പീഡനത്തിനിരയായ, പെണ്‍വാണിഭത്തിനിരയായ പെണ്‍കുട്ടികളുടെ പേരും വിലാസവും ഫോട്ടോയും പത്രങ്ങളില്‍ അച്ചടിക്കരുത്. ഉണ്ടെന്ന് പറഞ്ഞത് ഒരു വക്കീലമ്മയാണ്. ക്രൂരമായി ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിന്റെ സാക്ഷി വിസ്താരം നടക്കുന്നൊരു കോടതിയിലാണ് ആരോപണം പരാതിയില്‍പൊതിഞ്ഞ് സമര്‍പ്പിച്ചത്.
വക്കീലൊരു അമ്മയായതിനാല്‍ പെണ്‍മക്കളെക്കുറിച്ചുള്ള ആവലാതിയായിരുന്നു പരാതിയിലാക്കിയത്. പരാതി നല്‍കി പുറത്തേക്കിറങ്ങിയ വക്കീലമ്മ നാലാംനാളാണ് കോടതി കയറിയത്. വായിച്ചാല്‍ തിരിയാത്ത പരാതി ആദ്യ ദിവസം തന്നെ അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു. ആവലാതിക്കാരിയെ കാണാതായപ്പോള്‍ തൊട്ടടുത്തദിവസത്തേക്കും. ഞായറും കഴിഞ്ഞ് തിങ്കളാഴ്ച ആവലാതിക്കാരിയെ കോടതിക്ക് കാണാനായി.
പീഡനത്തിനും ബലാല്‍സംഗത്തിനും ഇരയായ പെണ്‍കുട്ടികളുടെ പേര് അച്ചടിക്കുന്നത് വിലക്കണമെന്നായിരുന്നു അഭ്യര്‍ഥന. സംഭവത്തില്‍ കോടതിക്ക് സംശയം. അങ്ങനെയുണ്ടാവുമോ? അങ്ങനെ സംഭവിച്ചത് ഏത് പത്രത്തിലാണെന്നോ എന്നാണെന്നോ മറുപടി നല്‍കാന്‍ ആവലാതിക്കാരിക്കായില്ല. വിസ്താരം നടക്കുന്ന കേസില്‍ ബലാല്‍സംഗത്തിനിരയായെന്ന് പറയുന്ന പെണ്‍കുട്ടിയുടെ ഫോട്ടോയും പേരും വിലാസവുമെല്ലാം പത്രങ്ങളില്‍ നിത്യവും വരുന്നുണ്ടെന്നായി വക്കീലമ്മ. പെണ്‍കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്നായി കോടതി. ഇല്ലെന്ന് മറുപടി പറഞ്ഞതോടെ നിയമവശം വശത്തല്ലെന്ന് സ്വയം തെളിയിച്ചു. അങ്ങനെ ആ പരാതി പിന്‍വലിക്കാമെന്ന് സ്വയം തീരുമാനിച്ചു.
ദാണ്ടെ..അതേ ആവലാതിയില്‍ തന്നെ അടുത്ത ആരോപണം. കോടിക്കകത്ത് 'അധിക്രമിച്ചുകയറി' വിസ്താരവും ക്രോസ് വിസ്താരവും പകര്‍ത്തി പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത്രെ. കോടതിയും ഒന്നുഞെട്ടി. ഇവിടെ 'ഇന്‍ കാമറ' ഘടിപ്പിച്ചല്ലല്ലോ വിസ്താരം നടക്കുന്നതെന്ന് ആവലാതിക്കാരിയോടുതന്നെ ചോദിച്ചു. ഓപ്പണ്‍ കോര്‍ട്ടാണിതെന്നറിയാതെ പറഞ്ഞ പരാതിയും പിന്‍വലിച്ചു.
എന്നിട്ടും വിടാന്‍ ഭാവമില്ലാതെ വക്കീലമ്മ തൊടുത്ത അടുത്ത ശരവും. വിസ്താരവും ക്രോസ് വിസ്താരവും അശ്ളീല ചുവയോടെ എരുവുംപുളിയും ചേര്‍ത്ത് പ്രസിദ്ധീകരിക്കുകയാണ് പത്രങ്ങളെന്നായി അടുത്ത ആരോപണം. കോടതിക്ക് ചെറിയ ചിരി. നിങ്ങളാരെങ്കിലും അങ്ങനെ വല്ലതും വായിച്ചോ എന്ന് കോടതിയിലുണ്ടായിരുന്ന മറ്റു വക്കീലന്‍മാരോടാരാഞ്ഞു. ഏതെങ്കിലും ഒരു പത്രം അത്തരത്തില്‍ വാര്‍ത്ത കൊടുത്തിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ തയ്യാറാവണമെന്ന് പരാതിക്കാരിയോട് കോടതി പറഞ്ഞുനോക്കി. പത്രങ്ങള്‍ അരിച്ചുപെറുക്കി വായിച്ച് കോടതിയില്‍ കയറുന്ന വക്കീലന്‍മാരും സാക്ഷാല്‍ കോടതിയും ആരോപണത്തെ തള്ളി.
ഇതോടെ പരാതിയിലെ മറ്റൊരുഭാഗം കോടതിയില്‍ പരാമര്‍ശിക്കപ്പെട്ടു. കേട്ടാല്‍ ആളെ തേടി കല്ലെറിയില്ലെങ്കില്‍ പറയാം. പത്രങ്ങളില്‍ ഇങ്ങനെ വാര്‍ത്തകള്‍ വന്നാല്‍ 'ഭാവിയില്‍ ഉണ്ടാവുന്ന പീഡന-ബലാല്‍സംഗ കേസുകളില്‍' പരാതി പറയാന്‍ ഇരകളും ബന്ധുക്കളും മടിക്കുമെന്നാണ് വക്കീലമ്മയുടെ കണ്ടുപിടുത്തം. ഭാവിയിലും ബലാല്‍സംഗം നടക്കണമെന്നും അതും "എരുവും പുളിയും' ചേര്‍ക്കാത്ത വിധത്തിലായിരിക്കണമെന്നുമാണ് വക്കീലമ്മയുടെ അമ്മമനസ്സ് പറഞ്ഞുതരുന്നത്. ഇതെല്ലാം കേട്ട് എന്തെങ്കിലും ഒരു തീരുമാനം പറയാന്‍ കോടതിക്കുപോലും ലജ്ജയായി. എന്നാല്‍ പിന്നെ, ആ പരാതിയും 'പ്രസ്സ്' ചെയ്യുന്നില്ലെന്നായി വക്കീലമ്മ.
ഭര്‍ത്താവ് പീഡിപ്പിച്ചെന്നും ഭര്‍ത്തിവിനെ പീഡിപ്പിച്ചെന്നുമൊക്കെയായി സ്വന്തം കാര്യത്തിന് കുറേക്കാലം കുടുംബകോടതിയില്‍ കയറിയിറങ്ങേണ്ടിവന്ന വക്കീലമ്മക്ക് യഥാര്‍ഥനിയമവും മനസാക്ഷിയും മാനസികനിലയും എല്ലാം കുറയുകയാണോ ആവോ?
No comments:
Post a Comment