വക്കീലാണ്..ദേ കോട്ട് കണ്ടാ..
നിയമോന്നറിയേല. എന്നാലും വാദിക്കും...
സത്യംമാത്രേ പറയൂ.
.സത്യമല്ലാതൊന്നും നിങ്ങളോട് പറയേംഇല്ല
Saturday, 16 July 2011
കോടതി മൂക്കുപൊത്തി കേസെടുത്തത് ആര്‍ക്കെതിരെ?
ജില്ലാ മജിസ്ട്രേറ്റായ കലക്ടര്‍ക്കടക്കം നല്‍കിയ പരാതികള്‍ ചീഞ്ഞളിഞ്ഞെങ്കിലും അതിന്റെ ദുര്‍ഗന്ധമല്ല കലക്ടറേറ്റില്‍. വക്കീലന്‍മാരും വക്കീല്‍ ക്ളാര്‍ക്കുമാരും വക്കീലമ്മമാരും വക്കീല്‍ ക്ളാര്‍ക്കുമാരികളും വരുന്നവരും പോകുന്നവരും ജീവനക്കാരും പൊലീസുകാരുമെല്ലാം മൂത്രിച്ച് നാറ്റക്കേസാക്കിയിരിക്കുകയാണ് കലക്ടറേറ്റാകെ.
ഇപ്പറഞ്ഞ മൂത്രപ്പുര കണ്ടിട്ടുപോലുമില്ലാത്ത കലക്ടര്‍ക്കും പതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍ക്കും എതിരെ കഴിഞ്ഞ ദിവസം തൃശൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി ക്രിമിനല്‍ കേസ് എടുത്തു. 'ഗ്രീന്‍ സോള്‍ജേഴ്സ് ഓഫ് സിവില്‍സ്റ്റേഷന്‍' എന്ന സംഘടനയാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. ഇവര്‍ നല്‍കിയ പരാതികളില്‍ കലക്ടറും എഞ്ചിനീയറും നടപടിയെടുത്തില്ലത്രെ.
വെള്ളപ്പാളികളില്‍ കാര്യം സാധിക്കുന്ന കലക്ടര്‍ക്കുണ്ടോ ഇത്തരം മൂത്ര'വാസന'. എഞ്ചിനീയര്‍ക്കും വേറെ മൂത്രപ്പുരയുണ്ട്. ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് വിവാദ മൂത്രപ്പുരയില്‍ കാര്യം സാധിക്കുന്നത്. ഇന്നു കാര്യം സാധിക്കുന്നവരുടെ വകയായി നാളെ വരുന്നവര്‍ മൂക്കുപൊത്തുന്നു. ഇതാവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചൊന്നുമല്ല. മൂത്രപ്പുര വെടിപ്പാക്കാന്‍ പ്രത്യേകം ആളില്ല. അതിന്റെ ആവശ്യവുമില്ല. മൂത്രശങ്കയുള്ളവന്‍ വീട്ടിലാണെങ്കില്‍ ഇവന്‍മാരൊക്കെ ഇങ്ങനെ ചെയ്യുമോ?. ഇത്തിരി വെള്ളമെങ്കിലും ഒഴിച്ചേക്കില്ലേ?..
കലക്ടറേറ്റില്‍ താഴെ മാത്രമല്ല മൂത്രപ്പുരകളുള്ളത്. മുകളിലുമുണ്ട്. അവിടെയും സ്ഥിതി മറിച്ചല്ല. കോടതിയിലും ക്ളാര്‍ക്കുറൂമിലും കാന്റീനിലും ബാര്‍ അസോസിയേഷന്‍ ഹാളിലും ഇരിക്കാനാവാത്ത രീതിയില്‍ മണം അസഹ്യമാണ്. ഈ അവസ്ഥക്ക് കലക്ടറേറ്റിനോളം പഴക്കമുണ്ട്. ഇതിനുപരിഹാരം കാണാനായി മൂത്രപ്പുരയില്‍ ഒന്നര ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെ വെള്ളം വിടുന്നുണ്ട്. 24 മണിക്കൂറും ഇതിനുള്ളില്‍ വെള്ളമുണ്ട്. മൂത്രപ്പുരയില്‍ എത്തുന്നവര്‍ക്ക് വെള്ളം തുറക്കാന്‍ നല്ലൊരു വാള്‍വ്വും ഘടിപ്പിച്ചിട്ടുണ്ട്. സിബ്ബ് തുറക്കുന്നത്ര ബുദ്ധിമുട്ടുപോലും ഈ വാള്‍വ്വ് തുറക്കാനില്ല. എന്നിട്ടും കോടതിയെക്കൊണ്ട് കേസെടുപ്പിച്ചത് കലക്ടര്‍ക്കെതിരെ..കഷ്ടം.
സിവില്‍സ്റ്റേഷനിലെ പച്ച പട്ടാളക്കാര്‍ക്ക് ഇതെല്ലാം അറിയാം. അവര്‍ ഈ വാള്‍വ്വ് കാണുന്നവരാണ്. മൂത്രം ഒഴിച്ചിടത്ത് വെള്ളമൊഴിക്കാതെ കഴുത്തില്‍ അസോസിയേഷന്‍ ടാഗും തൂക്കി വക്കീല്‍ ക്ളാര്‍ക്കുമാര്‍ വൃത്തിക്കെട്ടവരായി ഇറങ്ങിപ്പോകുന്നത് സഹ മൂത്രമൊഴിക്കാര്‍ക്ക് കാണാനാകും.
കലക്ടറേറ്റ് പറമ്പിലെ പുല്ലുപോലും പറച്ചുകളയാത്ത പച്ചപ്പട്ടാളക്കാര്‍ക്ക് മൂത്രപ്പുര വൃത്തിയാക്കാനുള്ള മനസ്സുണ്ടാവില്ല. പത്രത്താളുകളില്‍ പേരും പടവും വരാന്‍ ഒരു സംഘടനയുണ്ടാക്കിയെന്നല്ലാതെ വേറെ എന്തുഗുണം. വായും മൂക്കും മൂടിക്കെട്ടി കോടതിക്കുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയാണ് ഇവര്‍ കലക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുപ്പിച്ചത്. കാര്യം ഇങ്ങനെയെന്നിരിക്കെ കേസ് എടുക്കേണ്ടിയിരുന്നത് ആര്‍ക്കെതിരെയാണെന്ന് ആര്‍ക്കറിയാം...
Subscribe to:
Post Comments (Atom)
No comments:
Post a Comment