വക്കീലാണ്..ദേ കോട്ട് കണ്ടാ..
നിയമോന്നറിയേല. എന്നാലും വാദിക്കും...
സത്യംമാത്രേ പറയൂ.
.സത്യമല്ലാതൊന്നും നിങ്ങളോട് പറയേംഇല്ല

Monday 25 July 2011

നിയമ..അജ്ഞരെ... നീതി പുലര്‍ത്തണമേ




ചിലര്‍ക്കൊരു വിചാരമുണ്ട്; വാ തുറക്കാതെ ഊര(വാ മൊഴി) കടിക്കണമെന്ന്. അതാണ് ഇവിടെ കാണുന്നത്.  കാര്യം എത്രവലുതാണെങ്കിലും ഒറ്റ ശ്വാസത്തില്‍ അഭിപ്രായം പറഞ്ഞ് തീര്‍ക്കണം. പിന്നെ, അവിടേക്ക് തിരിഞ്ഞുനോക്കേം ഇല്ല. കഴിഞ്ഞ അനുഭവങ്ങള്‍ എല്ലാം ഇക്കാര്യം ശരിവക്കുന്നു.
ലോകത്തെയാകെ ഞെട്ടിച്ച സൌമ്യ കേസിന്റെ കാര്യത്തിലും ഇങ്ങനെ ചില അഭിപ്രായ വീരന്‍മാരുണ്ട്. 'എന്തിനാണീ കേസ് ഇങ്ങനെ വലിച്ചുനീട്ടുന്നത്'-തൃശൂരിലെ അഭിഭാഷകര്‍ക്കും അവരുടെ ക്ളാര്‍ക്കുമാര്‍ക്കുമിടയില്‍ കുറച്ചു കാലമായി നടക്കുന്ന ഇങ്ങനെയൊരു ചര്‍ച്ച-ചില മാധ്യമ പ്രവര്‍ത്തകരും ഏറ്റുപിടിച്ചിട്ടുണ്ട്. രണ്ടുകൂട്ടര്‍ക്കും അവരുടേതായ ന്യായങ്ങളാണ്. ഞാനാണ് നിയമത്തില്‍ കേമനെന്ന് മറ്റുള്ളവരെ അറിയിക്കാനാണ് ആദ്യ വിഭാഗത്തിലെ ചിലര്‍ ശ്രമിക്കുന്നത്. ചെയ്യുന്ന പണിക്ക് മടുപ്പ് വരുമ്പോഴാണ് രണ്ടാമത്തെ വിഭാഗം ഇതേറ്റുപിടിക്കുന്നത്.
രണ്ടുകൂട്ടരും അതിവേഗത്തില്‍ വിധിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. നല്ലത്! പക്ഷെ, അതുണ്ടാക്കുന്ന പൊല്ലാപ്പിനെക്കുറിച്ചോ പഴുതിനെക്കുറിച്ചോ ഇവര്‍ ചിന്തിക്കുന്നില്ല. മുമ്പും അതിവേഗത്തില്‍ പറഞ്ഞ വിധികളുടെ അവസ്ഥ ഇന്നെന്തെന്ന് ചോദിച്ചാല്‍ അത് വക്കീലിന്റെ മിടുക്ക് എന്ന് പറഞ്ഞ് ഇത്രയും കാലത്തെ ആവലാതിക്കും വിമര്‍ശങ്ങള്‍ക്കും വിരാമമിടും. പഴുതുകളടക്കാതെ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കാതെ പറയുന്ന അതിവേഗ വിധിക്ക് നിലനില്‍പ്പുണ്ടാകില്ലെന്നതാണ് വാസ്തവം. 
മാള, പെരിഞ്ഞനം കോവിലകം ഇരട്ട കൊലപാതക കേസും മോഷണവുമടക്കം നിരവധി കേസുകളില്‍ പ്രതിയെ  തൂക്കിലേറ്റാന്‍ തൃശൂരില്‍ അതിവേഗം വിധിച്ചിരുന്നു. കേസില്‍ അപ്പീല്‍കോടതി വെറുതെ വിട്ട പ്രതി ഇന്ന് ഹീറോയായി വിലസുന്നു. ചെറുതുരുത്തിയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പിഞ്ചോമന ഷമീമിന്റെ കേസ് അതിവേഗം കൈകാര്യം ചെയ്തപ്പോള്‍ പ്രതികള്‍ക്ക് തുണയായി. ഇരട്ടക്കൊല കേസുകളില്‍ വേണ്ടത്ര സാക്ഷികളുണ്ടായിട്ടും മുഴുവന്‍ പേരെയും വിസ്തരിച്ചിരുന്നില്ല. ഷമീം കേസിലും വിസ്താരത്തില്‍ പോരായ്മകളുണ്ടായി. രണ്ടിലും സര്‍ക്കാര്‍ നിയോഗിച്ചവരാണ് പ്രതികള്‍ക്കായി വാദം നടത്തിയത്.


154 സാക്ഷികളെ വിസ്തരിക്കേണ്ട സൌമ്യ കേസില്‍ പ്രതിക്ക് പ്രമുഖനായ ക്രിമിനല്‍ വക്കീലാണ് വാദം നടത്തുന്നത്. അപ്പീല്‍ കോടതിയിലേക്കുള്ള പഴുതുകള്‍ സമ്പാദിക്കലാണ് വിചാരണ കോടതിയില്‍ വക്കീലാന്റെ പ്രധാന ലക്ഷ്യം. കോടതിയിലെ ക്രോസ് വിസ്താരം അത്രമേല്‍ മിടുക്കോടെയാണ് മുന്നോട്ടുപോകുന്നത്. തങ്ങള്‍ക്ക് പിടിക്കാത്ത മറുപടികളും മൊഴികളുമാണെങ്കില്‍ സാക്ഷിയെ സംശയപ്പെടുത്തി കാര്യം കാണാന്‍പോലും ശ്രമം നടത്തുന്നു. എതിര്‍പ്പുണ്ടായാല്‍ ക്രോസ് നിര്‍ത്തുമെന്ന് പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തിയാണെങ്കിലും കാര്യം നേടാന്‍ വക്കീലാനാവുന്നുണ്ട്. 
നേര്‍ക്കാഴ്ച്ചക്കാരും അനുഭവസ്ഥരും നാട്ടിന്‍പുറത്തുകാരുമായ സാക്ഷികളുടെ സത്യസന്ധതയും സാമൂഹ്യതാല്‍പര്യവുമാണ് പ്രോസിക്യൂഷന് മുതല്‍ക്കൂട്ട്. ജൂണ്‍ ആറിനാണ് കേസില്‍ വിചാരണ തുടങ്ങിയത്. ഇന്നേക്ക്(25-07-11) 41 പ്രവര്‍ത്തി ദിവസങ്ങള്‍ കഴിഞ്ഞു. ഇതില്‍ മൂന്നോ നാലോ ദിവസം മാത്രമാണ് വിസ്താരം ഇല്ലാതിരുന്നത്. അതിന് അതിന്റേതായ ന്യായങ്ങളുമുണ്ട്. വിസ്താരം വൈകിപ്പിക്കുകയാണെന്നും ആവശ്യമില്ലാത്ത സാക്ഷികളെ വിസ്തരിപ്പിക്കുകയാണെന്നുമുള്ള ഇല്ലാവചനങ്ങളാണ് ബാര്‍ അസോസിയേഷന്‍ കൂടാരത്തില്‍ മുഴങ്ങുന്നത്.


കോടതിയെയും പലവഴി പഴിപറയാന്‍ ശ്രമിക്കുന്നതും കേള്‍ക്കുന്നു. വിസ്താരം വൈകിപ്പിക്കുന്നതില്‍ കോടതിക്കും പങ്കെന്നാണ് 'പുകച്ചും കുടിച്ചും' ചില 'നിയമജ്ഞര്‍' വീമ്പിളക്കുന്നത്. വന്ന പണി ചെയ്ത് വീട്ടില്‍ പോകാന്‍ നോക്കാതെ വല്ലവരുടെയും കഞ്ഞിയില്‍ മണ്ണുവാരിയിടണോ നിയമ..അജ്ഞരെ? ഇടക്കു കയറിവന്ന വക്കീലാന്റെ വീമ്പത്തരം കേട്ടാണ് തൃശൂരിലെ ചില നിയമജ്ഞര്‍ സൌമ്യ കേസ് വേഗത്തിലാക്കാനുള്ള സംവാദം നടത്തുന്നത്. 


വക്കീലാന്റെ കൂര്‍മ്മബുദ്ധി ഇരട്ടക്കൊല കേസിന്റെ പ്രതിയെ പോലെ ഗോവിന്ദചാമിയെയും പുറത്തുകൊണ്ടുവരികയാണ്. പൂണൈ കോടതിയിലും മുംബൈ ഹൈക്കോടതിയിലും പയറ്റിത്തെളിഞ്ഞ അദ്ദ്യേം പണം വാങ്ങിയതിനുള്ള പണിയെടുക്കുകയാണ്-കോടതിക്ക് അകത്തും പുറത്തും. ഓഹരി കിട്ടുന്നവര്‍ക്ക് സംവാദം കൊഴുപ്പിക്കാം. അല്ലാത്തവര്‍ സൌമ്യയുടെ കുടുംബത്തോടും സമൂഹത്തോടും നീതി പുലര്‍ത്തണം.



1 comment:

  1. കോടതിക്ക് അകത്തും പുറത്തും. ഓഹരി കിട്ടുന്നവര്‍ക്ക് സംവാദം കൊഴുപ്പിക്കാം. അല്ലാത്തവര്‍ സൌമ്യയുടെ കുടുംബത്തോടും സമൂഹത്തോടും നീതി പുലര്‍ത്തണം.

    ReplyDelete