വക്കീലാണ്..ദേ കോട്ട് കണ്ടാ..
നിയമോന്നറിയേല. എന്നാലും വാദിക്കും...
സത്യംമാത്രേ പറയൂ.
.സത്യമല്ലാതൊന്നും നിങ്ങളോട് പറയേംഇല്ല

Saturday, 16 July 2011

കോട്ടൂരാന്‍ കോട്ടുവീശുമ്പോള്‍ സര്‍ക്കാര്‍ വക്കീലിനൊരു പേടി

മലവവ്വാല്‍ പറക്കുംകണക്കെ വക്കീലാന്റെ കോട്ടിങ്ങനെ പാറുകയാണ്. കോടതിയിലെ പങ്കയുടെ കാറ്റുകൊണ്ടല്ല, പ്രതിയെ കുറ്റക്കാരനാക്കാനുള്ള ചില സാക്ഷികളുടെ മൊഴി കേള്‍ക്കുമ്പോള്‍. കച്ചക്കെട്ടിയിറങ്ങും ഇവന്‍മാര്. ഒന്നാംക്ളാസ് മാത്രം കണ്ടിട്ടുള്ള വയനാട്ടുകാരന്‍ മഹാലിഗത്തിനുള്ള ധൈര്യവും വിവരവും പൊലീസുകാര്‍ക്കുപോലും ഇല്ലാതായത് ഈ കോട്ട് കണ്ടിട്ടാണ്.


തമിഴനായ ഒരാളുടെ കയ്യില്‍ നിന്ന് 300രൂപക്ക് ഒരു മൊബൈല്‍ വാങ്ങിയതാണ് മഹാലിംഗത്തിന്റെ കുറ്റം. മധുരൈയിലെ വീട്ടിലേക്ക് അത്യാവശ്യമായി പോകാന്‍ കാശില്ലാതെ വിഷമിച്ചുമുന്നിലെത്തിയ ഒരു ഒറ്റക്കയ്യനെ സഹായിക്കാന്‍ വേറെ വഴിയില്ലായിരുന്നു. എല്‍ജി കമ്പനിയുടെ ഒരു കറുത്ത മൊബൈല്‍. 500 രൂപയാണ് പറഞ്ഞത്. 300 രൂപ കൊടുത്ത് ആളെ വിട്ടു. സംഗതി പൊല്ലാപ്പാണെന്ന് മഹാലിംഗം തിരിച്ചറിഞ്ഞില്ല.


അങ്ങനെ മഹാലിംഗം മുതല്‍പ്പേര്‍ കോടതി കയറി. വക്കീലാന് നാലു വര്‍ത്തമാനം പറയാന്‍ ഇരകളായി. എന്തിന് ചോദിച്ചതുതന്നെ മാറ്റിയും മറിച്ചും ചോദിച്ച് സര്‍ക്കാര്‍ വക്കീലിനെ കുഴപ്പത്തിലലാക്കുകയാണ്. സര്‍ക്കാര്‍ വക്കീലാണെങ്കില്‍ ഉടയതമ്പുരാനെ വിളിച്ച് ദിനവും സഹായം അഭ്യര്‍ഥിച്ച് നെറ്റിയില്‍ ചന്ദനം കൊണ്ട് ഭക്തിയുടെ സീല്‍പതിക്കും. വിഘ്നങ്ങളുണ്ടാവാക്കാതിരിക്കാന്‍ വിഘ്നേശ്വരനുമുന്നില്‍  നാളികേരം ഉടയ്ക്കുന്നുണ്ടോ എന്നറിയില്ല. ആളുകേമനാണെങ്കിലും ഉള്ളിലാകെ പേടിയാ; കോട്ടൂരാന്‍ കോട്ടുവീശുന്നത് കാണുമ്പോള്‍...


സര്‍ക്കാര്‍ വക്കീലന്‍മാരായാല്‍ കേസിനെ താളംതെറ്റിക്കുന്ന ചോദ്യങ്ങള്‍ക്ക് അവരസം കൊടുക്കാറില്ല. അപ്പോള്‍ക്കയറി 'ഒബ്ജക്ഷന്‍' പറയും. നമ്മുടെ സര്‍ക്കാര്‍ വക്കീല്‍ ഇടക്കുമാത്രമെ 'സംഗതി' പറയൂ. ഇതുകേട്ടപാതി വക്കീലാന്‍ കോട്ടു വീശും, കണ്ണുരുട്ടും, ഇയാള്‍..അയാള്‍..വിളികളാകും. കോടതിയെന്ന ഒരു മര്യാദയും കാണിക്കില്ല. മുംബൈയിലെ 'ഒരു ശീലം'-അല്ലാതെന്താ. മുംബൈയിലങ്ങനാ..മുംബൈയിലിങ്ങനാ..എന്നൊക്കെ ഇടക്ക് സര്‍ക്കാര്‍ വക്കീലിനോടും വീമ്പിളക്കാറുണ്ട്. എന്നാല്‍, കോട്ടുമാത്രമെ ഉള്ളൂ; അതിനകത്ത് ഒന്നുമില്ലെന്ന് വിളിച്ചുപറയുംപോലെയാണ് വിസ്താരം. എന്നിട്ടും സര്‍ക്കാര്‍ വക്കീലിന് പേടി.




സര്‍ക്കാര്‍ വക്കീല്‍ ഇടയില്‍കയറി വിസ്താരം തടസ്സപ്പെടുത്തിയാല്‍ വക്കീലാന്‍ മാത്രമല്ല, പ്രതിയും രക്ഷപ്പെടുമെന്നതാണ് നിയമത്തിലെ ഒരു വശം. കോടതികൂടി തടസ്സം ആവര്‍ത്തിച്ചാല്‍ രണ്ടിനെയും 'ഒതുക്കാന്‍' വക്കീലാന് ഒരു കടലാസ്സുമതി. വിസ്താരത്തിനിടെ നിരവധി തവണ വക്കീലാന്‍ 'ക്രോസ്സ്' നിര്‍ത്തിയെന്ന് അട്ടഹസിച്ച് കസേരയിലേക്കിരുന്നിട്ടുണ്ട്. കോടതിയെയും ഇത്തരത്തില്‍ അവഹേളിച്ച് ക്രോസ് നിര്‍ത്താനൊരുങ്ങിയ സംഭവവും നടന്നിരുന്നു. ഈ കോടതി ശരിയല്ല. ഇവിടം ഈ കേസ് നടത്തിക്കൊണ്ടുപോകാനാവില്ല, എന്നൊക്കെ ജില്ലാ കോടതിയെയോ ഹൈകോടതിയെയോ അറിയിക്കാം. വിസ്താരം നിര്‍ത്തിവക്കാനും കോടതി മാറ്റാനും ഉള്ള ഉത്തരവുണ്ടാകാന്‍ ഇതുധാരാളം. വെറുതെയല്ല, വക്കീലാന്‍ കോട്ടുവീശുന്നത് കാണുമ്പോള്‍ സര്‍ക്കാര്‍ വക്കീല്‍ ഭയക്കുന്നത്.

No comments:

Post a Comment