വക്കീലാണ്..ദേ കോട്ട് കണ്ടാ..
നിയമോന്നറിയേല. എന്നാലും വാദിക്കും...
സത്യംമാത്രേ പറയൂ.
.സത്യമല്ലാതൊന്നും നിങ്ങളോട് പറയേംഇല്ല

Wednesday 10 August 2011

'പ്രശസ്ത'രേ, ഈ കേസ് ഞാനറിഞ്ഞീല്ല കേട്ടോ


'പ്രശസ്ത'രേ, 
ഈ കേസ് ഞാനറിഞ്ഞീല്ല കേട്ടോ


ഇത്തിരി തിരക്കിലായിരുന്നു. ഒരു സോറി പറഞ്ഞിട്ട് വാദം തുടങ്ങാം. തിരക്കുണ്ടായതിലല്ല സോറി. കേസിനാസ്പദമായ സംഭവം വക്കീലാനറിഞ്ഞില്ലെന്നതില്‍. ഇവിടെ ഉണ്ടാവാത്തതിന്റെ ഒരു കുറവായി കരുതണം. കോടതിയില്‍ വന്നിട്ട് ദിവസങ്ങളായി. മുംബൈയിലാണെന്നാ പറഞ്ഞിരിക്കുന്നത്. സത്യം നിങ്ങളുമറിയേണ്ട.


പുതിയ കേസ് നിങ്ങള്‍ മറന്നിരിക്കും. ഇന്നേക്ക് അഞ്ചുദിവസം മുമ്പാണ് സംഭവം. കേരള രാഷ്ട്രീയത്തില്‍ വി.എസ് എന്ന മഹാവൃക്ഷത്തെ പിടിച്ചുകുലുക്കിയ കേസ്. വി.എസിനെ കോലംകെടുത്താന്‍ തുനിഞ്ഞിറങ്ങിയ ലതികാ സുഭാഷെന്ന വനിതാ നേതാവ് തെരഞ്ഞെടുപ്പ് സ്പെഷലായി കൊടുത്ത കേസ് സ്വമേധയാ പിന്‍വലിച്ചതാണ് വിചാരണക്ക് വിധേയമാക്കുന്നത്. 


'സ്ത്രീത്വത്തിനെ ആകെ വെല്ലുവിളിച്ച വി.എസിന്റെ തനിനിറം' കേരളീയര്‍ക്ക് മുന്നില്‍ കൊണ്ടുവരിക-അതായിരുന്നു മലമ്പുഴയിലെ തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നുയര്‍ന്നുവന്ന മുദ്രാവാക്യം. കോണ്‍ഗ്രസിലെയും ബി.ജെ.പിയിലെയും വനിതാ നേതാക്കളൊന്നടങ്കം സംഭവം ഏറ്റുപിടിച്ചു. പ്രക്ഷോഭം കൊടുങ്കാറ്റായി. ആഞ്ഞടിക്കുന്ന തിരമാലകണക്കെ വനിതാപോരാളികള്‍ കേരളത്തിലാകമാനം വി.എസ് വിരുദ്ധ പാതയില്‍ അണിചേര്‍ന്നു. ലതികാ സുഭാഷെന്ന മഹനീയ സാന്നിധ്യത്തെ മലമ്പുഴയിലെ മുക്കുംമൂലയിലും ആചാരാനുഷ്ഠാനങ്ങളില്ലാതെതന്നെ പ്രതിഷ്ഠിച്ചു. 




പീഡനത്തിനിരയായി മരിച്ച ശാരി എസ്.നായരുടെ പിതാവ് നല്‍കിയ കെട്ടിവക്കാനുള്ള തുകയാണ് വി.എസിനെതിരെയുള്ള പ്രധാന 'ആയുധ'മാക്കിയത്. അത് പക്ഷെ, തുടക്കത്തിലേ തൂറ്റി. 'തെരഞ്ഞെടുപ്പിന് നില്‍ക്കുകയാണ്, പിരിവുവേണം-ഇതുപറഞ്ഞ് കുറച്ചുപേര്‍ വീട്ടിലെത്തി. ലതികയും ഉണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കളല്ലേ എന്നുകരുതി അരിവാങ്ങാന്‍ വച്ച 100 രൂപ അവര്‍ക്ക് നല്‍കി. അത് വി.എസിനെതിരെ മല്‍സരിക്കാന്‍ ആവശ്യപ്പെട്ട് ഞാന്‍ നല്‍കിയതാണെന്ന രീതിയില്‍ ലതികാ സുഭാഷും കൂട്ടരും പ്രചരിപ്പിക്കുന്നത് നീതിയല്ലെന്ന് ശാരിയുടെ അച്ഛന്‍ പറഞ്ഞത് വിനയായി. എന്നാലും വിട്ടില്ല. വി.എസ് വിരുദ്ധ വികാരമുണ്ടാക്കാന്‍ ആവോളം പ്രസംഗിച്ചു. മലമ്പുഴക്കാര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കാന്‍ പോലും മിനക്കെട്ടില്ല.  മലമ്പുഴയിലേക്ക് 'ട്രെയിന്‍' കൊടുക്കാമെന്നോ വിമാനത്താവളം പണിയാമെന്നോ പറഞ്ഞില്ല. തീര്‍ത്തും വി.എസ് വിരുദ്ധ പോരാട്ടം തന്നെയായിരുന്നു.




മലമ്പുഴ വനിതകള്‍ക്കിടയില്‍ വി.എസിന്റെ 'സ്ത്രീ വിരുദ്ധ' നിലപാട് തുറന്നുകാട്ടി. 'മാന്യമായ മര്യാദയോടെ' നടക്കുന്ന സ്ത്രീകളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുകയും... ആക്ഷേപിക്കുകയും... അവഹേളിക്കുകയും... അധിക്ഷേപിക്കുകയും...പറഞ്ഞാല്‍ തീരാത്തത്രയും ക്രൂരവിനോദങ്ങള്‍ കാണിച്ച വി.എസിനെ തോല്‍പ്പിക്കാന്‍ വനിതാ വോട്ടര്‍മാര്‍ ഒറ്റക്കെട്ടാവണമെന്ന് ലതികയും സഹപ്രവര്‍ത്തകരും സമാനചിന്താഗതിക്കാരും മലമ്പുഴയില്‍ നിന്ന് ആഹ്വാനം ചെയ്തു. ആഹ്വാനം ശക്തിപ്രാപിച്ചു. കേരളമാകെ പടര്‍ന്നുപന്തലിച്ച് വന്‍ പ്രതിഷേധ മരമായി വിടര്‍ന്നു നിന്നു. നേതാവ് മലമ്പുഴയില്‍ മാത്രമല്ല, കേരളത്തിലാകെ 'പ്രശസ്ത'യായി. സംഗതി ഏശി..


വനിതകളും പുരുഷകേസരിമാരായ വോട്ടര്‍മാരും ചേര്‍ന്ന് മലമ്പുഴയില്‍ നിന്ന് വി.എസിനെ അങ്ങ് തെക്ക് അനന്തപുരിയിലേക്ക് 'ആട്ടിപ്പായിച്ചു'. ഇനി ആ സ്ത്രീവിരുദ്ധക്കിഴവന്റെ ശല്യമുണ്ടാകില്ല. അടുത്ത ഇലക്ഷനേ വരൂ. അന്നേരവും ശരിയാക്കിക്കളയാമെന്ന് ലതികക്ക് ആ നാട്ടുകാര്‍ ഉറപ്പും നല്‍കി. ലതിക സന്തോഷത്തോടെയാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. വിവാദമുണ്ടായ ശേഷം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് തനിക്ക് കിട്ടിയ പിന്തുണയാണ് ഏറ്റവും വലിയ വിധിയായി കണക്കാക്കുന്നതെന്ന് ലതിക പറഞ്ഞു. നാട്ടുകാരോടുള്ള ആദരസൂചകമായിട്ടാണ് അല്‍പ്പം വൈകിയിട്ടാണെങ്കിലും വി.എസിതിൈരെ നല്‍കിയ കേസ് പിന്‍വലിച്ചത്. എന്നാല്‍, വിവാദത്തെതുടര്‍ന്ന് വി.എസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണം പരിഗണിച്ചും അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്തുമാണ് പരാതി പിന്‍വലിക്കുന്നതെന്നാണ് കോടതിയെ ധരിപ്പിച്ചത്.


'പ്രശസ്ത' എന്ന പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനെതിരെ പാലക്കാട് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്)യിലാണ് കെ.പി.സി.സി സെക്രട്ടറി ലതികാ സുഭാഷ് കേസ് കൊടുത്തിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ലതിക,  തന്നെ സ്വഭാവഹത്യ നടത്തിയ വി.എസിനെ ശിക്ഷാനിയമം 509 പ്രകാരം തുറങ്കിലടക്കണമെന്നായിരുന്നു ഹരജി.


അഞ്ച് ദിവസംമുമ്പ്, അതായത് കഴിഞ്ഞ ശനിയാഴ്ച രാവിലെ 11ന് ലതിക പാലക്കാട് കോടതിയിലെത്തി ഹരജി പിന്‍വലിക്കുന്നതായി അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മലമ്പുഴ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.എസ് ഏപ്രില്‍ അഞ്ചിന് പാലക്കാട് പ്രസ്ക്ളബില്‍ നടത്തിയ മുഖാമുഖമാണ് വിവാദമായത്. ശക്തയായ എതിരാളിയായതുകൊണ്ടാണോ മണ്ഡലത്തില്‍ സജീവമായിരിക്കുന്നത്? എന്ന ചോദ്യത്തിന് 'അവര്‍ പ്രശസ്തയാണ്. അത് ഏതുതരത്തിലാണെന്ന് നിങ്ങളന്വേഷിച്ചാല്‍ മതി' എന്നായിരുന്നു വി.എസിന്റെ മറുപടി. 


വി.എസിന്റെ ഈ പരാമര്‍ശം വിവാദമാകുകയും സ്വഭാവഹത്യക്കെതിരെ ഏപ്രില്‍ ആറിന് തന്നെ ലതിക കോടതിയെ സമീപിച്ചു. തന്നെ മോശക്കാരിയായി ചിത്രീകരിച്ചും സ്ത്രീത്വത്തെ അപമാനിച്ചും വോട്ട് നേടാനുള്ള വിലകുറഞ്ഞ തന്ത്രം വി.എസ് പയറ്റിയെന്നായിരുന്നു ലതികയുടെ പരാതി. 30 വര്‍ഷമായി പൊതുപ്രവര്‍ത്തനം നടത്തുന്നയാളാണ് താനെന്നും ഭര്‍ത്താവും കുട്ടികളുമായി സന്തോഷകരമായ കുടുംബജീവിതം നടത്തുന്ന തന്നെ സ്വഭാവഹത്യ ചെയ്യാനാണ് വി.എസ് ശ്രമിച്ചതെന്നും  ലതിക ചൂണ്ടിക്കാട്ടി. ലതിക കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനു നല്‍കിയ പരാതി അന്നരംതന്നെ നേരത്തെ തള്ളിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് നാളിത്രയായപ്പോഴേക്കും വി.എസിന് പ്രായമേറിയെന്ന് തിരിച്ചറിയാനുള്ള കഴിവിലൂടെയും ലതിക 'പ്രശസ്ത'യാവുകയാണ്.
.......................................................................................................
........................................................................................................

Monday 8 August 2011

മിണ്ടാത്തിടത്ത് ചുണ്ണാമ്പ് തേച്ച് പൊള്ളിച്ചു


മിണ്ടാത്തിടത്ത് ചുണ്ണാമ്പ് 
തേച്ച് പൊള്ളിച്ചു

പാമോയില്‍ ഇറക്കുമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയണമെന്നാണ് ചെലരുടെ നിരീക്ഷണം. അതിനിത്ര പുളിക്കും. പണ്ടങ്ങാണ്ട്(1991) ധനകാര്യമന്ത്രിയായിരിക്കെ, മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും ഭക്ഷ്യമന്ത്രിയുമായിരുന്ന ടി.എച്ച്.മുസ്തഫയും എന്താണ്ടൊക്കെ ചെയ്തെന്ന് കരുതി ഇപ്പോഴത്തെ വിജിലന്‍സ് മന്ത്രി എന്തുപിഴച്ചു.

മിണ്ടാത്തിടത്ത് ചുണ്ണാമ്പ് വച്ച് പൊള്ളിച്ചെന്ന് പറഞ്ഞ പോലെ ആ മുസ്തഫയാണ് പണി പറ്റിച്ചത്. അയാള്‍ക്ക് മിണ്ടാതിരുന്നാല്‍ പോരായിരുന്നോ?. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ പോലെ തന്നെയും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കാന്‍ കണ്ട നേരം. 'സംസ്ഥാനത്തിന് പാമോലിന്‍ ഇറക്കുമതി ആവശ്യമാണെന്ന് ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവച്ചിട്ടും അന്നത്തെ ധനമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയല്ലോ. അപ്രകാരംതന്നെ ഭക്ഷ്യമന്ത്രിയായിരുന്ന തന്നെയും ഒഴിവാക്കിക്കൂടേ' എന്നായിരുന്നു മുസ്തഫയുടെ അപേക്ഷ.




മുന്‍നടപടിയിലെന്തോ പന്തികേടുണ്ടെന്നാണോ മുസ്തഫ ചൂണ്ടിക്കാട്ടിയതെന്ന മട്ടിലാണ് അപേക്ഷ കേട്ടപാതി കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഉമ്മന്‍ ചാണ്ടിക്ക് ഇറക്കുമതിയില്‍ എന്തെങ്കിലും പങ്കുണ്ടെങ്കില്‍ അത് അന്വേഷിക്കണം-കോടതി പറഞ്ഞിരിക്കുന്നു.

ഒരുപാട് ആരോപണവും കേസുകളുമുള്ള വിജിലന്‍സ് നിയമോപദേഷ്ടാവിനെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പുനര്‍നിയമനം നടത്തിയ സംഭവം വകുപ്പ് മന്ത്രിയുടെ അറിവോടെയാ. അങ്ങനെ ചെയ്യാന്‍മാത്രം ധൈര്യം കാണിച്ച മന്ത്രി പാമോയില്‍പോലുള്ള നിസ്സാരകാര്യത്തില്‍ എന്തിന് വകുപ്പൊഴിയണം?. സംസ്ഥാനഖജനാവിന് 2.32 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് പറയുന്നത് അത്ര വലിയ കാര്യമാണോ?. കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത് രാഷ്ട്രീയമല്ലെ?. തെരഞ്ഞെടുപ്പ് ലാക്കാക്കി ഇടതന്‍മാരാണ് പിന്നില്‍ കളിച്ചതെന്നായിരുന്നു കരുതിയത്. ദേ..വകുപ്പ് ഭരിക്കുന്ന മന്ത്രിക്കുനേരെയുള്ള അതും മുഖ്യമന്ത്രിക്കുനേരെയുള്ള ആരോപണം അന്വേഷിക്കുക എന്ന് പറയുന്നത് എന്ത് തോന്ന്യാസ്സാ.

Thursday 4 August 2011

മാറേണ്ടത് നിയമവും സമൂഹവും



ദേ..പിന്നേം വാണിഭം;
അതും സ്കൂളില്‍

സ്കൂള്‍ വിദ്യാര്‍ഥിനിയും സംഘവും സ്കൂളും ഇന്റര്‍നെറ്റ് കഫേയും ടെലിഫോണ്‍ ബൂത്തും വ്യാപാര സ്ഥാപനവും കേന്ദ്രീകരിച്ച് ഒരു കച്ചവടം. മധ്യകേരളത്തില്‍ നിന്നാണ് പുതിയ വാണിഭ വാര്‍ത്ത. എന്നാല്‍, സംഭവത്തിന്റെ നേര്‍പകര്‍പ്പുകള്‍ പലതും മാധ്യമങ്ങളില്‍ കാണുന്നുമില്ല. വഴിപോലെ വരുമായിരിക്കും.


സ്കൂള്‍ വിദ്യാര്‍ഥിനിയും സംഘവും എന്നുപറയുന്നതില്‍ തെറ്റില്ലെന്നാണ് വക്കീലാന്റെ പക്ഷം. അക്കാര്യത്തില്‍ വക്കാലാന്റെ പക്ഷത്താണ് സമൂഹവുംനില്‍ക്കേണ്ടത്. രാജ്യത്തെ നിയമം ആണ് ഇത്തരത്തില്‍ വാണിഭക്കാരെ സൃഷ്ടിക്കുന്നത്. വളര്‍ത്തിയുണ്ടാക്കിയവര്‍ പ്രതീക്ഷകളോടെ സ്കൂളിലേക്കയക്കുമ്പോള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ശ്രദ്ധിക്കാനും പാലിക്കാനും ഏറെയുണ്ട്.


പെണ്‍കുട്ടിയെ മറ്റാരുടെയും കണ്ണുവെട്ടിച്ച് ഒരാള്‍ ആക്രമിക്കുകയോ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയോ ചെയ്താന്‍ അയാളില്‍ നിന്ന് രക്ഷപ്പെടുന്ന നിമിഷം പുറംലോകം സംഭവം അറിഞ്ഞിരിക്കണം. അങ്ങനെയൊരു നിയമം നമുക്കില്ലാതെ പോയി. പീഡിപ്പിക്കപ്പെട്ട സംഭവം ആരെങ്കിലും എന്നെങ്കിലും അറിയുന്ന സമയംമുതലാണ് പെണ്‍കുട്ടി 'ഇര'യും മറ്റുള്ളവര്‍ പ്രതികളുമാവുന്നത്. ഇരയെ സാക്ഷിയാക്കി കേസ് രജിസ്ട്രര്‍ ചെയ്യുന്നതാണ് നമ്മുടെ നിയമം. അതുകൊണ്ടാണല്ലോ റെജീനയെ പോലുള്ളവര്‍ പലവിധത്തില്‍ നിയമത്തെ നോക്കി കൊഞ്ഞനം കുത്തിയത്. മുഖ്യ സാക്ഷിയെന്നതില്‍ നിന്ന് കേസിന്റെ സ്വഭാവമനുസരിച്ച് വാണിഭത്തില്‍ ഇറങ്ങിയ 'ഇര' ഒന്നാം പ്രതിയാണ് ആവേണ്ടത്. ഇത്തരമൊരു ചര്‍ച്ച വനിതാ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ നിന്നുതന്നെ ഉയര്‍ന്നുവരണം.


മകള്‍ ഒരു വലയത്തില്‍പ്പെട്ടെന്ന് മനസിലാക്കിയ രക്ഷിതാക്കള്‍ പരാതി നല്‍കി. സ്കൂളില്‍നിന്നു പെണ്‍കുട്ടിയെ കാറില്‍കയറ്റി കൊണ്ടുപോകുന്നത് അധ്യാപകരില്‍ ചിലര്‍ കണ്ടു. സംശയം തോന്നി അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ രണ്ടുപേരെ വലയിലാക്കി. അന്വേഷണം വ്യാപകമാക്കി.  ബലാല്‍സംഗത്തിനു കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഒരുമാസമാണ് വിവിധ ഇടങ്ങളിലായി പന്ത്രണ്ടോളം പേര്‍ പീഡിപ്പിച്ചതെന്നാണു മൊഴി. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായ യുവാവ് ആദ്യം പീഡിപ്പിക്കുകയും പിന്നീട് മറ്റുള്ളവര്‍ക്കു 'കാഴ്ചവച്ചു' എന്നാണു പോലീസ് പറയുന്നത്.


അതേസമയം, കേസ് ഇവിടംകൊണ്ടെന്നും നില്‍ക്കുന്നതല്ലെന്നാണ് വക്കീലാന് ലഭിച്ച വിവരം. ഒരു പെണ്‍കുട്ടിയല്ലയത്രെ, വാണിഭ സംഘത്തിന്റെ വലയിലുണ്ടായിരുന്നത്. കൂട്ടുകാരികളില്‍ ചിലരും സംഘത്തിനൊപ്പം ചുറ്റിക്കറങ്ങിയതായും പീഡനം ഏറ്റുവാങ്ങിയതായും  പറയുന്നു. പീഡനക്കഥ പുറത്തുവരുമ്പോള്‍ മാത്രം സമൂഹം അതേറ്റെടുക്കുന്ന രീതി ഇവിടെനിന്നെങ്കിലും മാറണം. നിയമത്തിലും കാതലായ മാറ്റം വരണം. ഭീഷണിയുടെ പേരില്‍ വാണിഭസംഘത്തിന്റെ ചെയ്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നതും ബലമായി ബലാല്‍സംഗത്തിനിരയാക്കുന്നതും നിയമത്തിനുമുന്നില്‍ ന്യായീകരിക്കാം. 


എന്നാല്‍, ആണ്‍ സുഹൃത്തുക്കളോടൊപ്പം സ്കൂളില്‍ നിന്ന് കാറില്‍ കയറി പോവുകയും പലര്‍ക്കുമൊപ്പം അഴിഞ്ഞാടുകയും ചെയ്ത് വൈകുന്നേരം വീട്ടിലെത്തി അച്ഛനും അമ്മക്കുമൊപ്പം സസന്തോഷം കഴിയുന്ന പെണ്‍കുട്ടികളെ നിയമത്തിന്റെ മുന്നില്‍ നിര്‍ത്തുകയാണ് വേണ്ടത്. നിയമസഭാസാമാജികര്‍ ഇത്തരമൊരു ചര്‍ച്ച നടത്തണം.  വക്കീലാന്റെ വാക്കുകള്‍ കഠിനമായോ? ഓരോ ദിവസവും സ്കൂളില്‍ നിന്ന് വീട്ടിലെത്തുകയും രാവിലെ പോവുകയും ചെയ്യുന്ന മക്കള്‍, ഒരു ദിനം പിടിക്കപ്പെടുമ്പോള്‍ അവരെ തള്ളാന്‍ കഴിയാത്ത രക്ഷിതാക്കളെ നിങ്ങള്‍ മാപ്പ് തരണം. നാളയുടെ നല്ല സമൂഹത്തിനും നന്‍മക്കും വേണ്ടിയാണീ ചര്‍ച്ച.



Wednesday 3 August 2011


ബ്രഹ്മര്യചര്യം പോലെ
പീഡനചര്യ വ്രതവും


"മനുഷ്യന് ഏറ്റവും പ്രയാസമായ വ്രതം ബ്രഹ്മചര്യവ്രതമാണ്. അത് എത്രമേല്‍ പ്രയാസമുളളതാണെന്ന് അത് അനുഭവിച്ചവര്‍ മാത്രമേ അറിയുകയുള്ളൂ. അതുകൊണ്ട് അത് തുടര്‍ന്നുപോകാന്‍ സാധിക്കുകയില്ലെന്ന് എപ്പോള്‍ മനുഷ്യന്‍ കാണുന്നുവോ അപ്പോള്‍ വിവാഹം കഴിച്ചുകൊള്ളേണ്ടതാണ്''-തന്റെ ബ്രഹ്മചര്യത്തിന് ഒരിക്കലും ഭംഗം വരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന സാക്ഷാല്‍ ശ്രീനാരായണഗുരുവിന്റെ സന്ദേശമാണിത്.


ബ്രഹ്മചര്യവ്രതം ജീവിതത്തിന്റെ പൂര്‍ണ്ണതയോളം എത്തിച്ച അവസാന വ്യക്തി ശ്രീനാരായണ ഗുരുതന്നെയാണ്. വ്രത കാഠിന്യം എത്രത്തോളം വലുതാണെന്ന് ഗുരു തന്നെ ചൂണ്ടിക്കാട്ടിയതിനാല്‍ ബ്രഹ്മചാരികള്‍ വിവാഹം കഴിച്ചില്ലെങ്കിലും വികാരം ശമിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇക്കാലത്ത് ഒട്ടനവധി സ്വാമിമാരെ ഫ്ളാറ്റുകളില്‍ നിന്നും ആശ്രമങ്ങളില്‍ നിന്നും കയ്യോടെ പിടികൂടിയത് ഇക്കാര്യം ഉറപ്പിക്കുകയാണ്. സിനിമാ നടികളും ഒന്നാംതരം വീട്ടമ്മമാരും സ്വാമീപൂജക്ക് പുഷ്പമായി തീര്‍ന്നതും കണ്ടു.




സ്വാമിമാര്‍ മാത്രമല്ല, നാനാമതസ്തരും ഇക്കാര്യത്തില്‍ ഗുരുവിനെ അനുസരിച്ചു. വിവാഹം കഴിക്കുക മാത്രമല്ല, എന്നിട്ടും വികാരം തീരാതെ മറുവഴികള്‍ തേടി. ബ്രഹ്മചര്യം പോലെ മഹത്തരമാണ് 'ലൈംഗിക-പീഡനചര്യ വ്രതവുമെന്ന് ഇക്കൂട്ടര്‍ കണ്ടെത്തി. അവരെ ശശിയെന്നോ ഗോപിയെന്നോ അസീസെന്നോ ജോസഫെന്നോ എന്തുവേണെങ്കിലും വിളിക്കാം. 'കണ്ണൂര്‍ കോട്ടമുറി'ച്ചും 'വിമാനയാത്രചെയ്തും പാട്ടുപാടി'യും 'ദയ'യോടെ ആശുപത്രി നടത്തിയുമെല്ലാം ഇവര്‍ ബ്രഹ്മചര്യ വ്രതം  ആവര്‍ത്തിച്ച് ഉപേക്ഷിച്ചവരാണ്.




സഖാക്കളുടെ സഖിമാരെതന്നെ നോട്ടമെറിഞ്ഞ് കണ്ണൂരിലെ വ്രതമുടക്കി ഇപ്പോള്‍ വക്കീല്‍ കോട്ടിനുള്ളിലേക്ക് ഒതുങ്ങി. അതിനും കഴിയാത്തവിധം നിയമോം പിന്നാലെ കൂടിയെന്നത് ഗുരുത്വദോഷം. എറണാകുളത്ത് ഒരു വക്കീലമ്മ 'കോട്ട'വാതിലും കടന്ന് 'മുറി'ക്കകത്തുകയറിയോതെ മറ്റൊരു സഖാവിനും പണികിട്ടി. വിമാനത്തിലിരുന്ന് കൈയ്യുംകാലും നീട്ടിയതിനാണ് ഒരിക്കല്‍ മന്ത്രിപ്പണി പോയത്. അതിന്റെ പുകില് തീര്‍ത്ത് മന്ത്രിക്കസേരയില്‍ ഇരുപ്പുറപ്പിച്ചതോടെ അടുത്ത പൊല്ലാപ്പ്. ഒടുവില്‍ ഒരു എസ്.എം.എസ്സും. ആശുപത്രിയിലെ 'വെടിപ്പുര'യില്‍ വലുതും ചെറുതും നേര്‍ന്ന് കഴിഞ്ഞുകൂടിയ ഡോക്ടര്‍ക്ക് 'അനധികൃതമായി' മകളുണ്ടായപ്പോള്‍ അത് പൊല്ലാപ്പായി. പിന്നാലെ, ആശുപത്രി ജീവനക്കാരും പീഡനത്തിന് രോഗികളെയും ഇരകളാക്കി.


കുറ്റം ചെയ്യുന്നവരുടെ മടിയിലെ കനം പോലെയിരിക്കും സംഭവം പുറത്തുവരുന്നത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും ദൃശ്യ-അച്ചടി മാധ്യമങ്ങളുടെ മല്‍സരവും കൂടിയാകുമ്പോള്‍ ചിലത് ആഘോഷമാകും. കാശുള്ളവന്‍ ഇങ്ങോട്ട് സമീപിച്ചാല്‍ സംഭവം തന്നെ ഇല്ലാതാക്കാന്‍ കഴിയും. പുറംലോകം അറിയാതെ കാര്യം മുക്കാന്‍ മല്‍സരമായിരിക്കും. പോലീസ് അവരുടെ വക. പത്രക്കാര്‍ അവരുടെ വക. മേപ്പടി പറഞ്ഞ ഡോക്ടറെ സ്ത്രീപീഡനകേസില്‍ പോലീസ് അറസ്റ്റുചെയ്ത വാര്‍ത്ത ഒരു പത്രത്തിലും കണ്ടില്ല. ആശുപത്രിയിലെ പുരുഷ നഴ്സ് രോഗിയെ മാനഭംഗപ്പെടുത്തിയെന്ന സംഭവം കത്തിയാളിനില്‍ക്കേയാണ് നേരത്തെ നടന്ന ലൈംഗികാരോപണ കേസില്‍ എം.ഡികൂടിയായ ഡോക്ടര്‍ അറസ്റ്റിലാവുന്നതെന്നോര്‍ക്കണം.




പീഡന പശ്ചാത്തലത്തില്‍ ആശുപത്രിക്കുനേരെ കൊലവിളി നടത്തിയ ബി.ജെ.പിയുടെ നേതാവ് 25 ലക്ഷമാണ് സമരമൊതുക്കാന്‍ കോഴ ചോദിച്ചതത്രെ. പാര്‍ട്ടിയിലെ ഗ്രൂപ്പുപോരുമൂലം സംഭവം ചര്‍ച്ചയായി. നേതാവിനെ പുറത്താക്കി സ്വയം മുഖം രക്ഷിക്കാന്‍ നോക്കിയെങ്കിലും അല്ലറചില്ലറ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. എം.ഡിയുടെ അറസ്റ്റു വാര്‍ത്ത ഒതുക്കാന്‍ ഇത്രയും തുക തന്നെ ഓരോ പത്രമാപ്പീസുകളിലും എത്തിയെന്നാണ് പുതിയ ആരോപണം. പറവൂര്‍ പെണ്‍വാണിഭ കേസില്‍ ജലീല്‍ എന്നയാള്‍ അറസ്റ്റിലായ വാര്‍ത്ത ആഘോഷിച്ചവര്‍, സമാനമായ മറ്റൊരു  പീഡനകേസില്‍ അസീസ് അറസ്റ്റിലായത് അറിഞ്ഞില്ലെന്ന് പറയുമ്പോഴുള്ള വേര്‍തിരിവാണ് വക്കീലാനറിയാമോ?.


പീഡനക്കഥ പുറത്തറിയുകയോ അറിയാതിരിക്കുകയോ ചെയ്യുന്നതിലല്ല കാര്യം. പീനനം നടത്തുന്നതിലാണ്. മകളെ ലൈംഗിക കമ്പോളത്തിലിറക്കുന്ന അച്ഛന്‍, മകളുടെ പ്രായമുള്ള പെണ്‍കുട്ടികളെ വമ്പന്‍മാര്‍ക്കുമുന്നിലെത്തിച്ച് പണം വാങ്ങുന്ന അമ്മമാര്‍, സഹപാഠിയെ വശത്താക്കി ലൈംഗിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കൌമാരക്കാര്‍... ഭക്തരുടെ കാലം അങ്ങനെയാണ്. ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് സാക്ഷാല്‍ ഗുരുപോലും പ്രയാസപ്പെട്ടാണ് ബ്രഹ്മചര്യവ്രതത്തില്‍ ഏര്‍പ്പെട്ടത്. വ്രതം നിലനിര്‍ത്താന്‍ അദ്ദേഹം ശിവസ്തുതിക്കായി കുറിച്ചിട്ട 'ശിവശതക'ത്തിലും ആ വേദന എടുത്തുപറയുന്നുണ്ട്.


'മിഴുമുനകൊണ്ടു മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാര്‍തന്‍
വഴികളിലിട്ടു വലയ്ക്കൊലാ മഹേശ്വാ'.
'തലമുടി കോതി മുടിഞ്ഞു തക്കയിട്ട
-ക്കൊലമദയാന കുലുങ്ങി വന്നുകൊമ്പും
തലയുമുയര്‍ത്തി വിയത്തില്‍ നോക്കി നില്‍ക്കും
മുലകളുമെന്നെ വലക്കൊലാ മഹേശ്വാ'.
'സ്ത്രീ സംഗമം കൊണ്ട് ഗതികെട്ടുപോകാന്‍
അടിയനു സംഗതിയാവരുതേ'.
'കാമദേവന്റെ ശരങ്ങള്‍ ഏറ്റുണ്ടാകുന്ന
സങ്കടം സഹിക്കാന്‍ ഒരു
നിമിഷംപോലും എന്നെ അയക്കരുതേ'.
കാമദേവന്റെ വിക്രിയകള്‍ എന്റെ മനസ്സില്‍ നിന്ന്
ഒടിച്ച് നീ അവിടെ കുടികൊള്ളണം'.
'സുന്ദരിയോട് ഒത്ത് ഓടിക്കളിച്ച്
വലയുന്നതിന് ഇത്തിരി നേരവും
ചിന്തിക്കാന്‍ ഇട തരാതെ
എന്റെ മനസ്സ് നിന്തിരുവടിയോട് ചേര്‍ക്കണം'.




ശ്രീനാരായണ ഗുരുവിന്റെ കാര്യം അങ്ങനെ. കൈക്കൂലി കൊടുത്തിട്ടല്ല മേനക വിശ്വാമിത്ര മഹര്‍ഷിയുടെ തപസ്സിളക്കിയത്. ആ കാലഘട്ടം കഴിഞ്ഞു. അതിലും വലിയ ആത്മീക കാലഘട്ടമാണിപ്പോള്‍. ദൈവങ്ങളുടെ സ്വന്തം നാട്ടില്‍ മനുഷ്യദൈവങ്ങളും ഭക്തരും മല്‍സരിച്ച് വാണിഭത്തിലേര്‍പ്പെടുന്നു. 


വാണിഭക്കാര്‍ക്ക് വേണ്ടി വക്കീലാന്‍ 
അവതരിച്ചിരിക്കുമ്പോള്‍ എന്തിന് ഭയക്കണം.

Monday 1 August 2011


എന്റെ വക്കീലാനേ...
ദ്തൊന്ന് നിര്‍ത്തിക്കൂടെ



അതെ, ഇപ്പട്ത്ത് മ്മടെ ഒരു ടീച്ചര്‍ കോടതീ വന്നൂട്ടോ. ഓര് ഉച്ചനേരത്താ വന്നത്. വെറ്തേ വന്നതാ. കോടതീലൊക്കെ ചുറ്റിക്കറങ്ങി. ന്ന്ട്ട് മ്മളെ വന്നുകണ്ടു. 'ഓനെ ആര്‍ക്കെങ്കിലും ഒന്ന്കൊന്നൂടെ...നോട്ടം കണ്ടാല്‍തന്നെ പേട്യാവും. അവന് ഒരുമാതിരി രോഗാ. പെണ്ണങ്ങളെകണ്ടാല്‍ ഇളകള രോഗം. കേസൂംകൂട്ടോം ഒന്നും വേണ്ട, ആ കുട്ടീടെ ആര്‍ക്കെങ്കിലും ബ്ടവരുമ്പോ ഓന്റെ കഴുത്ത്വെട്ട്യാപോരെ...ഓനൊന്നും വച്ചൂണ്ടിരിക്കാന്‍മേല. കൊല്ലണം. കൊന്നൊടുക്കണം'.
ടീച്ചറ് കേറി കോടതി വരാന്തേല് നിന്ന്ട്ടോ. ആന്നേരത്താ കോടതി പിര്യേണത്. കൊറേ പോലീസുകാര്ടെ കൂടെ ആ സ്വാമി പുറത്തേക്ക് വന്നു. വരുംവഴിക്ക് വരാന്തേടട്ത്ത് നിന്ന ടീച്ചറമ്മേടെ മോത്തേക്ക് ഒര് നോട്ടത്രെ. ടീച്ചറമ്മ ഭയന്ന് മറ്റൊര്ട്ത്തേക്ക് മാറിനിന്നു. 



ആ ടീച്ചറ് പറഞ്ഞപ്പോഴാണ് എനിക്കുംതോന്നീത് ഈ സ്വാമിക്ക് വേണ്ടി വന്നവന്‍മാരൊന്ന് കാണണംന്ന്.
അയമ്മ പാവം. ഓര് ആ പെണ്‍കുട്ടീടെ കേസ് കാണാന്‍ വന്നതാ. ഉള്ളില് മുഴോന്‍ സ്വാമ്യോടുള്ള രോഷാ. ഓര്‍ക്ക്ണ്ട് വക്കീലാനോടും ദേഷ്യം. ങക്കങ്ങ്ട് ഇത് നിര്‍ത്തീക്കൂടെ വക്കീലാനേ. ഞാനും ഒരു വക്കീലായീട്ട് പറ്യാ. ന്തിനാ ങ്ങ്നത്തോര്ടെ കേസുംകൊണ്ട് ന്തിനാ ബ്ടെ വന്നത്. ആ ടീച്ചറമ്മേടെ പോലെ വേറേംണ്ട് പെണ്ണങ്ങള്. ങ്ങ്ടെ വക്കാലത്തില്‍ രോഷോള്ളോര്.


ബ്ടെ ഉള്ള എത്ര പെണ്‍വക്കീലന്‍മാരാ ങ്ങക്കെതിരെ വര്‍ത്താനോം പറഞ്ഞ് വരാറുള്ളത്ന്ന് അറ്യോ. 'ന്ന് വിസ്താരം കേള്‍ക്കാന്‍ പോയപ്പോ ആ സ്വാമീടൊരു നോട്ടം കാണണംട്ടാ. ചോര കുടിക്കണപോല്യാണ്. ആ വക്കീലാനും ഓരോന്ന് ചോദിച്ചഴീമ്പോ പെണ്ണങ്ങളെ നോക്കി കണ്ണിറുക്കും'-ശര്യാണോ വക്കീലാനെ. ഒരീസം വരണം. കോടതീല്. ഈ പെണ്‍മ്പിള്ളേരും ടീച്ചറമ്മേംക്കെ പറേണത് ശരിയാണോന്ന്.



കോടതീവച്ച് കണ്ട സീനിയര്‍ അഭിഭാഷകയാണ് വക്കീലാനോട് ഈവക കാര്യങ്ങള്‍ സംസാരിച്ചതും ആവലാതി ആറിയിച്ചതും. കേട്ടപ്പോള്‍ 'മാധവിക്കുട്ട്യമ്മോട് ജാനു പറഞ്ഞ കഥ'പോലുണ്ട്. കമലസുരയ്യയുടെ 'ജാനു പറഞ്ഞകഥ' എന്ന കഥയില്‍ ശങ്കുണ്ണിനായരെന്ന കഥാപാത്രം ജാനുവിനെ നോക്കുമ്പോളുള്ള സീന്‍. ചോരകുടിക്കുന്ന പോലെയുള്ള നോട്ടത്തോട് പ്രതികരിക്കുന്ന പണ്ടുകാലത്തെ നാടന്‍ പെണ്‍കുട്ടികളെ ചൂണ്ടിക്കാണിച്ചതാവാം മാധവികുട്ടി.


'എന്റെ മാധവിക്കുട്ട്യമ്മേ..തോണീല് പോകുമ്പോ തോണി തൊഴയണ മനുഷ്യന്‍ ഇന്റെ മോന്തയ്ക്ക് എടയ്ക്കെടയ്ക്ക് ഒരോ നോട്ടം. നോട്ടംച്ചാലോ, വല്ലാത്തൊരു നോട്ടം. ഇന്റെ മോറ് തൊളയണപോലെ. കൊറേ നേരം സഹിച്ചു. പിന്നെ ഞാന്‍ എല്ലാരും കേക്ക്ച്ചിലെ അടപ്പേലെ ലക്ഷ്യേമോട് പറഞ്ഞു.


-അറിയാണ്ട് ചോയിക്ക്യാട്ടോ ലക്ഷ്യേമെ. തോണി കുത്തുമ്പോ ദൃഷ്ടി പെണ്ണങ്ങടെ മോത്തക്കാവണംന്ന് വെല്ല നെയമോണ്ടോ?. ലക്ഷ്യേമ ചിറിച്ചു ചിറിച്ചു ഉരുണ്ടു. ലക്ഷ്യേമ തിരിഞ്ഞ് ഇരുന്നൂന്ന്ട്ട് ചോയിക്ക്യാ. കേട്ടില്ലേ ശങ്കുണ്യാരെ, ജാനൂന്റെ ചോദ്യം? അയിന് ഉത്തരം പറേണ്ടത് ങ്ങളാ.


അയാളുടെ പേരാ ശങ്കുണ്യാര്. ഞാന്‍ അപ്ളേ അറിഞ്ഞുള്ളൂ. ഇന്റെ വിചാരം തോണിക്കാരന്‍ താമന്റെ വല്ലോരും ആവുന്നേര്‍ന്ന്. താമന്‍ പനി പിടിച്ച് കെടപ്പിലേര്‍ന്ന്, അദോണ്ടാ ഈ ശങ്കുണ്യാര് പൊറപ്പെട്ടത്. ലെക്ഷ്യേമടെ ചാര്‍ച്ചക്കരനാത്രെ. മടമ്പിലെന്നു പറയും. ഞാന്‍ ആദ്യം കാണണ്. കണ്ടാപ്പോ എന്താ പറ്േണ്ട്? നെറം കറത്തിട്ട്വല്ലാ വെളുത്തിട്ട്വല്ല. ഒരു ഇര് നെറം. ഒത്ത തടീം പൊക്കോം. നെഞ്ഞത്തൊക്കെ പണച്ചൊണങ്ങാ. കാദില് ചോന്ന കല്ലുവച്ച കട്ക്കനുണ്ട്. പല്ലിനുമാത്രം കൊറച്ച് ദൂഷ്യണ്ട്. മുറ്ക്കീട്ടാന്നാ തോന്നണ്. ഒക്ക കറത്തടക്കുണു. ന്നാലും ചിറിക്കുമ്പോ വെല്യ മടുത്തോന്നൂല്യ. ഏതായാലും ലെക്ഷ്യേമടെ വാക്ക് കേട്ടപ്പോ ഈ ശങ്കുണ്യാര് അങ്ങ്ട് ഇല്യാണ്ടായി ട്ടോ.


ഇങ്ങനെ പ്രതികരിക്കാന്‍ നോക്കുമ്പോ അന്ന് കാലത്തെ പൂവാലന്‍വര്‍ഗത്തിന്റെ ദൃഷ്ടി പിന്‍വലിയുമായിരുന്നു. ഇന്നത്തെ പ്രതികരണം ഭയന്നിട്ടാണെന്ന് കാമാസുരന് തോന്നിയാല്‍ പിന്നെ പെണ്ണിനെ വച്ചേക്കില്ലെന്നാ നാടിന്റെ അനുഭവം. ഇവിടെയും കോടതിയിലെത്തുന്ന ചില വക്കീലത്തികളും മറ്റും സ്വാമിയെ എഴുന്നേല്‍പ്പിക്കും വിധം വേഷഭൂഷാധികളോടെ വരുന്നുണ്ടെന്ന് പറയുന്നത് കോടതിയലക്ഷ്യമല്ല. നേരത്തെ പറഞ്ഞിരുന്നല്ലോ, നമ്മടെ സ്വാമി കാമക്കണ്ണോടെ പടിഞ്ഞാട്ടഭിമുഖമായി ഇരുന്നിരുന്ന കാര്യം. അതിന് പ്രധാന പ്രേരണ ഇത്യാദി വിഷയങ്ങളായിരുന്നു; അല്ല, വേഷങ്ങളായിരുന്നു. വേഷംകെട്ടെന്നും പറയാം. 
ജാനു പറഞ്ഞ കഥയില്‍ അത്തരത്തില്‍ ഒരുവളെ എടുത്തുപറയുന്നുണ്ട്.


'ന്നാലും രാവിലെ കാപ്പീടെ വെള്ളംകൂടി കുടിക്കാതെ പൊറപ്പെട്ടതല്ലേ? തലചിറ്റല് തൊടങ്ങീണ്ടാര്‍ന്നു. ചായപ്പീട്യേല് കേറി ഞങ്ങളൊക്കെ ഒരു പാകത്ത് ഇരുന്നു. നൊമ്മടെ കോന്ത്രന്‍പല്ലി കമലാക്ഷീണ്ട് ആ ശങ്കുണ്യാര്ടെ അടുത്തേക്ക് ചേര്‍ന്ന് ഇരുന്ന് മോത്തക്ക് നോക്കി ചിറിക്കുന്നു. ആയ്! നാണ ല്യാത്ത വക! പീട്യേലൊള്ളൊരൊക്കെ അത് കണ്ടുന്നു പറഞ്ഞാപ്പോരെ? അവര്‍ക്കെന്താ? കമലാക്ഷീടെ സമ്മന്തക്കാരനാന്നു വിചാരിച്ചിട്ടുണ്ടാകും. 




'കമലാക്ഷ്യേ, ഞാന്‍ പറഞ്ഞു. കമലാക്ഷ്യേ...ഏറെ ഇങ്ങനെ ചിറിക്കണ്ട, ആ പല്ലൊക്കെ ചായേല് വീഴുംന്ന്. അപ്പൊ ഓള്ങ്ങ്ട്ട് ഇല്യാണ്ടായി. ശങ്കുണ്യാര് അപ്പോ എന്റെ മോത്തക്ക് നോക്കി ഒരു കണ്ണിറ്ക്ക്. വല്ലാത്തൊരു മനുഷ്യന്‍'.


ഇത്തരം കാമക്കണ്ണും ഞരമ്പുരോഗവുമാണ് ചികില്‍സിച്ച് മാറ്റപ്പെടേണ്ടത്. എന്നാല്‍, കാമാസുരനെ കുസൃതികാട്ടി ഉണര്‍ത്തുമ്പോള്‍ പ്രണയത്തിന്റെ കൊലയറ പൂക്കും. അത് മണിയറയേക്കാള്‍  ഭീകരമാണെന്ന് ഒരു കയ്യുള്ളവന്റെയാണെങ്കിലും കയ്യില്‍കിട്ടിയാല്‍. കാമാസക്തി മൂത്താല്‍ വക്കീല്‍കോട്ടിനുള്ളിലായാലും അളന്നെടുക്കാന്‍ ഏതു സ്വാമിക്കുമാകും. സൌമ്യയെന്ന പെണ്‍കുട്ടിയെ അയാള്‍ പിച്ചിചീന്തിയത് അത്തരം കാമാസ്ക്തി മൂത്തിട്ടാണ്. ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ തനിച്ചുകയറിയ സൌമ്യയെ പ്ളാന്‍ ചെയ്തിട്ടാണ് അയാള്‍ ക്രൂരമായി ആക്രമിച്ചതും പുറത്തേക്ക് തള്ളിയിട്ട് വലിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതും. 




'ന്റെ വക്കീലാനെ ഇതൊക്കെ അറിഞ്ഞിട്ടും ങ്ങ്ള് എന്തിനാണപ്പാ ആ ഒരുമ്പെട്ടവനുവേണ്ടി വാദിക്കാന്‍ വന്ന്രിക്ക്ണ്'.


വക്കീലത്തി ഒടുവില്‍ വക്കീലാനെ പണ്ടാരംപിരാകിയാണ് വക്കീല്‍പ്പുരയില്‍ നിന്ന് പുറത്തേക്കിറങ്ങിയത്.



Saturday 30 July 2011


മൂന്നാമത്തെ പെഗ്ഗില്‍ ഐസ്ക്യൂബ്
ഇടരുത്; വക്കീലാന്‍ സ്ഥലത്തില്ല


മൂന്നാമത്തെ പെഗ്ഗില്‍ ഐസ് ക്യൂബ് വീഴും മുമ്പ് ജഗന്‍നാഥന്‍ അവിടെ എത്തിയിരിക്കും. പ്രതിസന്ധി ഘട്ടങ്ങളില്‍ ജഗന്നെ വിളിച്ചാല്‍ രക്ഷയൊന്നുമില്ല, പുതിയ അവതാരമായി വക്കീലാനുണ്ട്. മൂന്നാമത്തെ പെഗ്ഗില്‍ ഐസിടുംമുമ്പ് മുന്നിലെത്താന്‍ പക്ഷെ, വക്കീലാന്‍ സ്ഥലത്തില്ലെന്ന് എക്സൈസ് മന്ത്രി ഓര്‍ക്കണം. അളവ് തെറ്റിച്ചതിന്റെ ഫലമാണല്ലോ മന്ത്രിക്കിപ്പോള്‍ മദ്യം വിളമ്പല്‍ നയം തിരുത്തേണ്ട അവസ്ഥയുണ്ടായത്. മദ്യം വിളമ്പല്‍ നയമുള്‍പ്പടെയുള്ള ഏത് നിയമ കാര്യമായാലും ഒന്നുകുത്തിയാല്‍ വക്കീലാന്‍ ഫോണെടുക്കുമായിരുന്നു. മന്ത്രിക്കീവക തന്ത്രങ്ങളറിയേണ്ടേ. മന്ത്രിക്കസേരയില്‍ പിടിച്ചിരുത്തിയാലും പോര...പണിയും പറഞ്ഞുതരണമോ ചങ്ങാതീീീീ...


ഘടകകക്ഷി വട്ടമേശയിലോ പ്രദേശ് കോണ്‍മേശയിലോ വിളമ്പാത്ത നയം ജനങ്ങളില്‍ കിക്കുണ്ടാക്കുമോ? എരുവുള്ള തൊടു കറികളോടെ വീണ്ടും വിളമ്പി നോക്ക് അപ്പോഴറിയാം അതിന്റെ വീര്യം. വക്കീലാന്‍ മദ്യം കൈകൊണ്ട് തൊടീലല്ലട്ടോ. ആളൊരു സത്യക്രിസ്ത്യാനിയാ. മദ്യം കൈവിരല്‍ കൊണ്ട് പുറത്തേക്ക് മൂന്നുതുള്ളി തെറിപ്പിക്കുന്ന പ്രവണ പൊതുവെ ഹൈന്ദവര്‍ക്കിടയിലാണ്.
വിശുദ്ധമുറിയില്‍ വീഞ്ഞുണ്ടാക്കി കുടിക്കുന്നവരും കള്ളുംതവിടും കഞ്ചാവും ദൈവങ്ങള്‍ക്കെന്ന പേരില്‍  'വീതു'വക്കുകയും ശേഷം അകത്താക്കുകയും ചെയ്യുന്നവരുമാണ് പ്രത്യക്ഷത്തില്‍ കള്ളു നയത്തിനെതിരെയുള്ളത്. മദ്യപാനികളുണ്ടാക്കുന്ന നയത്തിന് വീര്യം കൂടുമെന്നത് പൊതുമതം. മദ്യവിരുദ്ധര്‍ക്ക് വീര്യമില്ലെന്നതാണ് മദ്യനിരോധനത്തിന് വേഗമില്ലാത്തതിന് കാരണവും. മദ്യമുണ്ടായാലെ മദ്യവിരുദ്ധ പ്രസ്ഥാനമുണ്ടാകൂവെന്നതാണ് നഗ്നസത്യം. 


സര്‍വോദയമണ്ഡലം എന്ന ഗാന്ധി മാര്‍ഗ പ്രസ്ഥാനം പുറത്തുവിട്ട പ്രസ്താവനയില്‍ ഒരു ആവശ്യം എടുത്തുപറയുന്നുണ്ട്. നിലവിലുള്ള പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ ആക്കണമെന്നാണത്. ബാറിന്റെ പ്രവര്‍ത്തന സമയം ഒരുമണിക്കൂര്‍ നേരത്തെ അവസാനിപ്പിക്കണമത്രെ. ബാറുകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം പ്രസ്താവനയില്‍ കണ്ടില്ലെന്ന് കരുതി ഇവരെ അവിശ്വസിക്കരുത്. പഴയ ബാറുകള്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഇവര്‍ പുതിയ ബാറുകള്‍കൂടി അനുവദിച്ച് പണി കൂട്ടരുതെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്.




ഇതിനുതൊട്ടുപിറകെ മദ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ മൊത്തക്കച്ചവടക്കാരായ കെ.സി.ബി.സിയുടെ തൃശൂര്‍ അതിരൂപത ഘടകം സമാന പ്രമേയം അവതരിപ്പിച്ചു. ഒരു വ്യത്യാസം മാത്രം. രാവിലെ എട്ടുമുതല്‍ വൈകുന്നേരം എട്ടുവരെ ബാറുകള്‍ പ്രവര്‍ത്തിക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഗാന്ധി മാര്‍ഗക്കാരേക്കാള്‍ രണ്ടുമണിക്കൂര്‍ മുമ്പേ പ്രവര്‍ത്തിക്കണം. നിലവിലുളള സമയത്തേക്കാള്‍ ഒരുമണിക്കൂര്‍ നേരത്തെ അടച്ചാല്‍ മതിയത്രെ. ബാറുടമകളിധികംപേരുടെയും വക്താക്കള്‍ പിന്നെന്തുതീരുമാനിക്കാന്‍. അമിതമായി മദ്യപിക്കുന്നവരെ ചികില്‍സിക്കാന്‍ സര്‍ക്കാര്‍ സഹായവും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. അതിനുമുണ്ട് മേപ്പടി കാരണം.




ഒരു പ്രസ്താവനയെങ്കിലും കൊടുത്തില്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ അമമരത്തിരിക്കാന്‍ യോഗ്യതയുണ്ടാവില്ലെന്ന് കരുതിയിട്ടാവണം, നാഷ്ണലിസ്റ്റ് മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും ഇറക്കിയൊന്ന്. അവരുടെ ആവശ്യം ബാറുകളുടെ പ്രവര്‍ത്തനസമയം, രാവിലെ 10 മുതല്‍ രാത്രി ഏഴുവരെ മതിയെന്നാണ്. ഈ സമയങ്ങളില്‍ ബാറില്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനം വേണമെന്ന് കുടിയന്‍മാരോടുള്ള സ്നേഹാത്മക ആവശ്യവും ഇവരുടെ ഭാഗത്തുനിന്നുണ്ടായി.

കെട്ടിറങ്ങാന്‍ അതിരാവിലെ പ്രയാസ്സപ്പെടുന്ന വോട്ടര്‍മാരെ സഹായിക്കാന്‍ എക്സൈസ് വകുപ്പ് മന്ത്രി ഒരു നയം വാറ്റിയെടുത്തതില്‍ ലീഗും ബേജാറായിരിക്കുകയാണ്. ചാലക്കുടിക്കും കരുനാഗപ്പിള്ളിക്കും ഒപ്പമെത്തിയില്ലെങ്കിലും മദ്യവില്‍പ്പന വരുമാനത്തില്‍ മലപ്പുറം ജില്ല മോശമൊന്നുമല്ല. ഇവിടെ ഈവഹ വരുമാനത്തില്‍ കുറവുവരുന്ന മാസത്തിന്റെ പിറവി ഉടന്‍കാണുമെന്നിരിക്കെ ലീഗിന്റെ ചെറിയൊരു പ്രതിഷേധമെങ്കിലും വകുപ്പുമന്ത്രിയോടറിയിക്കേണ്ടേ...




എല്ലാവരുടെ പ്രതിഷേധംകൂടി തലക്കടിച്ചതോടെ മത്തായ പോലെയാണ് വകുപ്പ് മന്ത്രി. ബാര്‍ പ്രവര്‍ത്തന സമയം സംബന്ധിച്ചാണെങ്കില്‍ ആകെപ്പാടെ കണ്‍ഫ്യൂഷനും. പ്രസ്താവനകളിലോരോന്നിലും ഓരോ സമയം പറഞ്ഞാല്‍ 24 മണിക്കൂറും പ്രവര്‍ത്തനത്തിന് അനുമതി കൊടുക്കേണ്ട അവസ്ഥ. ഇനിയിപ്പോ ഏതെങ്കിലും ഒരാളുടെ ആവശ്യം നിറവേറ്റിയാല്‍ അതും പ്രശ്നമാകും. ബാറുടമകള്‍ക്ക് മുന്‍തൂക്കമുള്ള കെ.സി.ബി.സിക്കാര്‍ പറയുന്ന എട്ടുമുതല്‍ എട്ടുവരെ എന്നാക്കിയാല്‍ ഏറെക്കുറെ എളുപ്പമാകും.






ലീഗായാലും വകുപ്പ് മന്ത്രിയായാലും കെ.പി.സി.സിയിലെ പ്രതിഷേധികളായാലും ആര്‍ക്കുംവേണ്ടി എങ്ങനെവേണമെങ്കിലും വാദിക്കാന്‍ ഈ വക്കീലാന്‍ റെഡിയാണ്.




സിറ്റിങ് ഒന്നിന് ബക്കാഡി ഫുള്‍. അതും ഓറഞ്ചിന്റെ...



Friday 29 July 2011

അജ്മല്‍ കസബിന് രക്ഷ വക്കീലാന്‍ മാത്രം.

അജ്മല്‍ കസബിന് രക്ഷ  വക്കീലാന്‍ മാത്രം.



അജ്മല്‍ കസബിന് ഇനി ഏകരക്ഷ,  വക്കീലാന്‍ വഴി വക്കാലത്ത് നല്‍കല്‍ മാത്രം. വക്കീലാന്‍ വിലസുന്ന മുംബൈ ഹൈകോടതിയുടെ വിധി ചോദ്യം ചെയ്താണ് ലോകത്തെ വിറപ്പിച്ച കസബ് സുപ്രീംകോടതിയിലേക്ക് പോയിരിക്കുന്നത്. പോയ പോക്കില്‍ വക്കീലാനെ കൂട്ടിയിരുന്നെങ്കില്‍ അയാള്‍ക്ക് പ്രതീക്ഷക്കു വഹയുണ്ടായേനെ. ഇതിപ്പോള്‍ വക്കീലാന്റെ ഗുരുത്വക്കേട് വാങ്ങി...എന്താവും എന്തോ?




26/11 എന്ന കസബിന്റെ 'ലക്കി നമ്പര്‍' വക്കീലാന്‍ ഭംബറാക്കിയേനെ. ഇന്ത്യയുടെ മഹാനടന്‍ അമിതാബ് ബച്ചന്‍, ലോകത്തെതന്നെ മികച്ച വ്യവസായ പ്രമുഖന്‍ അമ്പാനി എന്നിവര്‍ക്കെതിരെ വ്യവഹാരം നടത്തിയവര്‍ക്ക് വേണ്ടി മുംബൈ ഹൈക്കോടതിയില്‍ ഹാജരായ വക്കീലാനെ കസബ് കണ്ടെത്തിയില്ലെന്നത് മോശം. കസബിന് വേണ്ടി ഹാജരാകാന്‍ വക്കീലാനെ നിയോഗിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനും പ്രോസിക്യൂഷനും കഴിയുമായിരുന്നു. കണ്ണില്‍ ചോരയില്ലാത്തവന്‍മാര്‍ എന്നല്ലാതെ എന്തുപറയാന്‍.


ഇതിപ്പോള്‍ പാവും കസബ് ജീവനോടെ പിടിയിലാവുകയും ഇന്ത്യയെ പോലൊരു രാജ്യത്തെ ജയിലില്‍ 'സുഖിച്ചു' കഴിയേണ്ടിയും വരുന്ന ഒരവസ്ഥ. ഹോ..ഓര്‍ത്തിട്ടു സഹിക്കുന്നില്ല. 166 പേരെ കൊലപ്പെടുത്തിയെന്നല്ലാതെ വേറെന്താണ് ആ പയ്യന്‍ ചെയ്തത്. 238 പേര്‍ക്ക് പരിക്കും പറ്റി. അവന്റെ ഒപ്പം 2008 നവംബര്‍ 26ന് മുംബൈയില്‍ 'പണിചെയ്യാന്‍' എത്തിയ ഒമ്പതുപേരെ അവിടത്തെ പോലീസുകാരന്‍മാര്‍ കൊന്നൊടുക്കി. 


പൊലീസുകാരുടെ ആക്രമണത്തില്‍ വലതു കൈപ്പത്തി അറ്റുപോയ കസബ് ഏതാണ്ട് ഗോവിന്ദസ്വാമി കണക്കെയാണ് ആര്‍തര്‍റോഡ് ജയിലില്‍ കഴിയുന്നത്. 

മുംബൈ ഹൈക്കോടതിയില്‍ തന്റെ വക്കാലത്തുമായി നടക്കുന്ന ചില വക്കീലാന്‍മാരോട് 'പണി നിര്‍ത്തിക്കൊള്ളാന്‍' കസബ് പറഞ്ഞതായാണ് രഹസ്യം. എന്നാല്‍, വക്കീലാന്‍മാര്‍ പുറത്തുവന്ന് മാധ്യമങ്ങളോട് അന്ന് പറഞ്ഞത് 'ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്ന്' കസബ് വ്യക്തമാക്കിയെന്നാണ്. 


കസബിനുവേണ്ടി ഹൈകോടതിയില്‍ പോയിരുന്ന അഡ്വ.അമിന്‍ സോള്‍ക്കര്‍, അഡ്വ. ഫര്‍ഹാനോ ഷാ എന്നിവരുടെ ചിന്ത, വക്കാലത്ത് നമ്മടെ വക്കീലാനെ എങ്ങാനും കസബ് ഏല്‍പ്പിച്ചാലോ എന്നായിരുന്നു. 'ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്ന്' കസബ് പറഞ്ഞെന്ന് പുറത്തുപറഞ്ഞതോടെ തന്ത്രം ഫലിച്ചു. കസബിന്റെ പ്രശ്നം എന്താണെന്ന് പഠിച്ച് പറയാന്‍ അവന്റെ ഈ അഭിഭാഷകരെതന്നെ കോടതി പണിയേല്‍പ്പിച്ചു. അങ്ങനെ കസബിന്റെ അനുവദാമില്ലാതെതന്നെ അയാളുടെ വക്കാലത്തും ക്ഷേമാന്വേഷണവും രണ്ടുപേര്‍ക്ക് തന്നെ വീതിച്ചുകിട്ടി. ഒരുവെടിക്ക് രണ്ടുപക്ഷി. ഹബ്ബടാ.. മുംബൈയിലെ ഓരോ വക്കീലാന്‍ പുത്തിയേ...




വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ നേരിട്ട കസബ് ക്യാമറക്കുനേരെ തുപ്പിയത് സ്വന്തം അഭിഭാഷകരോടുള്ള രോഷം കൊണ്ടാണെന്ന് ആരുകണ്ടു. നമ്മടെ വക്കീലാന്റെ കയ്യിലെങ്ങാന്‍ അജ്മല്‍ കസബിന്റെ വക്കാലത്ത് കിട്ടിയിരുന്നെങ്കില്‍...ഇതിനിടയില്‍ തൃശൂരെ കോടതിയില്‍ വക്കീലാന്‍ കസബിന്റെ കാര്യം പറഞ്ഞതോര്‍ക്കുന്നു. സൌമ്യ സംഭവം നടന്ന വള്ളത്തോള്‍ നഗര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരം സന്ദര്‍ശിക്കാന്‍ അനുവാദം തരണമെന്ന വക്കീലാന്റെ അപേക്ഷ കോടതി പരിശോധിക്കുന്നതിനിടെയാണിത്. 


വക്കാലത്ത് ഏറ്റെടുക്കുമ്പോള്‍ കേസും സംഭവവും പഠിക്കണമെന്നും സ്ഥലം സന്ദര്‍ശിക്കേണ്ടത് കോടതി അനുമതിയോടെയല്ലെന്നും സര്‍ക്കാര്‍ വക്കീല് ഈസമയം പ്രതികരിച്ചു. എന്നാല്‍ കോടതി നേരിട്ട് സ്ഥലം പരിശോധിക്കണമെന്ന് വക്കീലാന്‍ വാദിക്കുകയായിരുന്നു. 'അതിന്റെ ആവശ്യമില്ലെന്നും വേണ്ടിവന്നാല്‍ മാത്രമേ കോടതിക്ക് നേരിട്ട് പരിശോധിക്കേണ്ടൂ'വെന്നുമാണ് അപേക്ഷയില്‍ തീര്‍പ്പ്. 'മുംബൈ ഹൈക്കോടതി അജ്മല്‍ കസബിന്റെ അപേക്ഷയില്‍ സ്ഫോടനം നടന്ന സ്ഥലം കോടതി നേരിട്ട് പരിശോധിക്കാന്‍ നിശ്ചയിച്ചതായാണ്' വക്കീലാന്‍ തൃശൂരെ കോടതിയെ ബോധ്യപ്പെടുത്തിയത്. 




എന്നും കസബ് മനസ്സിലുള്ള വക്കീലാന് മുംബൈ ഭീകരാക്രമണ കേസിലെ പ്രതിഭാഗം വക്കാലത്ത് കിട്ടേണമേ എന്ന് ആരെങ്കിലും ഒരാള്‍ മുട്ടിപ്പായി പ്രാര്‍ഥിക്കാതിരിക്കില്ല.


V
I
V
I
V
I
V
I
V
I
V
I
V
I
V
I
V
I
V
I
V



ഇതുകണ്ട് ആരെങ്കിലും ആമേന്‍  പറയാതിരിക്കുകയുമില്ല!




...............................................................
.................................................