'പ്രശസ്ത'രേ,
ഈ കേസ് ഞാനറിഞ്ഞീല്ല കേട്ടോ
പുതിയ കേസ് നിങ്ങള്‍ മറന്നിരിക്കും. ഇന്നേക്ക് അഞ്ചുദിവസം മുമ്പാണ് സംഭവം. കേരള രാഷ്ട്രീയത്തില്‍ വി.എസ് എന്ന മഹാവൃക്ഷത്തെ പിടിച്ചുകുലുക്കിയ കേസ്. വി.എസിനെ കോലംകെടുത്താന്‍ തുനിഞ്ഞിറങ്ങിയ ലതികാ സുഭാഷെന്ന വനിതാ നേതാവ് തെരഞ്ഞെടുപ്പ് സ്പെഷലായി കൊടുത്ത കേസ് സ്വമേധയാ പിന്‍വലിച്ചതാണ് വിചാരണക്ക് വിധേയമാക്കുന്നത്.
'സ്ത്രീത്വത്തിനെ ആകെ വെല്ലുവിളിച്ച വി.എസിന്റെ തനിനിറം' കേരളീയര്‍ക്ക് മുന്നില്‍ കൊണ്ടുവരിക-അതായിരുന്നു മലമ്പുഴയിലെ തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നുയര്‍ന്നുവന്ന മുദ്രാവാക്യം. കോണ്‍ഗ്രസിലെയും ബി.ജെ.പിയിലെയും വനിതാ നേതാക്കളൊന്നടങ്കം സംഭവം ഏറ്റുപിടിച്ചു. പ്രക്ഷോഭം കൊടുങ്കാറ്റായി. ആഞ്ഞടിക്കുന്ന തിരമാലകണക്കെ വനിതാപോരാളികള്‍ കേരളത്തിലാകമാനം വി.എസ് വിരുദ്ധ പാതയില്‍ അണിചേര്‍ന്നു. ലതികാ സുഭാഷെന്ന മഹനീയ സാന്നിധ്യത്തെ മലമ്പുഴയിലെ മുക്കുംമൂലയിലും ആചാരാനുഷ്ഠാനങ്ങളില്ലാതെതന്നെ പ്രതിഷ്ഠിച്ചു.
പീഡനത്തിനിരയായി മരിച്ച ശാരി എസ്.നായരുടെ പിതാവ് നല്‍കിയ കെട്ടിവക്കാനുള്ള തുകയാണ് വി.എസിനെതിരെയുള്ള പ്രധാന 'ആയുധ'മാക്കിയത്. അത് പക്ഷെ, തുടക്കത്തിലേ തൂറ്റി. 'തെരഞ്ഞെടുപ്പിന് നില്‍ക്കുകയാണ്, പിരിവുവേണം-ഇതുപറഞ്ഞ് കുറച്ചുപേര്‍ വീട്ടിലെത്തി. ലതികയും ഉണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കളല്ലേ എന്നുകരുതി അരിവാങ്ങാന്‍ വച്ച 100 രൂപ അവര്‍ക്ക് നല്‍കി. അത് വി.എസിനെതിരെ മല്‍സരിക്കാന്‍ ആവശ്യപ്പെട്ട് ഞാന്‍ നല്‍കിയതാണെന്ന രീതിയില്‍ ലതികാ സുഭാഷും കൂട്ടരും പ്രചരിപ്പിക്കുന്നത് നീതിയല്ലെന്ന് ശാരിയുടെ അച്ഛന്‍ പറഞ്ഞത് വിനയായി. എന്നാലും വിട്ടില്ല. വി.എസ് വിരുദ്ധ വികാരമുണ്ടാക്കാന്‍ ആവോളം പ്രസംഗിച്ചു. മലമ്പുഴക്കാര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കാന്‍ പോലും മിനക്കെട്ടില്ല. മലമ്പുഴയിലേക്ക് 'ട്രെയിന്‍' കൊടുക്കാമെന്നോ വിമാനത്താവളം പണിയാമെന്നോ പറഞ്ഞില്ല. തീര്‍ത്തും വി.എസ് വിരുദ്ധ പോരാട്ടം തന്നെയായിരുന്നു.
മലമ്പുഴ വനിതകള്‍ക്കിടയില്‍ വി.എസിന്റെ 'സ്ത്രീ വിരുദ്ധ' നിലപാട് തുറന്നുകാട്ടി. 'മാന്യമായ മര്യാദയോടെ' നടക്കുന്ന സ്ത്രീകളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുകയും... ആക്ഷേപിക്കുകയും... അവഹേളിക്കുകയും... അധിക്ഷേപിക്കുകയും...പറഞ്ഞാല്‍ തീരാത്തത്രയും ക്രൂരവിനോദങ്ങള്‍ കാണിച്ച വി.എസിനെ തോല്‍പ്പിക്കാന്‍ വനിതാ വോട്ടര്‍മാര്‍ ഒറ്റക്കെട്ടാവണമെന്ന് ലതികയും സഹപ്രവര്‍ത്തകരും സമാനചിന്താഗതിക്കാരും മലമ്പുഴയില്‍ നിന്ന് ആഹ്വാനം ചെയ്തു. ആഹ്വാനം ശക്തിപ്രാപിച്ചു. കേരളമാകെ പടര്‍ന്നുപന്തലിച്ച് വന്‍ പ്രതിഷേധ മരമായി വിടര്‍ന്നു നിന്നു. നേതാവ് മലമ്പുഴയില്‍ മാത്രമല്ല, കേരളത്തിലാകെ 'പ്രശസ്ത'യായി. സംഗതി ഏശി..
വനിതകളും പുരുഷകേസരിമാരായ വോട്ടര്‍മാരും ചേര്‍ന്ന് മലമ്പുഴയില്‍ നിന്ന് വി.എസിനെ അങ്ങ് തെക്ക് അനന്തപുരിയിലേക്ക് 'ആട്ടിപ്പായിച്ചു'. ഇനി ആ സ്ത്രീവിരുദ്ധക്കിഴവന്റെ ശല്യമുണ്ടാകില്ല. അടുത്ത ഇലക്ഷനേ വരൂ. അന്നേരവും ശരിയാക്കിക്കളയാമെന്ന് ലതികക്ക് ആ നാട്ടുകാര്‍ ഉറപ്പും നല്‍കി. ലതിക സന്തോഷത്തോടെയാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. വിവാദമുണ്ടായ ശേഷം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് തനിക്ക് കിട്ടിയ പിന്തുണയാണ് ഏറ്റവും വലിയ വിധിയായി കണക്കാക്കുന്നതെന്ന് ലതിക പറഞ്ഞു. നാട്ടുകാരോടുള്ള ആദരസൂചകമായിട്ടാണ് അല്‍പ്പം വൈകിയിട്ടാണെങ്കിലും വി.എസിതിൈരെ നല്‍കിയ കേസ് പിന്‍വലിച്ചത്. എന്നാല്‍, വിവാദത്തെതുടര്‍ന്ന് വി.എസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണം പരിഗണിച്ചും അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്തുമാണ് പരാതി പിന്‍വലിക്കുന്നതെന്നാണ് കോടതിയെ ധരിപ്പിച്ചത്.
'പ്രശസ്ത' എന്ന പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനെതിരെ പാലക്കാട് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്)യിലാണ് കെ.പി.സി.സി സെക്രട്ടറി ലതികാ സുഭാഷ് കേസ് കൊടുത്തിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ലതിക, തന്നെ സ്വഭാവഹത്യ നടത്തിയ വി.എസിനെ ശിക്ഷാനിയമം 509 പ്രകാരം തുറങ്കിലടക്കണമെന്നായിരുന്നു ഹരജി.
അഞ്ച് ദിവസംമുമ്പ്, അതായത് കഴിഞ്ഞ ശനിയാഴ്ച രാവിലെ 11ന് ലതിക പാലക്കാട് കോടതിയിലെത്തി ഹരജി പിന്‍വലിക്കുന്നതായി അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മലമ്പുഴ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.എസ് ഏപ്രില്‍ അഞ്ചിന് പാലക്കാട് പ്രസ്ക്ളബില്‍ നടത്തിയ മുഖാമുഖമാണ് വിവാദമായത്. ശക്തയായ എതിരാളിയായതുകൊണ്ടാണോ മണ്ഡലത്തില്‍ സജീവമായിരിക്കുന്നത്? എന്ന ചോദ്യത്തിന് 'അവര്‍ പ്രശസ്തയാണ്. അത് ഏതുതരത്തിലാണെന്ന് നിങ്ങളന്വേഷിച്ചാല്‍ മതി' എന്നായിരുന്നു വി.എസിന്റെ മറുപടി.
വി.എസിന്റെ ഈ പരാമര്‍ശം വിവാദമാകുകയും സ്വഭാവഹത്യക്കെതിരെ ഏപ്രില്‍ ആറിന് തന്നെ ലതിക കോടതിയെ സമീപിച്ചു. തന്നെ മോശക്കാരിയായി ചിത്രീകരിച്ചും സ്ത്രീത്വത്തെ അപമാനിച്ചും വോട്ട് നേടാനുള്ള വിലകുറഞ്ഞ തന്ത്രം വി.എസ് പയറ്റിയെന്നായിരുന്നു ലതികയുടെ പരാതി. 30 വര്‍ഷമായി പൊതുപ്രവര്‍ത്തനം നടത്തുന്നയാളാണ് താനെന്നും ഭര്‍ത്താവും കുട്ടികളുമായി സന്തോഷകരമായ കുടുംബജീവിതം നടത്തുന്ന തന്നെ സ്വഭാവഹത്യ ചെയ്യാനാണ് വി.എസ് ശ്രമിച്ചതെന്നും ലതിക ചൂണ്ടിക്കാട്ടി. ലതിക കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനു നല്‍കിയ പരാതി അന്നരംതന്നെ നേരത്തെ തള്ളിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് നാളിത്രയായപ്പോഴേക്കും വി.എസിന് പ്രായമേറിയെന്ന് തിരിച്ചറിയാനുള്ള കഴിവിലൂടെയും ലതിക 'പ്രശസ്ത'യാവുകയാണ്.
.......................................................................................................
........................................................................................................