമായിരുന്നില്ല സാക്ഷീീീീ.. ഇയാള്‍ക്ക് ഒരുമണിക്കൂര്‍ നേരം നന്നായി പ്രസംഗിക്കാന്‍ ആറിയാമെന്നതിനുള്ള ഒരു തെളിവായി ഈ പത്രം രേഖപ്പെടുത്തണമെന്നാണ് എന്റെ അപേക്ഷ'-വക്കീലാന്റെ അപേക്ഷ കോടതി നിഷേധിച്ചു; വക്കീലാന്‍ പല്ലുകടിക്കുന്നു.


'കാര്യം ശരിയാണ്..ഒരു കാര്യം കണ്ടാല്‍ നേരെ ഗാര്‍ഡിനോടും ആര്‍.പി.എഫിനോടും(റെയില്‍വെ സംരക്ഷണ സേന) പോയി പറയുകയാണോ വേണ്ടത്? 100 എന്ന ടോള്‍ ഫ്രീ നമ്പര്‍ കുത്തിയാല്‍ പൊലീസ് സ്റ്റേഷന്‍ കിട്ടുമെന്ന് അറിയില്ലേ മിസ്റ്റര്‍ സാക്ഷീീീീ'... ആര്‍.പി.എഫില്‍ പറഞ്ഞ സ്ഥിതിക്ക് ഇനി നൂറ് കുത്തണോ സര്‍... സാക്ഷി വിനീതമായി ചോദിച്ചു. 'എന്താ നിങ്ങള്‍ ഇങ്ങനെ പറയുന്നത്, ആര്‍.പി.എഫിലല്ലോ നൂറിലല്ലേ കുത്തേണ്ടത്'-വക്കീലാന്‍ ചോദ്യം തുടര്‍ന്നു. സര്‍ക്കാര്‍ വക്കീല്‍ ചിരിക്കുന്നു.




'എന്നാല്‍ വേണ്ട..ട്രെയിനിലുള്ളില്‍ എമര്‍ജന്‍സി നമ്പര്‍ എഴുതിയിട്ടുണ്ടല്ലോ..അതില്‍ നോക്കി തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കാമായിരുന്നില്ലേ?'...ഇതുകേട്ടപ്പോള്‍ വക്കീലാനോട് കോടതിയുടെ ചോദ്യം-'നിങ്ങള്‍ ട്രെയിനില്‍ കയറിയിട്ടുണ്ടോ?' കയറിയിട്ടുണ്ടെങ്കില്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കില്ല, ഏത് ട്രെയിനിലാണ് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെ നമ്പര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്?. കേട്ടവര്‍ക്ക് ചിരി. 'ഇല്ലെങ്കില്‍ റെയില്‍വേക്കെതിരെയാണ് നടപടി വേണ്ടത്'-ഇങ്ങനെ പറഞ്ഞ് വക്കീലാന്‍ പിന്ന്യേം പല്ലുകടിച്ചു.
സംഭവദിവസം സംഭവം നടന്ന പാസഞ്ചറില്‍ സഞ്ചരിക്കുന്നതിന് റെയില്‍വെയില്‍ നിന്നെടുത്ത ടിക്കറ്റ് സൂക്ഷിച്ചതിന് സാക്ഷിയെ വക്കീലാന്‍ കൊന്നില്ലന്നേയുള്ളൂ.




ഒലവക്കോടുള്ള ഒരു ആക്രിക്കടയിലെ ഇടപാടുകാരനായിരുന്നു വക്കീലാന്റെ അടുത്ത ഇര. പക്ഷെ, ഇവന്‍ ആളു പുപ്പുലിയായിരുന്നു. ഇത്തിരി ക്രിമിനല്‍ കേസുകളുടെ മണമുള്ള അസ്സല്‍ 'പുള്ളി'. മ്മടെ സ്വാമിയുടെ കയ്യിലുണ്ടായ എല്‍.ജി ബ്ളാക്ക് മൊബൈല്‍ വിറ്റ് കാശാക്കാന്‍ ചിലരെ പരിചയപ്പെടുത്തിയ 'ദൌത്യ'മായിരുന്നു ടിയാന്റേത്. ആളുപക്ഷെ, പ്രതിയുടെ ആളല്ലാത്തതിനാല്‍ വക്കീലാന്‍ വിട്ടില്ല. നിറുത്തി പൊരിച്ചു. നിന്നെക്കുറിച്ച് എനിക്കറിയാമെടാ...നിന്റെ പേരില്‍ പാലക്കാടും ഒറ്റപ്പാലത്തും ഉളള കോടതികളിലിലുള്ള 'സി.ആര്‍.പി.സി' എന്റെ കൈവശമുണ്ട്. വെറുതെ വിടില്ല മോനേ...വക്കീലാന്‍ ഇവിടത്തെ കോടതിയില്‍ കിടന്ന് വീമ്പിളക്കി.


അപ്പോഴാണ് സാക്ഷിയുടെ മനസ്സ് മന്ത്രിച്ചത്..
'അന്റെ കയ്യില്‍ എന്ത് തേങ്ങണ്ട്ന്ന്'...

1 comment:

  1. മറുപടി കിട്ടിയില്ലെങ്കില്‍ അഴീക്കോടിനെ കോടതി കയറ്റേണ്ടിവരും-വക്കീലാന്റെ ഭീഷണി. ഒടുവില്‍ സാക്ഷിക്ക് സത്യം പറയേണ്ടിവന്നു. 'എന്നെ അഴീക്കോട് പൊന്നാട അണിയിച്ചിട്ടില്ല'. വക്കീലാന് സമാധാനമായി.

    ReplyDelete